Saturday, September 15, 2018

കുട്ടനാടൻ ബ്ലോഗ്‌- ഇത്‌ സൃഷ്ടിക്കപ്പെട്ടിട്ട്‌ വർഷങ്ങൾ കഴിഞ്ഞു
ഇതേ പേര്‌ ഇപ്പോ സിനിമാ പേര്‌ ആയിക്കഴിഞ്ഞു. 
ഒരു പേര്‌‌ അനുകരിക്കുമ്പോൾ കാട്ടേണ്ട സാമാന്യ മര്യാദകളുടെ എല്ലാ പരിധിയും അവഗണിച്ചിരിക്കുന്ന ഇതേ പേരുകൊണ്ടുണ്ടാക്കിയിരിക്കുന്ന ചലചിത്രത്തിന്റെ ഉത്തരവാദപ്പെട്ട പിന്നണി പ്രവർത്തകരോട്‌ ഈയുള്ളവന്റെ ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ

Monday, March 11, 2013

കൽക്കണ്ടം കായ്ക്കുന്ന മരക്കാടുകൾ


കൽക്കണ്ടം കായ്ക്കുന്ന മരക്കാടുകൾ


തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.  
അവധിക്കാലത്ത് നാട്ടിൽ ചെല്ലുമ്പോഴുള്ള പ്രധാന അജണ്ടകൾ, കോട്ടയം ഡി സി യിലും എൻ ബി എസ്സിലും കറങ്ങി പുസ്തകങ്ങൾ വാങ്ങുക, യോജിച്ചവ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നല്‍കുക എന്നിവയാണ്.  ആദ്യം സ്കൂൾ ഓഫ് ലെറ്റേഴിൽ ചെന്ന് ഡി വിനയചന്ദ്രൻ സാറിനെ കണ്ട് ഒപ്പം കൂട്ടിയാണ് യാത്ര. പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് സാറാണ്‌ നടത്തുക. ഓരോ ചുവടിലും ഒത്തുവരാത്ത കണക്കും പിരിമുറുക്കവുമായി മരുഭൂമിയിൽ ചുറ്റിത്തിരിയുന്നതിനിടയിൽ സാഹിത്യ ത്തിന്റെയും ഭാഷയുടെയും നനവും കാലികതയും നിലനിർത്തിയിരുന്ന ജൈവസാന്നിദ്ധ്യമായിരുന്നു വിനയചന്ദ്രൻ സാർ.  അദ്ദേഹത്തിന്റെ കൂട്ട് നൂറു നൂറു പേരറിയാ ചുഴലികൾ അലറുന്ന മനസ്സെന്ന മരുഭൂമിയിലെ അപൂർവമായ ഒരു മരുപ്പച്ച.

പുസ്തകങ്ങൾ വാങ്ങാൻ ഒപ്പം സുഹൃത്തായ രാജേഷുമുണ്ടാവും. രാജേഷ് അന്ന് ഡി സി യിലെ പബ്ളിക്കേഷന്‍ മാനേജരാണ്. പിന്നീട് സ്വന്തമായി റയിന്‍ബോ ബുക്സ് എന്ന് പ്രസാധകശാല തുടങ്ങി, വലിയ മല്‍സ്യങ്ങളോട് പിടിച്ചു നില്‍ക്കാനുള്ള ശേഷിയില്ലാതെ തകര്‍ന്ന് , രണ്ടു വര്‍ഷം മുന്‍പ് അസുഖബാധിതനായി മണ്മറയുകയും ചെയ്തു. രാജേഷിനെ വിനയചന്ദ്രൻ സാറാണ്‌ പരിചയപ്പെടു ത്തിത്തന്നത്. കോട്ടയത്തേക്കു പോകും മുന്‍പ് നമുക്ക് വീട്ടിൽ പോയി വരാം എന്ന സാറിന്റെ ക്ഷണം സ്വീകരിച്ച് അരമതിലും തിണ്ണയുമൊക്കെയുള്ള ആ രണ്ടുമുറി വീട്ടിലെത്തിയ ഞങ്ങള്‍ക്ക് അദ്ദേഹം തന്റെ പുസ്തകക്കാടുകളിൽ ഒളിപ്പിച്ചുവച്ച പൊതിയെടുത്ത് കൈനിറയെ കല്‍ക്കണ്ടം തന്നാണ്‌ സ്വീകരിച്ചത്. പിന്നീട് എല്ലാ അവധിക്കാലത്തും ഞങ്ങളോടൊപ്പം രണ്ടു ദിവസം നീരേറ്റുപുറത്ത് ചെലവഴിക്കുമായിരുന്നു. ഗോപാലന്‍ നായർ എന്ന ഗോപിസാറായിരുന്നു പ്രചോദനം. തകഴിയുടെ സുഹൃത്തും പണ്ഡിതനുമായിരുന്ന അദ്ദേഹത്തെ കേള്‍ക്കുവാൻ സാറിന്‌ പ്രത്യേക താത്പര്യമുണ്ടായിരുന്നു.
 സമീപഭൂതകാലത്തെ മലയാള സാഹിത്യസംബന്ധിയായ കഥകളും വിവരങ്ങളും അദ്ദേഹം പറഞ്ഞിരിക്കും. വിനയചന്ദ്രൻ സാറിന് താത്പര്യം തോന്നാൻ കാരണം  കഥകളി സംബന്ധമായ വിഷയങ്ങളിൽ ഗോപിസാറിനുണ്ടായിരുന്ന അറിവായിരുന്നു എന്നു തന്നെ പറയാം. സാറിന്റെ സംശയങ്ങളെയും വാദങ്ങളെയും കാര്യകാരണ സഹിതം ഉദാഹരണങ്ങളും ഉദ്ധരണികളുമായി ഗോപിസാർ വിശദീകരിക്കുമ്പോൾ വിനയചന്ദ്രൻ സാറിലെ വിനീതനായ ശിഷ്യഭാവം പുനര്‍ജ്ജനിക്കുന്നത് കാണാമായിരുന്നു. രാവുകൾ മറയുന്നതറിയാതെയെത്തിയ അത്തരമൊരു പുലരിയിൽ  ഈ ഓര്‍മ്മകളെ അക്ഷരരൂപത്തിലാക്കി സൂക്ഷിക്കണം, താങ്കളുടെ മനസ്സിൽ തോന്നുന്നതെന്തായാലും അതൊന്ന് ഇതിൽ കുറിച്ചിടണം എന്നാവശ്യപ്പെട്ട് ഒരു ബുക്ക് നല്‍കി. ഗോപിസാറിൽ നിന്നു കിട്ടിയ വിവരങ്ങളെ കുങ്കുമം വാരികയിൽ അന്ന് സാർ എഴുതിയിരുന്ന പ്രതിവാര പംക്തിയിലൂടെ പലപ്പോഴും പ്രകാശിപ്പിച്ചിരുന്നു. ഇന്ന് രണ്ടുപേരും ഓര്‍മ്മകളുടേതായ ലോകത്തിലേക്ക് പിന്‍ വാങ്ങിയിരിക്കുന്നു.
ഏകാന്തതയുടെ ശൂന്യതയെ തന്റേതായ അത്മീയതകൊണ്ട് നിറച്ചാണ് ബഷീർ നമൂടെ കാലത്തിന്റെ മതാന്ധതയ്ക്ക് മരുന്നായത്. വിനയചന്ദ്രൻ സാറിന്റെ ആത്മീയമായ ചായ്‌വ് വ്യക്തിപരമായ ഏകാന്തതയ്ക്കപ്പുറം തികഞ്ഞ കാൽപ്പനികതയുമായി ചാർച്ചയുള്ളതാണ്. ക്ഷേത്രങ്ങളിൽ കവി ഭൂതകാലങ്ങളെ തേടുകയായിരുന്നു. അത് പ്രഭാവാതിശയത്തിന്റെ യായിരുന്നുവെന്ന ധാരനയൊന്നും കൂടാതെ തന്നെ. ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിനടുത്തുള്ള വ്യാസപുരം ക്ഷേത്രത്തിലും വിനയചന്ദ്രന്‍സാർ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കും. വേദവ്യാസന്‌ മറ്റൊരിടത്തും ആരാധനാലയമില്ല എന്ന് സാറു പറഞ്ഞാണ്‌ അറിഞ്ഞത്. ഒരിക്കൽ മക്കളേയും കൂട്ടി പനച്ചിക്കാവ് ദേവീക്ഷേത്രത്തിൽ പോയി അവരെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച് ' സരസ്വതീ നഭസ്തുഭ്യം വരദേ കാമരൂപിണീ ' എന്നു തുടങ്ങുന്ന ശ്ലോകം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു.
ഒമാനിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കള്‍ചചറൽ സെന്ററിന്റെ സാഹിത്യപുരസ്കാരം വിനയചന്ദ്രന്‍സാറിനു ലഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റെന്തോ സംസാരിച്ചിരുന്ന കൂട്ടത്തിൽ പെട്ടന്നു വന്ന ഒരോര്‍മ്മയായി സാർ ആ പുരസ്കാരത്തുകയുടെ ഡ്രാഫ്റ്റ് കാട്ടിക്കൊണ്ടു പറഞ്ഞു ഇതു ബാങ്കിൽ കൊടുത്തപ്പോൾ തീയതി കഴിഞ്ഞു എന്നു പറഞ്ഞ് മടക്കിത്തന്നു, എന്താ ചെയ്യാന്‍ പറ്റുക എന്ന് ! അടുത്തൂൺ പിരിഞ്ഞതിനുശേഷം വര്‍ഷങ്ങളായിട്ടും അദ്ദേഹം തന്റെ ആനുകൂല്യങ്ങൾ  പറ്റിയിരുന്നില്ല അത്രേ. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെക്കുറിച്ച് കലവറയില്ലാതെ വാചാലനാകുന്ന സാറിന് അതിന്റെ ഭാഗമായുള്ള വിധേയത്വങ്ങൾ അപരിചിതമായതാവാം കാരണം.  കാക്കക്കൂട്ടത്തിന്റെ മുഷ്കിനോടാണ് സർക്കാർ ഉദ്യോഗസ്ഥരുടെ അടിത്തറയില്ലാത്ത ഢംഭിനെ സാറ് താരതമ്യം ചെയ്തത്. അടുത്തകാലത്ത് ശിഷ്യരിൽ ആരോ മുൻ കൈയെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ ശരിയാക്കിക്കൊടുത്തതായി കേട്ടിരുന്നു.

ഒമാനിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവന്നിരുന്ന മലയാളം പ്രശ്നോത്തരിക്ക് ഒരു പുതുജീവനേകാനുള്ള സംഘാടകരുടെ താല്പര്യമായിരുന്നു  പ്രൊ. ഡി വിനയചന്ദ്രന്‍ സാറിനെ കൊണ്ടുവരിക എന്നത്. അതിനായി അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ അടുത്തയാഴ്ച സാർ മസ്കറ്റിലേക്കുവരണം എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഒമാനിലെത്തിയതിനുശേഷം ആവശ്യം അറിയിച്ചപ്പോൾ ഏതെങ്കിലും സാഹിത്യ ചര്‍ച്ചക്കായിരിക്കും എന്നാണ്‌ കരുതിയത് എന്നു പറഞ്ഞു. മലയാളവുമായി അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന വിദേശത്തെ മലയാളിക്കുട്ടികൾക്ക് ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും അടുത്തറിയാൻ കിട്ടുന്ന ഒരു സന്ദർഭം കൂടിയാണ് വാർഷികപ്രശ്നോത്തരികൾ എന്നറിഞ്ഞപ്പോൾ സാർ ഉൽസാഹിയായി. പിന്നീട് കുട്ടികൾക്കിടയിൽ അവരിലൊരാളായി നിറഞ്ഞു നിൽക്കുന്ന ഒരാളായിട്ടാണ് കവിയെ കാണുന്നത്. ആരവങ്ങളെ ' ആക്കൊമ്പത്തമ്മാനം ഈക്കൊമ്പത്തമ്മാനം' എന്ന നാടന്‍ ശീലിലൂടെ ഇളം മനസ്സുകൾ അമ്മാനമാടി. ഒമാനിലെ എല്ലാ ഇന്ത്യന്‍ സ്കൂളില്‍നിന്നുമുള്ള പ്രാതിനിധ്യമുണ്ടായിരുന്ന നിറഞ്ഞ സദസ്സിന് പുതിയ അനുഭവമായിരുന്നു അത്. ആവർത്തനവിരസമായ ചോദ്യങ്ങളും മുദ്രാഗീതങ്ങളും കൊണ്ട് മനം മടുത്ത മനസ്സുകൾ ‘അമ്മയും അറിവും  നമ്മുടെ മലയാളമാവുന്നതെങ്ങനെയെന്ന്’  തിരിച്ചറിഞ്ഞു. ഇലകൾ കൊഴിയുന്ന പഴുതിൽ മനം നിറഞ്ഞ്  അവർ ചാഞ്ചാടി. എന്റെ ചോദ്യങ്ങൾ മനസ്സിലുണ്ട് കടലാസ്സിലാക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞാണ് അത്തവണത്തെ മലയാളം പ്രശ്നോത്തരി അദ്ദേഹം അവിസ്മരണീയമാക്കിയത്.
കാടുകളും മലകളും പോലെതന്നെ സാറിന്‌ ആവേശകരമായിരുന്നു മരുഭൂമിയാത്രകളും. ഒമാനിലെ മരുത്താവളമായ വഹൈബാസാന്‍ഡ്സിൽ ചിലവഴിച്ച രാത്രി അവിസ്മരണീയമായിരുന്നു. സുഹൃത്തായ ഗഫൂറുമൊന്നിച്ച് മഞ്ഞിൽ തണുത്ത ആ മരുമണലിൽ മലര്‍ന്നുകിടന്ന് ആകാശത്തെ നോക്കുകയും നക്ഷത്രവ്യൂഹങ്ങളെ പേരുപറഞ്ഞുതന്ന് പരിചയപ്പെടുത്തുകയും നിലയും രാശികളും വിശദീകരിച്ചുതരികയും ചെയ്തപ്പോൾ കവി പ്രകൃതി നിരീക്ഷകനായിരിക്കുന്നതിന്റെ വരപ്രസാദം പകരുകയായിരുന്നു. വിദേശികളും സ്വദേശികളുമായി അവിടെയുണ്ടായിരുന്ന എല്ലാവരുടേയും ശ്രദ്ധയും അറബികളും കാപ്പിരികളും വെള്ളക്കാരുമടങ്ങിയ ആ കൂട്ടായ്മയുടെ മൊത്തം ആദരം പിടിച്ചുപറ്റുകയും അവരുടെ ആഗ്രഹമനുസരിച്ച് അവരോടൊപ്പം അവിടെയൊരുക്കിയ അഗ്നികുണ്ഡത്തിന്‌ ചുറ്റും തനിമലയാള  നാടന്‍ പാട്ടുകളുമായി ചുവടുകൾ വയ്ക്കുകയും ചെയ്തപ്പോൾ ഒരു ലോകസമൂഹത്തിലേക്ക് നമ്മൂടെ നാടന്‍ ശീലുകളെ എങ്ങനെ ലളിതമായി കാട്ടിക്കൊടുക്കാം എന്ന വിശ്വാസം കൂടിയായിരുന്നു അദ്ദേഹം കാട്ടിത്തന്നത്. ഹൃദയസംവാദമെന്നത് ഏട്ടിലെ പശുവല്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. കവികൾ എപ്പോഴും വിശ്വപൗരന്മാരാണ്.
കടമ്മനിട്ടയുടെ വിയോഗം സാറിനെ ഏറെ വേദനിപ്പിച്ചിരുന്നു. അടക്കം കാണാനുള്ള മനക്കരുത്തില്ലാതെ അദ്ദേഹം അവിടെ നിന്നും മടങ്ങുകയായിരുന്നു. സഞ്ചയനത്തിന്‌ എന്നോടൊപ്പം വരാമെന്നുപറഞ്ഞതുകൊണ്ട് ഞങ്ങൾ ഒന്നിച്ചാണ്‌ പോയത്. ശാന്തച്ചേച്ചിയുടേയും ഗീതാകൃഷ്ണന്റേയും മാത്രമായിരുന്നില്ലല്ലോ ആ വിയോഗം. ഡിസംബർ 24 -ന്‌ വീട്ടിലെ സ്വകാര്യ ചടങ്ങിന്‌ തിരുവനന്തപുരത്തുനിന്നും യാത്ര ചെയ്ത് വിനയചന്ദ്രന്‍ സാർ എത്തിയപ്പോൾ കാഴ്ചയിൽ തന്നെ അദ്ദേഹത്തിന്റെ ശാരീരിക ക്ഷീണം പ്രകടമായിരുന്നു. മടങ്ങാന്‍ നേരം എനിക്കു കൊണ്ടുപോകാൻ പായസം വേണം എന്ന് ചോദിച്ചു വാങ്ങിയപ്പോൾ ആദ്യത്തെ കൂടിക്കാഴ്ചയിൽ കനിഞ്ഞു  തന്ന കല്‍ക്കണ്ടത്തിന്റെ മധുരക്കടം തിരിച്ചുവാങ്ങലായിരുന്നോ അതെന്ന് എന്ന് സംശയിച്ചു പോകുന്നു. ഓരം പറ്റിയ ഒരു യാത്ര പൂർത്തിയാവുന്നു. സംഭാഷണത്തിനിടയ്ക്ക്  'ശുദ്ധകവിജന്മം' എന്നാണ് നരേന്ദ്രപ്രസാദ് സാർ വിനയചന്ദ്രൻ സാറിനെക്കുറിച്ചൊരിക്കൽ പറഞ്ഞത്. അതു മടങ്ങി.  ഏതു സന്ദർഭത്തിലും മറിച്ചു നോക്കാമായിരുന്ന ഒരു പുസ്തകം.

ഏത് അനുസ്മരണവും എഴുതാതെ മാറ്റി വയ്ക്കുന്ന ആത്മകഥയുടെ ബാക്കിയാണ്. എത്ര ചെറിയ ഖൺഡമായാലും അത് തെരുപ്പിടിപ്പിച്ച ഒരനുഭവത്തെയും സ്വാധീനത്തെയും കുറിച്ച് വാക്കുകളില്ലാതെ സംസാരിക്കുന്നുണ്ട്. മിച്ചം ജീവിതത്തിൽ നമുക്ക് കരുതലും തണലും നൽകിയ ഒറ്റമരക്കാടുകൾ എത്രമാത്രം നിഴൽ വീശി എത്രമാത്രം നമ്മുടെ പൊള്ളലുകളെ ആറ്റുന്നു എന്നത് പങ്കുവയ്ക്കാനാവാത്ത സ്വകാര്യാനുഭവമാണ്. ‘അത് കൽപ്പാന്തത്തിലെ പ്രളയാബ്ധി പോലെ ഉള്ളിൽ തന്നെ മുഴങ്ങട്ടെ’ എന്നു വയ്ക്കുകയേ നിവൃത്തിയുള്ളൂ.
ചാവടിയന്തിരമായി എഴുതുന്ന കവിതകളെല്ലാം കോട്ടുവായയാണെന്ന് പറഞ്ഞ് നിറഞ്ഞ് ചിരിച്ച ഒരു ചിരി, അപ്പോഴും വന്ന് വേദനിപ്പിക്കുണ്ട്. 

Friday, December 23, 2011

പാട്ടുപെട്ടി


നാലുദിവസത്തെ വലിയപെരുനാള്‍ അവധി മസ്കറ്റില്‍ ആഘോഷിച്ചതിന്‍റെ ആലസ്യത്തില്‍ സൂറിലെ ഏകാന്ത ജീവിതത്തിലേക്ക്‌ കായലരികത്ത് വലയെറിയുമ്പം  വളകിലുക്കിയ സുന്ദരിയുമായുള്ള മടക്കയാത്രയിലാണ് ഞാന്‍. യാത്രയുടെ സുഖത്തിലെക്ക് പേജറിന്‍റെ കിലുകിലുക്കം തുളഞ്ഞുകയറി. കമ്പനിയില്‍ നിന്നാണ്. അത്യാവശ്യമായി തിരിച്ചു വിളിക്കാന്‍, എന്ത് പാരയാണാവോ ... ഇബ്ര എത്താനിനിയും പത്ത് കിലോമീറ്റര്‍ വേണം നോക്കാം എന്ന് വിചാരിച്ച് വീണ്ടും പാട്ടിലേക്ക് മടങ്ങി ടെലിഫോണ്‍ ബൂത്തില്‍ നാണയമിട്ട് വിളിച്ചപ്പോള്‍ മാനേജര്‍ ജോസിന്‍റെ ശബ്ദം ആവശ്യപ്പെട്ടത് സൂറിലെക്കുള്ള യാത്ര റാസല്‍ ഹദ്ദിലേക്ക് തിരിച്ചു വിടാനാണ് . രാവിലെ അവിടെയുണ്ടാവണം. സാമായിരുന്നല്ലോ അവിടെ, എന്തുപറ്റി?.. ചോദ്യങ്ങള്‍ക്ക്‌ പ്രസക്തിയില്ല, സാമിനെ ബന്ധപ്പെടാനുംമാര്‍ഗ്ഗമില്ല. അല്‍ കാമലില്‍ നിന്ന് വലത്തേക്ക് തിരിച്ചു, ആദ്യമാണ് ഈ വഴി. മണലില്‍ ഓളപ്പരപ്പുകള്‍ തീര്‍ത്ത മണല്‍പ്പാത, ടയറിന്‍റെ ചാട്ടത്തിനൊത്ത്‌ വിറയ്ക്കുന്ന സ്റ്റിയറിങ്ങ്, ചുവന്നു തുടങ്ങിയ അന്തിവെയില്‍ പടിഞ്ഞാറും ശാന്തമായ അറബിക്കടല്‍ കിഴക്കും കണ്ടുതുടങ്ങി. പിന്നിടെപ്പോഴോ ഇടത്തേക്ക് തിരിയേണ്ട വഴി കാണാതാവുകയും അതറിയാതെ മുന്നിലുള്ള ഏക പാതയിലുടെ ഏറെ ദൂരം പോവുകയും ചെയ്തു. വഴിതെറ്റിയെന്നു മനസിലായെങ്കിലും കൂരിരുട്ടും വിജനതയും വഴി ചോദിച്ചറിയാനുള്ള അവസരവുമില്ലാതാ ക്കി. തിരിച്ചുപോകാന്‍ മാര്‍ഗമില്ലാതെ നേരെ ആരെയെങ്കിലും കാണുന്നി ടം വരെ അല്ലങ്കില്‍ വഴിയുടെ അറ്റം വരെ..അധികം വേണ്ടിവന്നില്ല, അങ്ങുദൂരെ നക്ഷത്രത്തിളക്കങ്ങള്‍ കണ്ടുതുടങ്ങി. സമാധാനമായി അതൊരു ഗ്രാമമാണ്. കടലിനോട് ചേര്‍ന്നുള്ള അല്‍അഷ്കര. പേരു കേട്ടപ്പോള്‍ മനസിലായി അവിടെയും കമ്പനിയുടെ താവളമുണ്ട്. വേറെ അധികം കമ്പനികള്‍ ഇല്ലാതിരുന്നതിനാല്‍ ആദ്യം വഴിചോദിച്ച ആള്‍ തന്നെ രാജുവിന്‍റെ സ്ഥലവും കാട്ടിത്തന്നു. നേരത്തെ കണ്ടിരുന്നില്ലങ്കിലും സഹജാവബോധത്തിന്‍റെ ആതിഥ്യം അവിസ്മരനീയമായിത്തീര്ത്തു രാജുവും സംഘവും. ചപ്പാത്തിക്കൊപ്പം തന്ന സ്പെഷ്യല്‍ ഒന്നാന്തരം മസാലയിട്ടു വറുത്തെടുത്ത ചിക്കന്‍ ചില്ലിയാണന്നു നിസംശയം ഞാന്‍ പറഞ്ഞു. രാവിലെ റാസല്‍ ഹദ്ദിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ചെവിയില്‍ പറഞ്ഞു ഇന്നലെ കൂട്ടിയത്‌ ചൂരയാണെന്ന്. മലയാളി നാവുകള്‍ക്ക് അധികം രുചിക്കാത്ത ഇനമാണു ചൂര എന്ന്‌ നാം വിളിക്കുന്ന ജപ്പാന്‍കാരുടെ ഇഷ്ടവിഭവമായ ഈ ടൂണ. എന്തായാലും ആ പുതിയ സൌഹൃദം എനിക്കേറെ അനുഭവങ്ങള്‍ നല്‍കി. നൂറു കിലോമീറ്ററോളം കടല്‍ത്തീരത്തുകൂടി തന്നെയുള്ള യാത്ര അല്‍റുവൈസ് റാസല്‍ജനുസ് മലകള്‍ കടന്നു ഉച്ചയോടെ റാസല്‍ഹദ്ദിലെത്തി. അക്കാലത്ത്‌ അത്യപൂര്‍വമായിരുന്ന മൊബൈല്‍ ഫോണിനായി അവിടെ യുണ്ടായിരുന്ന സാമുമായി അറബിച്ചെക്കന്‍ റഷീദ്‌  നടത്തിയ കൈയാങ്കളിയാണ് എന്നെ പകരക്കാരനായി സൂറില്‍ നിന്ന്‍ അവിടേക്ക്‌ എത്തിച്ചത് എന്നു മനസ്സിലായി. അവരുതമ്മില്‍ മുന്‍പും  ഇക്കാര്യത്തില്‍ അലമ്പു കൂടിയതായി സാം പറഞ്ഞിരുന്നു .ഞാന്‍ ആദ്യമേ കണ്ടതും അവനെത്തന്നെയായിരുന്നു. വളരെ മാന്യനായാണ് എന്നോടു പെരുമാറിയത്‌.. കിട്ടിയ ചവിട്ടിന്‍റെ  ഗുണമാണെന്നാണ് ഇതെപ്പറ്റി സാം പിന്നീട് പറഞ്ഞത്‌..))(...... രസകരമായ രംഗങ്ങളാണ് പിന്നിട് ഉണ്ടായത്‌... അടുത്തദിവസം രാവിലെ സാമിന്‍റെ വിളി വന്നു. അത്യാവശ്യമായി സൂറില്‍ എത്തണം. ഞാന്‍ താമസിച്ച വീട്ടില്‍ കള്ളന്‍ കയറിയിരിക്കുന്നു. ഒരു സാധനവും കാണാനില്ല!.. ഞാന്‍ പറഞ്ഞു, സാരമില്ല അധികം വിലപിടിച്ച സാധനങ്ങളൊന്നുമില്ലായിരുന്നല്ലോ. ഏതായാലും അവിടം വരെ പോയേ പറ്റൂ. അമ്പതു കിലോമീറ്റര്‍ ചെന്നാല്‍ ഏക എന്ന കടവിലെത്താം. അവിടെ കടത്തുണ്ട്. സാം അക്കരെ വണ്ടിയുമായി വന്നെടുത്തോളും. അങ്ങനെ വീണ്ടും എന്‍റെ വാസസ്ഥലത്തെത്തി. എന്‍റെതെന്നു പറയാന്‍ ഒന്നുമില്ലായിരുന്നു അവിടെ. ഒരു ഇസ്തിരിപ്പെട്ടി, രണ്ടു മൂന്നു ചെറിയ ടോര്‍ച്ചുകള്‍, ഒരു അലാറം ക്ലോക്ക്, പിന്നെ ലുങ്കി കുറച്ചു വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം വിരുതന്‍ അടിച്ചുമാറ്റി. ഒരാഴ്ച മുന്‍പ്‌ ജോലിക്കുവരാതിരുന്നതിനു പറഞ്ഞുവിട്ട ഒരു നാട്ടുകാരന്‍ ചെക്കനാണിത് ചെയ്തത് എന്നെനിക്കു മനസ്സിലായി. പോലീസില്‍ പരാതിപ്പെടാനും മാത്രമൊന്നുമില്ല. അടുത്തയിടെ ഞാന്‍ വാങ്ങിയ തോഷിബയുടെ ഒരു നല്ല സ്റ്റീരിയോ സെറ്റ്‌ അവിടെത്തന്നെയി രിക്കുന്നു ! എന്നാല്‍ സ്പിക്കറുകള്‍ കാണാനില്ല. കിട്ടിയ ബാക്കിയുമായി ഞാന്‍ മടങ്ങുമ്പോള്‍  ഞങ്ങള്‍ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാനത് വാങ്ങിയ ആദ്യ ദിവസം ആ ചെക്കന്‍ വീട്ടില്‍ വന്നിരുന്നു. ഏറെ കൌതുകത്തോടെ പുതിയ സെറ്റ്‌ കാണുകയും പാട്ടുകേള്‍ക്കുകയും ചെയ്തതാണവന്‍.. ഇതിനു നിന്‍റെ  ഭാഷയില്‍ എന്താണ് പേര് എന്ന് ചോദിച്ചപ്പോള്‍ പാട്ടുപെട്ടി എന്ന് ഞാന്‍ പറഞ്ഞുകൊടുത്തു. സ്പീക്കറില്‍ തൊട്ട് ആ പേര് അവന്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതിലൂടെയാണല്ലോ പാട്ട് വരുന്നത് അതുകൊണ്ട്‌ പാട്ടുവരാത്ത സാധനം അവനെടുത്തില്ല, അത്രേയുള്ളൂ..!. പാട്ടുപെട്ടിയില്ലാത്ത ആ തോഷിബ സെറ്റ്‌ ഇപ്പൊള്‍ നാട്ടില്‍ എന്‍റെ സൂര്‍ ജീവിത ഓര്‍മ്മകളും പേറി പൊടിപിടിച്ചിരിക്കുന്നു.

Friday, November 18, 2011

ഈ മനോഹര തീരത്ത്‌

ഈ മനോഹര തീരത്ത്‌

ഫാന്‍റം കഥയിലെ സുവര്‍ണ്ണ മണല്‍ത്തീരം - കീലാവി - അതിവിടെയാണ്  ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ നിന്നും അഞ്ഞൂറോളം കിലോമീറ്റര്‍ അകലെയായുള്ള റാസ്-അല്‍-ഹദ് എന്ന മുനമ്പ്‌ . ഈന്തപ്പനത്തോപ്പുകളുടെ നാടായ ബാനി-ബു-ഹസന്‍ , ബു-അലി ഗ്രാമങ്ങളിലൂടെ കായലോളപ്പരപ്പുകളെ ഓര്‍മ്മ പ്പെടുത്തുന്ന മണല്‍പ്പാതകള്‍ പിന്നിട്ട്  കൂറ്റന്‍ പാറക്കെട്ടുകള്‍ കാവല്‍ നില്‍ക്കുന്ന ശാന്തസുന്ദരമായ ഗ്രാമം. പാറക്കെട്ടുകളുടെ മറുവശം അറബിക്കടലിനഭിമുഖമായി നില്‍ക്കുന്നു .എണ്‍പതുകളുടെ അന്ത്യപാദങ്ങളില്‍ ഔദ്യോഗികമായി കിട്ടിയ രണ്ടു മാസക്കാല വാസം നല്‍കിയ മറക്കാനാവാത്ത ഒരുപിടി ഓര്‍മ്മകളിലൂടെ ...

ഗള്‍ഫിലെ ജീവിത ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ തനി ഗ്രാമീണത നിറഞ്ഞ ഈ നിഷ്കളങ്ക ഗ്രാമത്തില്‍ അന്ന് കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും അനധികൃതരായിരുന്നു എന്നതാണ് വാസ്തവം. ഇരുപതില്‍പ്പരം മലയാളികള്‍, മുപ്പതോളം ബംഗ്ളാദേശി കള്‍ , പിന്നെ നാട്ടുകാരായ ഗ്രാമീണരും. മല്‍സ്യ ബന്ധനമാണ് മുഖ്യതൊഴില്‍ . അരനൂറ്റാണ്ട് മുന്‍പ്‌  ബ്രിട്ടീഷുകാര്‍   ഉപേക്ഷിച്ചു പോയ നാവികത്താവളത്തിന്‍റെ അവശിഷ്ടമായ വിമാനത്താവളത്തില്‍  രണ്ടു കിലോമീറ്റര്‍ നീളമുള്ള‌‍ റണ്‍വേ, ഒരു സര്‍ക്കാര്‍ ആശുപത്രി, ഒരു സ്കൂള്‍ എന്നിവയാണ്  അവിടെയുള്ള സ്ഥാപനങ്ങള്‍ , പിന്നെ മല്‍സ്യ ബന്ധന ബോട്ടുകള്‍ വന്നടുക്കുന്ന നീണ്ട മണല്ത്തീരം 
ഭാഷാ-ദേശീയ ഭേദമില്ലാത്ത സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണമായിരുന്നു അവിടെ ആള്‍ക്കാരുടെ ജീവിതം. എല്ലാവര്ക്കും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ദാവൂദ്‌ എന്നാ ഡേവിഡ്‌ . ഡേവിഡ്‌ പോലും വിളി കേള്‍ക്കണമെങ്കില്‍ ദാവൂ ദേ..ന്നു വിളിക്കണം.
ഏക ക്ഷുരകന്‍ അശോകന്‍ , ഒരു മുറിയില്‍ ഭക്ഷണമൊരുക്കി മെസ്സ് നടത്തുന്ന മണി ,വീപ്പകളില്‍ നിറച്ച   പെട്രോള്‍ കൈ പമ്പുകൊണ്ടു കറക്കി നല്‍കുന്ന രാജന്‍ . നഗരത്തിലുള്ളവര്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്നത് ഏറെ അതിശയാത്തോടെ സംസാരിക്കും രാജന്‍ . ഇവിടെയുള്ള വിദേശികള്‍ നിയമ പാലകരുടെ പരിശോധനകളെ അതിജീവിക്കുന്നതാണ് ഏറെ രസകരം. അല്‍ കാമിലിന്‍റെ നഗര പരിധി കഴിഞ്ഞാല്‍ ഓളപ്പരപ്പുകള്‍ പോലെ കിടക്കുന്ന മണല്‍ വീഥികള്‍ മാത്രമാണ് റാസ് അല്‍ ഹദ്ദിലേക്കുള്ള കരമാര്‍ഗ്ഗ പാത. നിയമപാലകരുടെ വലിയ വാഹനങ്ങളെ അതിവേഗത്തില്‍ കടന്നു വരുന്ന സ്വദേശികള്‍ തന്നെ പരിശോധകരുടെ വരവിന്‍റെ മുന്നറിയിപ്പ്‌  നല്‍കും. ഉടന്‍ തന്നെ ഭക്ഷണവും തയാറാക്കി സമയം പോക്കാനുള്ള ചീട്ട്  തുടങ്ങിയ   അകമ്പടി സാധനങ്ങളുമായി ചെറു സംഘങ്ങളായി കടലിനഭിമുഖമായുള്ള വലിയ പാറക്കെട്ടിന്റെ മുകളിലുള്ള പ്രത്യേക സുരക്ഷിത സ്ഥാനത്തേക്ക്‌  മാറും.  പരിശോധകര്‍ മടങ്ങി എന്നുറപ്പ് വരുത്തുന്നതു വരെ അവിടെ തങ്ങും.മലമുകളിലെ അറകളില്‍ കയറിപ്പറ്റാന്‍ കഴിയാത്ത പലരെയും അവിടുത്തുകാര്‍ വീടുകള്‍ക്കുള്ളില്‍ അഭയം കൊടുക്കാറുണ്ട്. മൂക്കൊലിപ്പിച്ചു നടക്കുന്ന ചിന്നന്മാര്‍ക്ക് മുട്ടായിക്കാശു കൊടുത്ത്‌  അവരെ കണ്ടുപിടിക്കാനും പരിശോധകര്‍ മിടുക്കരാണ് . അന്നൊക്കെ വളരെ വിരളമായേ ഇത്തരം പരിശോധനകള്‍ നടക്കാറുള്ളൂ എന്നതിനാല്‍ അവിടെയുള്ള പല വിദേശികള്‍ക്കും വാഹനങ്ങള്‍ക്കും മതിയായ രേഖകളുണ്ടായിരുന്നില്ല. 
ദാവൂദായിരുന്നു എന്റെയും അന്ന ദാതാവ് . മല്‍സ്യ ബന്ധന സ്ഥലത്തുനിന്നും ഞങ്ങള്‍ക്ക്‌ സൌജന്യമായി കിട്ടുന്ന ലോബ്‌സ്ടര്‍ ആയിരുന്നു ഞങ്ങളുടെ മുഖ്യ വിഭവം. നല്ല വിലയുള്ള ഈ  കടല്‍ കൊഞ്ച്  പാചകം ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ രണ്ടുപെര്‍ക്കും പരിചയം കമ്മി  . ഒരു ദിവസം രാവിലെ കിട്ടിയ അഞ്ചാറെണ്ണം  തോടുകളഞ്ഞു കൊട്ടാളമുണ്ടാക്കി വച്ചു ദാവൂദ്‌ . കുളികഴിഞ്ഞു വന്നു നോക്കുമ്പോള്‍  മുഴുവന്‍ തിന്നുതീര്‍ ത്ത്‌ ചിറി നക്കി രസിക്കുന്ന പൂച്ചയെയാണ് കണ്ടത്‌ . അതുണ്ടാക്കിയ കഷ്ടപ്പാടും അപ്പോഴത്തെ വിശപ്പും തന്ന ദേഷ്യം തീര്‍ക്കാന്‍ ആ മാര്‍ജ്ജാര ശിരോമണി നിന്നുതന്നില്ല.
ഏറെ അനുഭവദായകമാണ്  വിശാലമായ സുവര്‍ണ്ണമണല്‍ത്തീരമുള്ള കടലില്‍ കുളി . കഥകളില്‍ കേട്ടിട്ടുള്ള ഫാന്‍റത്തിന്‍റെ കീലാവിയിലെ സുവര്‍ണ്ണ  കടല്‍ത്തീരം ഇതു തന്നെയാവാം എന്നു തോ ന്നിപ്പോവും. ഓരോ വരിയിലും ഓരോ നിറമുള്ള മണല്‍ത്തരികള്‍ കൊണ്ട് കളമെഴുതിയ  പോലെ. ഒപ്പം  ശാന്തമായ കടലും  . സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്തുനിന്നും ആസ്വദിക്കാവുന്ന ലോകത്തിലെ അപൂര്‍വ സ്ഥലങ്ങളിലോന്നാണിവിടം. നിത്യേന ഇവിടെയുള്ള കുളി അനുഭൂതികളുടെ പുതിയ ലോകത്തിലേക്ക് നമ്മെ നയിക്കും. അതിതാപ കാലാവസ്ഥയുള്ള ഇത്തരം ദേശത്ത്  അത്യുഷ്ണത്തില്‍ നിന്നുമുള്ള രക്ഷ കൂടിയാണ് കടലില്‍ കുളി.
എന്നാല്‍ ഇതൊന്നുമല്ല റാസല്‍ ഹദ്ദിനെ ശ്രദ്ധേയമാക്കുന്നത്. അത്യപൂര്‍വങ്ങളായ ഗ്രീന്‍ ടര്‍ട്ടില്‍ വിഭാഗത്തില്‍ പെടുന്ന ആമകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. ഇന്ന് ഇവിടം ലോക ടൂറിസം ഭൂപടത്തിലെ ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. ആമകള്‍ മുട്ടയിടുന്നത് ഏറെ കൌതുക കരമായ കാഴ്ചയാണ്. ഏറ്റവും ശാന്തമായി,ഏകാഗ്രമായി അവ ആ കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ ഒരു ശ അബ്ദം പോലുമുണ്ടാക്കി അവയെ അല്സൊരപ്പെടുത്തരൂതെന്ന് അവിടുത്തുകാര്‍ ഉപദേശിക്കും. ശ്രദ്ധിച്ച് നോക്കിയാല്‍ അവയുടെ കണ്ണുകളില്‍ നിന്ന് ധാരധാരയായ നീര്‍ പ്രവാഹം കാണാം. ഈറ്റുനോവിന്റെ സഹനം.
കല്‍ഫാന്‍ എന്ന തദ്ദേശി ആമ മുട്ടയിടുന്ന കുഴി കൃത്യമായി കണ്ടുപിടിക്കുന്നതില്‍ വിദഗ്ധനായി രുന്നു   ഒരേ പോലെ മൂന്നു കുഴികളുണ്ടാക്കി അതില്‍ ഏതെങ്കിലും ഒന്നിന്റെ ഒരു കോണില്‍ മാത്രമായിരിക്കും മുട്ടകള്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. കോഴിമുട്ടയെക്കാള്‍ വലിപ്പം കുറവുള്ള തോലുറക്കാത്ത മുട്ടകള്‍ . രണ്ടടിയോളം താഴ്ചയുള്ള കുഴികളില്‍ നൂറു മുതല്‍ ഇരുനൂറു വരെ മുട്ടകളുണ്ടാവും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെല്ലാം തന്നെ നിയതിയുടെ നിയോഗം പോലെ ഒരേ ദിശലക്ഷ്യമാക്കി കടലിലെക്കിറങ്ങുന്നത് താറാവ്‌ കുഞ്ഞുങ്ങളെ പാടത്തെക്കിറക്കുന്ന താരവുകാര്‍ന്റെ നിര്‍വൃതിയോടെ  നോക്കി നിന്നിട്ടുണ്ട്.അവ വിരിഞ്ഞു ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ കടല്ത്തീരമാകെ വ്യാപിച്ച് കടലില്‍ വിലയം പ്രാപിക്കുന്നതും അത്യപൂര്‍വമായ കാഴ്ചയാണ്. ഇന്ന് മദ്ധ്യ പൂര്‍വദേശത്തെ വളരെ പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമാണിവിടം. ആമകളുടെ സ്വൈരതയ്ക്ക് ഭംഗം വരാത്ത വണ്ണം  സന്ദര്‍ശനസമയവും അവയുടെ വിഹാര സ്ഥാനങ്ങളില്‍  നിന്നും ക്യത്യമായ  അകലവും സര്‍ക്കാര്‍  പാലിക്കുന്നുണ്ട് . സഞ്ചാര മാര്‍ഗം കണ്ടുപിടിക്കുന്നതിനായി അധികൃതര്‍ ആമകള്‍ക്ക്‌ ടാഗ് കെട്ടി പരീക്ഷിച്ചിട്ടുണ്ട് . പലതിനേയും ഒന്നുരണ്ടാഴ്ചകള്‍ക്കകം ഓസ്ട്രേലിയയില്‍ തിരിച്ച്ചരിഞ്ഞതായി പറഞ്ഞുകേട്ടിട്ടുണ്ട് . എന്തായാലും പ്രകൃതിയുടെ ഈ പ്രതിഭാസം ഏറെ അത്ഭുതം തന്നെയാണ്
 ഗുഡ്‌ മോര്‍ണിംഗ് പറഞ്ഞു രാവിലെ ഇംഗ്ളീഷു പറയാനെത്തുന്ന എഴുപത്തഞ്ചുകാരന്‍ മുഹമ്മദ്‌  അലി അരനൂറ്റാണ്ട് മുന്‍പ്‌ ബ്രിട്ടിഷ് വിമാനത്താവളത്തിന്റെ ഗേറ്റ്  കാവല്‍ക്കാരനായി ജോലിയില്‍ പ്രവേശിച്ചതു മുതലുള്ള ചരിത്രം എനിക്ക് കാണാപ്പാഠമായിരിക്കുന്നു.  ആ സൗഹൃദം എനിക്ക് ചുറ്റിക, സ്ക്രൂഡ്രൈവര്‍ തുടങ്ങി വിവിധ പണിയായുധങ്ങളുടെതുള്‍പ്പടെ പല    അറബി വാക്കുകളും  മനസ്സിലാക്കിത്തന്നു.
റാസല്‍ ഹദിലെ മലകള്‍ക്ക്‌ ഇടയിയിലേക്ക് കയറിക്കിടക്കുന്ന കടലിദുക്കുകളിലൂടെ എന്നെ ബോട്ടുയാത്രക്ക് കൊണ്ടുപോയിരുന്ന മജീദ്‌ ഒമാനിലെ സുല്‍താന്‍ ഖാബൂസ്‌ സര്‍വകലാശാല യിലെ ആ നാട്ടില്‍ നിന്നുള്ള ഏക വിദ്യാര്‍ഥിയായിരുന്നു.

താക്കോല്‍ വിസ്മയം..!

ആ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു എന്‍റെ വണ്ടിയുടെ താക്കോല്‍ വിസ്മയം.  അതോരത്ഭുതമായിരുന്നു . മെഴ്സിഡസ് പിക്കപ്പായിരുന്നു ഞാന്‍ ഉപയോഗിച്ചിരുന്നത് .മല്‍സ്യ ബന്ധന തൊഴിലാളികളില്‍ നിന്നും ടൂണാ,നെന്മീന്‍ മല്‍സ്യങ്ങള്‍ ശേഖരിച്ച് വിദേശങ്ങളിലേക്ക് കയറി അയക്കുന്ന സ്ഥാപനത്തിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത് . വാങ്ങിയ മല്‍സ്യങ്ങള്‍ 20 ടണ്‍ കൊള്ളുന്ന ശീതീകരണ വണ്ടിയില്‍ ശേഖരിച്ച് മസ്കടിലെക്ക് അയക്കുന്ന ഉത്തര വാദിത്വമായിരുന്നു എന്റേത് . അന്നു വന്ന വണ്ടി നിറയാനായി അടുത്ത ദിവസം കൂടി കിടക്കേണ്ടി  വന്നു. ഫ്രീസര്‍ പ്രവര്ത്തിപ്പിച്ച  ശേഷം ട്രക്ക് പൂട്ടി താക്കോല്‍ എന്റെ വണ്ടിയില്‍ വച്ചു . താക്കൊലിനോറൊപ്പം ഒരു വളയമായിരുന്നു  കീ ചെയിന്‍. സൌകര്യത്തിനുവേണ്ടി  ഞാനത്‌ എന്‍റെ വണ്ടിയുടെ എയര്‍ കണ്ടീഷനരിന്റെ കാറ്റ് വരുന്ന ഗ്രില്ലില്‍ വച്ചു. ഓളം വെട്ടുന്ന മണല്‍ വഴിയിലൂടെയുള്ള യാത്രയുടെ കുലുക്കത്തില്‍ ആ താക്കോല്‍ അഴികള്‍ക്കിടയിലൂടെ ഉള്ളിലേക്ക് വീണുപോയി. പകരം താക്കോല്‍ മസ്കടിലുള്ള ഓഫീസിലാണ് , അശ്രദ്ധ എന്‍റെതായതിനാല്‍ അവിടെ പറയാനും മേല, അറിയിച്ചാല്‍ തന്നെ വാരാന്ത അവധിയായതിനാല്‍ അടുത്ത രണ്ടു ദിവസത്തേക്ക് ഒന്നും ചെയാനാവുമായിരുന്നില്ല . ഫ്രീസറില്‍ ഉള്ള 20 ടണ്ണോളം മല്‍സ്യം ചീഞ്ഞുപോകുന്നതോടൊപ്പം അതിന്റെ വില ഞാന്‍ വഹിക്കെണ്ടിയും വരും. ഒരു വര്‍ക്ക്‌  ഷോപ്പ് പോലുമില്ലാത്ത്ത ആ കുഗ്രാമത്തില്‍ എന്തുചെയ്യണ മെന്നറിയാതെ ഞാന്‍ കുഴങ്ങി. ഏസി യുടെ പൈപ്പിലൂടെ കംപ്രസ്സരില്‍ വരെ എത്താവുന്ന താക്കോല്‍ വെളിയിലെടുക്കണമെങ്കില്‍ എന്‍ജിന്‍ ഇളക്കി ഏ സി പൈപ്പ്‌ പൊട്ടിക്കണം. മെഴ്ദീസ് കമ്പനിയിലേ അത് ചെയ്യുവാന്‍ സാധിക്കൂ. അല്ലാതെ അതിനോന്നുമുള്ള സംവിധാനങ്ങളോ സാമഗ്രികളോ പണിയറിയാവുന്നവരോ  റാസല്‍ ഹദിലോ അടുത്തുള്ള സൂറിലോ ലഭ്യമല്ല. സമീപ ദേശത്തെങ്ങാനും  ഒരു വര്‍ക്ക്ഷോപ്പ്‌ കണ്ടുപിടികാനുള്ള തിരച്ചിലില്‍ എനിക്ക് ഒരു കടല്‍ ജല ശുദ്ധീകരണശാല കുറച്ചകലെയുള്ള ഒരു ഗ്രാമപ്രദേശത്തുള്ളതായി അറിവുകിട്ടി. ഒട്ടും സമയം കളയാതെ അങ്ങോട്ട്‌ വച്ചു പിടിച്ചു. ഒറ്റപ്പെട്ട ഒരു സ്ഥാലത്ത് എന്തിന്റെയൊക്കെയോ ഒരു വര്‍ക്ക്ഷോപ്പ്‌ ആണത്. നേരെ പണിപ്പുരയിലെ ത്തി. ഒരു പാകിസ്ഥാനി ഹെല്‍പ്പര്‍ മാത്രമാനവിടുണ്ടായിരുന്നത്. പണിസാമാഗ്രികളെപ്പറ്റി പ്പോലും ആവശ്യത്തിനു വിവരമില്ലാതിരുന്ന ആ മാന്യദേഹം എന്റെ പ്രതിസന്ധി പക്ഷെ മനസ്സിലാക്കി. എന്നാല്‍ എന്ത് ചെയ്യണമെന്ന് ഒരുപിടിയുമില്ലാതിരുന്നു.ഞങ്ങള്‍ വിവിധ സാധ്യതകളെപ്പറ്റി കൂലംകക്ഷമായി ചര്‍ച്ച ചെയ്തു.ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ അവിടെ അഴിച്ച്ചിട്ടിരിക്കുന്ന ഒരു സ്പീക്കര്‍ എന്റെ ശ്രദ്ധയില്‍ പെട്ട്.അതിനുള്ളിലെ ഒരു ചെറിയ വളഞ്ഞ ഇരുമ്പുപാളി ഞാനെടുത്തു. അത് കാന്തമാണന്ന് അയാള്‍ പറഞ്ഞു. എന്റെഉള്ളില്‍ ലഡു പൊട്ടി! ഞാനതെടുത്ത് എന്റെ വണ്ടിയിലെക്കൊടി.  എ സിയുടെ ഗ്രില്ലിലൂടെ ഉള്ളിലേക്ക് അത് കടക്കുമോ എന്ന് നോക്കി. കറക്റ്റ്‌..പാകം ! ഒരു നൂല്‍ കമ്പിയില്‍ അത് ശരിക്ക് കെട്ടിത്തരുവാന്‍ പാകിസ്ഥാനിയോടു പറഞ്ഞു. അവനത് നന്നായി ചെയ്തു തന്നു. വളരെ ശ്രദ്ധയോടെ ആ കാന്തത്തിന്റെ കഷണം ഞാന്‍ ഗ്രില്ലി ലൂടെ ഉള്ളിലേക്ക്‌  ഇറക്കി. കുറെ താഴ്ന്നു ചെന്നപ്പോള്‍ എന്തിലോ തട്ടുന്നപോലെ ..ഏറെ ശ്രദ്ധയോടെ നൂല്‍ കമ്പി മുകളിലേക്ക് വലിച്ചു. എന്‍റെ അതി ശയമോ സന്തോഷമോ പറഞ്ഞരിയിക്കാവതായിരുന്നില്ല ! താക്കോല്‍ വലയം കാന്തത്തില്‍ ഒട്ടിയിരിക്കുന്നു. ആദ്യം ചെയ്തത് ആ വളയവും എസി യുടെ ഗ്രില്ലും തമ്മില്‍ നൂല്‍ കമ്പികൊണ്ട് ബന്ധിച്ചു നിര്‍ത്തുകയായിരുന്നു. അഴികല്‍ക്കിരുപുരവുമായെങ്കിലും അതെന്റെ കൈയെത്തുദൂരത്തെത്ത്തിയ ആശ്വാസം പറഞ്ഞരിയിക്കാവതല്ലായിരുന്നു. ഒരു ചവണയും കുറച്ചു കമ്പി കഷണങ്ങളുമുപയോഗിച്ച്ച് അവനെ ഞാനിപ്പുറത്താക്കി...!കമ്പനിക്കാരറി ഞ്ഞുമില്ല, എസി പൈപ്പ്‌ പോളിച്ച്ചുമില്ല ..ഏതു ശക്തിയാണ് എന്നെ അവിടെ എത്തിച്ച്ചതെന്നോ ആ കാന്തം എന്‍റെ ശ്രദ്ധയെ പിടിച്ചു നിര്ത്തിയതെന്നോ ഇനിയും വിശ ദീകരണ മില്ലാത്ത സമസ്യയായി അവശേഷിക്ക ട്ടെ.






സന്ദര്സകര്‍ക്ക് പാസ്‌

ഇംഗ്ലീഷ്‌ പറയുന്ന അഹമ്മദ്‌ ഹസന്‍
സര്‍വകലാശാല വിദ്യാര്‍ത്ഥി 
വണ്ടിയുടെ താക്കോല്‍ തിരിച്ചെടുത്തത്
വഴിതെറ്റി അല്‍ അഷ്കരയില്‍  ചെന്നത് 


Friday, August 29, 2008

ചിദംബര സ്മരണകളിലൂടെ

ചിദംബര സ്മരണകളിലൂടെ



href="http://www.kuttanadan.wordpress.com/">http://www.kuttanadan.wordpress.com/
“നാമെല്ലാവ്ം മഴയ്ക്കു കീഴിലെ മഴ മാത്രമാണ്”
‌ -പാബ്ളോ
നെരൂദ
ബാലചന്ദ്രൻ സ്നേഹപൂർവം എന്നൊപ്പിട്ടു നീട്ടിയത് ഓർമ്മപ്പെരുക്കങ്ങളുടെ ജലരഹിതമായ ചെമ്പൻ ശിരസ്സുകളിലേക്ക് വിതുമ്മിക്കൊണ്ട് ചായുന്ന മഴയുടെ പേടകമായിരുന്നു എന്ന് മനസ്സി ലാക്കിയത് പിന്നെയും കുറെ കഴിഞ്ഞിട്ടാണ്. href="http://www.flickr.com/photos/madhumuscat/2799423225/">sneharvapurvam
താഴെ വയ്ക്കാനാവാതെ ‘ചിദംബര സ്മരണകൾ’ വായിച്ചു തീർത്ത രാത്രിയിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നനവുള്ള ഓർമ്മകളുടെ ആതിഥ്യം മനസ്സിനെ ഹൃദ്യമായി ആനയിച്ചു കൊണ്ടു പോവുകയായിരുന്നു. അനുഭവത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് അറിയാവുന്നൊരാൾ ആത്മക്കുറിപ്പുകൾ എഴുതുമ്പോൾ സ്മൃതിയുടെ കരിയിലകളിൽ പരതി നാം നമ്മെത്തന്നെയാണ് വായിക്കുന്നത്. അതുകൊണ്ട് പുസ്തകത്തിന്റെ അവസാന താളും മറിച്ച് അടച്ചു വച്ചാലും ചിലതൊന്നും അവസാ നിക്കുന്നില്ല്. " href="http://www.flickr.com/photos/madhumuscat/2800270100/">chullikaduവിദൂരത്തിലെ പള്ളി മണിപോലെ, ഒരു മെഴുകുതിരിയുടെ ഉറച്ചുപോയ കണ്ണീരു പോലെ, പ്രാവിന്റെ ചിറകൊച്ചയ്ക്കൊപ്പമുള്ള കുറുകൽ പോലെ, ആകാശത്തിന്റെ മുഖപ്പിലേക്കെഴുന്ന ഇലപൊഴിയും കാലത്തിന്റെ എലുമ്പുകൾ പോലെ, ചിലതെല്ലാം മനസ്സിൽ ബാക്കിയാവുന്നു.
ബാലചന്ദ്രൻ ചുള്ളിക്കടിന്റെ ഓരോ കവിതയും തീവ്രമായ അനുഭവസംഘർഷങ്ങളുടെ ഖരപ്ര വാഹമാണ്. കവിത അനുഭവത്തിന്റെ നഗ്നവും സൂഷ്മവുമായ യാതാർഥ്യമായിരിക്കെ ഈ ഗദ്യമായ ആത്മരേഖകളുടെ രചനാപ്രേരണ എന്തായിരിക്കാം? ബാലചന്ദ്രനോടും വിജയലക്ഷ്മിയോടും ഏറെ നേരം സംസാരിച്ചിരുന്നിട്ടും എനിക്കു ചോദിക്കാനാവാതെ പോയ ഒരു ചോദ്യം ഒരുപക്ഷേ സാഹിത്യത്തിലെ വ്യവസ്ഥാപിത രൂപങ്ങളോട് എന്നും കലഹിച്ചുപോന്ന ചരിത്രമുള്ള ബാലന്റെ ആത്മാവിഷ്കാരത്തിന്റെ മറ്റൊരു ഘടന കണ്ടെത്തിയതാവാം. ഇതിനെ കാവ്യമല്ലന്നു പറയുന്നതെങ്ങിനെ ? കുട്ടനാടന്‍
, on Flickr" href="http://www.flickr.com/photos/madhumuscat/2800269342/">chulli cropped
ആത്മനിന്ദയുടേയും പശ്ചാത്താപത്തിന്റേയും തീയിലെരിഞ്ഞ ബാലന്റെ വാക്കുകൾ അശുദ്ധം മാറി നിരക്കുന്ന കലയാണ് ഈ പുസ്തകം. അഭിമാനത്തേക്കാൾ വലുതാണ് അന്നം എന്ന വിശ്വാസമൂട്ടിയ കഷ്ടദിനങ്ങളിലെ പച്ചായായ മനുഷ്യൻ മുന്നിൽ വന്നു നിൽക്കുന്നു. അയാൾ നമുക്ക് അത്ര അപരിചിതനല്ല. കടന്നു വന്ന വഴിയിലെവിടെയോ വച്ച് ഒരിക്കൽ ( അല്ലങ്കിൽ എത്രയോ തവണ) ഞാനും നിങ്ങളും ഇതുപോലെ നിസഹായനും അനാഥനുമായി നിന്നു കരഞ്ഞു പോയിട്ടുണ്ട്..! കാമവും കാപട്യവും സ്വാർത്ഥതയും ദാരിദ്ര്യവും നരജീവിതമായ വേദനയുടെ സ്വാഭാവിക പ്രകൃതികളായി ഇങ്ങനെ വെളിച്ചത്തിൽ ഇതിനു മുൻപ് എപ്പോഴെങ്കിലും വന്നു നിരന്നിട്ടുണ്ടോ എന്നു സംശയം.
കവിത, കവിതയെ തിരിച്ചറിയുന്ന ഒരു സന്ദർഭം ബാലചന്ദ്രൻ ഈ പുസ്തകത്തിൽ അനുസ്മരിക്കു ന്നുണ്ട്. എറണാകുളം മഹാരാജാസിന്റെ മുൻപിൽ മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ച് പകച്ചുനിൽക്കുന്ന ഒരു പയ്യന്റെ കാലിൽ, “സഹ്യനേക്കാൾ തലപ്പൊക്കവും നിളയേക്കാൾ ആർദ്രത യുമുള്ള ആ മേഘരൂപൻ, കവി ജന്മം ചരരാശിയിലാണന്ന് രക്തം കൊണ്ടെഴുതിയ സാക്ഷാൽ ശ്രീ കുഞ്ഞിരാമൻ നായർ, ബാലചന്ദ്രന്റെ ശരിയായ പൂർവികൻ നമസ്കരിച്ച കാഴ്ചയാണത്. കവിതയെന്ന നിത്യ കന്യകയെത്തേടി നടക്കുന്ന ആ ഭ്രഷ്ടകാമുകൻ, ബാലചന്ദ്രനെ കണ്ടയുടനേ ചോദിച്ചത് - നീ കവിതയെഴുതുമോ ‌? എന്നാണ്. തൊഴുകൈയോടെ, എന്നെ എങ്ങിനെ അറിയുമെന്ന ചോദ്യത്തിന് നിന്നെ കണ്ടാലറിയാം എന്നായിരുന്നുവത്രേ കേരളം കണ്ട എക്കാലത്തേയും വലിയ കവികളിലൊരാളായ പി കുഞ്ഞിരാമൻ നായരുടെ മറുപടി. പിന്നെയാണദ്ദേഹം ബാലന്റെ പാദങ്ങളിൽ തൊട്ടത്. കവിത, മനസ്സിന്റെ അറിയാതലങ്ങളിലാണ് ചെന്ന് അർഥനിവേദനം നിർവഹിക്കുന്നത്. കടലാസും പേനയും പുസ്തകവും അച്ചടിമഷിയും ഒന്നുമില്ലങ്കിലും കവിതയുണ്ട്, അതിന്റെ വിദ്യുത് പ്രസരമുണ്ട്, ഈ സംഭവം ഉദാഹരണം.
കവി കിടങ്ങറ ശ്രീവത്സനെ ബാലചന്ദ്രൻ അറിയുന്ന രംഗവും ഇതോടൊപ്പം ചേർത്തു വായിക്കണം. മിഷൻ ആശുപത്രിയിൽ ഭാര്യ ചികിത്സിച്ചതിന്റെ പണമടയ്ക്കാൻ നിവൃത്തിയില്ലാതെ കടം ചോദിക്കാൻ ബാബുവിന്റെ വീട്ടിൽ വരുമ്പോഴാണ് ബാലചന്ദ്രൻ അദ്ദേഹത്തെ കാണുന്നത്. ട്യൂട്ടോറിയൽ കോളേജിൽ മലയാള ഭാഷാദ്ധ്യാപനം കൊണ്ട് കിട്ടുന്ന 500 രൂപകൊണ്ട് കുടുംബത്തെ പോറ്റുന്ന പരമദരിദ്രനായ അഭിമാനി. പ്രപഞ്ചഭാവങ്ങളുടെ പരാപരകോടികളെ സമന്വയിപ്പിക്കുന്ന ബ്രഹ്മാണ്ഡഭാവനാ ബിന്ദു അലിഞ്ഞുചേർന്ന കവിത എന്നു ബാലചന്ദ്രൻ ശ്രീവത്സന്റെ കവിതയെ വിശേഷിപ്പിക്കുന്നു.
വീടും അതിന്റെ സംഗീതവും ഒന്നും നമുക്കുള്ളതല്ല എന്ന കവി സങ്കല്പത്തെക്കുറിച്ചും ബാലനെ ഴുതുമ്പോൾ കൈവശാവകാശമില്ലാത്ത ഈ ലോകത്തിൽ നിത്യദുഖത്തിനും അപമാനത്തി നുമിടയിലും ‘ ഇളവേൽക്കാൻ മാത്രം വീടു തേടുന്നവർ നമ്മൾ’ എന്ന നിസ്സംഗത കൊണ്ട് എല്ലാം സാമാന്യ വൽക്കരിക്കാനുള്ള പാകത ശ്രീവത്സൻ നേടിയിരിക്കുന്നു എന്നു നാമറിയുന്നു. ബാലൻ എഴുതുന്നു, “ജീവിക്കാൻ സൌകര്യമുള്ളവന് കവിത അലങ്കാരമാണ്, ഗതികെട്ടവന് കവിത്വം ശാപവും.”
കുട്ടനാടന്‍, on Flickr" href="http://www.flickr.com/photos/madhumuscat/2799419425/">madhavikuttyമാധവിക്കുട്ടിയുടെ വീട്ടിൽ പോയ കഥ ബാലചന്ദ്രൻ വർണ്ണിക്കുന്നത് കണ്ണീർ നനവോടെയാണ്. തീരെ പ്രതീക്ഷിക്കാത്ത ഒന്ന് എപ്പോഴും കാത്തുവയ്ക്കുന്ന ജിവിതം എന്ന മഹാത്ഭുതത്തെ ബാലചന്ദ്രറ്റ്നെ വാഗ്‌രൂപങ്ങൾ നിരന്തരം സാക്ഷ്യപ്പെടുത്തുന്നു. ‘തമിഴ് നാട്യപ്പെരുമയിൽ പുകഴ്കൊടി‘ എന്ന് ഉച്ചഭാഷിണിയിലൂടെ അഞ്ചുരുപാ കൂലിക്ക് വിളിച്ചു പറഞ്ഞു നടന്ന പയ്യൻ ഇരുപത് വർഷങ്ങൾക്കു ശേഷം അതേ നടികർ തിലകം ശിവാജി ഗണേശനോടൊപ്പം വിശാലമായ തളത്തിലിരുന്ന് തിരക്കഥാ ചർച്ച നടത്തിയതെങ്ങിനെ? വിശന്നു തളർന്ന് ഭിക്ഷക്കാരനെ പ്പോലെ കയറിച്ചെന്നപ്പോൾ സ്നേഹം കൊണ്ട് വിരുന്നൂട്ടിയ മലയാള സാഹിത്യത്തിലെ രാജകുമാരിയെപ്പറ്റി വർഷങ്ങൾക്കു ശേഷം നോബൽ അവാർഡു കമ്മിറ്റി ചെയർമാൻ ഷെൽ എസ്പ്മാർക്കിനോട് സ്വീഡിഷ് അക്കാഡമി ഹാളിൽ വച്ച് സംസാരിപ്പിച്ച ശക്തി ഏതാണ്? ഇവകളെ നിർദ്ധാരണം ചെയ്യാൻ നമുക്കു കഴിഞ്ഞെന്നു വരില്ല. അകസ്മികതകളുടെ ആകത്തു കയാണല്ലോ നാമെല്ലാം ജീവിതമെന്ന് വിളിച്ചു പോരുന്നത്. സള്ളിപ്രഥോമിനു നൽകിയതു കൊണ്ട് നഷ്ടപ്പെട്ടു പോയ അന്തസ്സ് മാധവിക്കുട്ടിക്കു കൊടുക്കുന്നതിലൂടെ അവാർഡ് കമ്മിറ്റി വീണ്ടെടുക്കട്ടെ എന്നും ബാലചന്ദ്രൻ അർഥമാക്കുന്നുണ്ടന്നു തോന്നി, ഈ ഭാഗം വായിച്ചപ്പോൾ. ഒപ്പം ഈ കഥ മറ്റൊന്നു കൂടി മുന്നിൽ വയ്ക്കുന്നു, വീണ്ടും താങ്കളിവിടെ വരാനിടയാ വട്ടെ എന്ന നോബൽ സമിതിയുടെ ചെയർമാന്റെ മുഖത്തു നോക്കി ‘ജീവിച്ചിരിക്കെ ടോൾസ്റ്റോയിക്കു കൊടുക്കാത്ത സമ്മാനം വാങ്ങാൻ താനൊരിക്കലും ഇവിടെ വരില്ല എന്ന് മുഖത്തടിച്ച പോലെ പറയാനുള്ള തന്റേടം മലയാളത്തിലെ ഒരേയൊരു ബാലചന്ദ്രനേയൂള്ളൂ എന്നതാണത്. 1990ലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്കൃതീ പുരസ്കാരം ലഭിച്ച പ്പോൾ സാഹിത്യത്തിന്റെ പേരിലുള്ള ഒരവാർഡും താൻ സ്വീകരിക്കില്ല എന്നു പറഞ്ഞ ബാലനെ ഓർമ്മ വരുന്നു.കുട്ടനാടന്‍, on Flickr" href="http://www.flickr.com/photos/madhumuscat/2799422801/">MPN അന്നാണ് ആ പുല്ലുവഴിയിലെ മഹാധിക്കാരി (എം പി നാരായണ പിള്ള) 100 രൂപയുടെ ചെക്ക് ബാലന് അയച്ചുകൊടുത്തത്. വിധേയത്വത്തിന്റെ പ്രാകൃതമായ കോലം തുള്ളലുകൾക്കിടയിൽ ഇത്തരം തൻപോരിമയൂള്ള പ്രകാശരൂപങ്ങൾ എന്തുകൊണ്ടോ നമ്മുടെ സാംസ്കാരിക രംഗത്ത് അപൂർവ്വ കാഴ്ചയാണ്.
ആൾക്കൂട്ടങ്ങളുടെ ആരവാരങ്ങളിലും ബാലന്റെ കണ്ണെത്തുന്നത് തിരസ്കൃത ദൈന്യങ്ങളി ലാണ്. ആഘോഷങ്ങൾ എല്ലാവർക്കും സമൃദ്ധമായിക്കൊള്ളണമെന്നില്ല എന്നാണല്ലോ ‘ഓർമ്മകളുടെ ഓണം‘ എന്ന കവിതയിലും ബാലൻ പറയുന്നത്, ഐശ്വര്യമായ ഓണത്തിന്റെ പിന്നാമ്പുറമാണ് ‘ഇരന്നുണ്ട ഓണത്തിൽ’. തിരുവോണദിവസം തരക്കേടില്ലാത്ത ഒരു വീട്ടിൽ കയറിച്ചെന്നു വിശക്കുന്നു എന്നു പറഞ്ഞ ബലനെ, അവിടുത്തെ വാത്സല്യ നിധിയായ വൃദ്ധ അവിയലും സാമ്പാറും പുളിശേരിയും ചേർത്ത് നിറച്ചൂട്ടിയത്, ആ വീട്ടിലെ പെൺകുട്ടി, ഇത് ഭിക്ഷക്കാരനല്ലന്നും കടമ്മനിട്ടയോടും സുഗതകുമാരിയോടും ഒപ്പം കോളേജിൽ കവിത ചൊല്ലാൻ വന്ന ബാലചന്ദ്രൻ ചുള്ളിക്കടാണിത് എന്നും തിരിച്ചറിഞ്ഞത്, ആരേയും നോക്കാ‍തെ തല കുനിച്ചിരുന്ന് മുഴുവൻ ഉണ്ട്, കിണ്ടിയിൽ നിന്ന് ജലമെടുത്ത് തളിച്ച് ഇരുന്ന സ്ഥലം ശുദ്ധീകരിച്ച് ഇറങ്ങിപ്പോന്നത്. മനുഷ്യന്റെ പ്രാഥമികമായ ആവശ്യം അന്നമാണന്നത് (അന്നം എ ന്ന കവിത ബ്രഹ്മാണ്ഡത്തെത്തന്നെ ഭക്ഷണമായി കല്പിക്കുന്നു, കാലം ഒരു പിളർന്ന വായും) ബാലൻ നിരന്തരം ആവർത്തിക്കുന്ന സത്യമാണ്. ജീവിതവുമായി നൂൽബന്ധമില്ലാത്ത സിദ്ധാന്തങ്ങൾ പുകപോലെ തൂങ്ങിനിൽക്കുന്ന മസ്തിഷ്കങ്ങളുമായി ശ്വസിച്ചു ജീവിക്കുന്ന സത്വങ്ങളിൽ നിന്നും ബാലചന്ദ്രനെ മാറ്റി നിർത്തുന്ന ഭൂമിക ഇതാകുന്നു, തീവ്രമായ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുമാണ് ബാലൻ കവിതയ്ക്കുള്ള വാരിയല്ലുകൾ വലിച്ചൂരുന്നത്.
പ്രവാസ ജീവിതം കഴിഞ്ഞ് മിച്ചമുള്ളതുമായി നാട്ടിൽ തിരിച്ചെത്തുന്നവരുടെ (‘റിട്ടേണി’ എന്നൊരോമന പദമുണ്ട് ഇവർക്ക് ഇംഗ്ളീഷിൽ) ദുരന്തങ്ങളെ പരോക്ഷമായി ചിത്രീകരിക്കുന്നുണ്ട് ഭ്രാന്തനിൽ, സിംഗപ്പൂരിൽ നിന്നും മടങ്ങിയ കുട്ടിക്കലത്ത് ഇംഗ്ളീഷ് പുസ്തകങ്ങളുടെ
ലോകത്ത് ബാലനെ എത്തിച്ച മോഹനനെ, അനാഥനും ഭ്രാന്തനുമായി ബസ്റ്റാന്റിൽ വച്ച് വർഷ ങ്ങൾക്കു ശേഷം കണ്ടുമുട്ടുന്ന കഥ സമൂഹമനസ്സാക്ഷിക്കു നേരേ ഒരുപാടു കല്ലുകൾ കരുതി വയ്ക്കുന്നു. പ്രവാസിയാണന്നതുകൊണ്ടു മാത്രമല്ല ഈ കഥ എനിക്കു നോവുന്നത്, നീരേറ്റുപുറ ത്തെ ഗോപാലപിള്ളച്ചേട്ടന്റെ മകൻ ജയന്റെ കഥ തന്നെയ്ല്ലേ ബാലൻ, മോഹനൻ എന്ന പേരിൽ പറഞ്ഞത് എന്ന് അപരാധത്തോടെ ഞാൻ സംശയിച്ചുപോയി. അല്ല അവ ഒന്നാകാൻ വഴിയില്ല. വാക്കുകളുടെ ഈ തേജോരൂപിയായ മഴ നമ്മുടെ ഒരോരുത്തരുടേയും ഉള്ളിലെ ഊഷരഭൂവിൽ സുപ്താവസ്ഥയിലുള്ള സ്മരണയുടെ വിത്തുകളെ കുലുക്കി ഉണർത്തുന്നതാണ്, മരവിപ്പിൽ നിന്ന് ജീവചൈതന്യത്തിലേക്ക ക്ഷണിക്കുന്നതാണ്. ഉന്മാദവും ഭയവും അസ്വാസ്ത്ത്യവും കാമവും സ്വാഭാവികം എന്ന് മനുഷ്യ ജീവിതത്തിന്റെ നിവൃത്തികേടുകളെ തിരിച്ചറിയുന്നതാണ്. പൊങ്ങച്ചങ്ങളും മുഖം മൂടികളും മാറ്റിവച്ചാൽ ഷേൿസ്പിയർ പറഞ്ഞതു പോലെ ‘ ഓരോ മനുഷ്യന്റെയുള്ളിലും കുഴിച്ചു മൂടേണ്ടതായ ഒരു രാത്രിയുണ്ട്, പെയ്തു തീരേണ്ടതായ ഒരു മഴയും‘. പുസ്തകം വായിച്ചു കഴിഞ്ഞിട്ടും ഏറ്റുവാങ്ങാനാളില്ലാതെ ബാക്കിയാവുന്ന ചോദ്യം പോലെ പിന്നെയും പിന്നെയും അവശേഷിക്കുന്നത്, നമുക്കായി ജീവിതം പാത്തുവയ്ക്കുന്ന ഈ ഋതു സ്വരങ്ങളുടെ നിലയ്ക്കാത്ത അനുരണനങ്ങളാവാം
**************

ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ

ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ

Saturday, July 5, 2008

കുട്ടനാടന്‍: ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ

ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ:


‘ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെറുമൊരു സാധാരണ കർഷകൻ - എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകൾ തന്നെ അതു വിളിച്ചു പറയും മലയാളത്തിലെ തലമുറകളുടെ കഥപറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഓക്ടേവിയാ പാസിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടനാടിന്റെ ഇതിഹാസകാരൻ - അടിയാളരുടെ ജീവിതം കഥ കെട്ടിയ ആ വല്യമ്പ്രാൻ - പറഞ്ഞതാണിത്.
പമ്പയും പോഷകനദികളും ചേർന്ന് കുട്ടനാട്ടിലെത്തുമ്പോൾ അത് പൂക്കൈതയാവുന്നു. (പൂക്കൈതയാറി ന്റെ അഗാധതയിൽ കാലുകളിറക്കി ഇന്നവിടെ പാലം വന്നുകഴിഞ്ഞൂ). തുള്ളൽകഥകളിലൂടെ മലയാളത്തിന് കുഞ്ചൻ നമ്പ്യാർ ഒരു യുഗം സൃഷ്ടിച്ച തകഴി ധർമ്മശാസ്താ ക്ഷേത്രവും തുള്ളലും പടയണിയും കഥകളിയും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. (പഴയ കുഞ്ചൻ മഠത്തിന്റെ സ്ഥാനത്ത് ഇന്ന് ട്യൂട്ടോറിയൽ കോളേജാണ്, നമ്പ്യാർ അമ്പലപ്പുഴയിലേക്കും ചേക്കേറിയിരുന്നു.) കാർഷികവൃത്തിയുടെ സാഹസികതയിൽ ഞാറ്റടിപ്പാട്ടുകളുടെ ഈണവും താളവും പശ്ചത്തലമൊരുക്കുന്ന കുട്ടനാടൻ കാർഷികതയിലേക്ക് കൊയ്യാപ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റേയും പാർവതിയുടേയും മകനായി 1912ഏപ്രിൽ 17ന് ശിവശങ്കരൻ ജനിച്ചു. വെറും നാലു വർഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കു പോലെയും ലാറ്റിൻ പോലെയും തന്നെ അന്യമായിരുന്നു. കഥ പറയാൻ വ്യാകരണം വേണ്ട, അതൊക്കെ ഭാഷാ പണ്ഡിതർക്കുള്ളതാണന്നുള്ള തന്റെ വിശ്വാസം അവസാനം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ സഹപാഠിയായ ഒരു പെൺകുട്ടിയോടു തോന്നിയ ആരാധാനയാണ് ആദ്യരചന..! എന്നാൽ ആ കുട്ടിയിൽ നിന്ന് അതിനു ലഭിച്ച അഭിനന്ദനമാണ് ഏറെ പ്രചോദനമായത്. തുടർന്ന് കഥയെഴുത്ത് തകൃതിയിലായി. എൻ എസ്സ് എസ്സിന്റെ മുഖപത്രമായ സർവീസിൽ വന്ന ‘സാധുപെണ്ണ്’' ആണ് ആദ്യം അച്ചടിമഷി പുരണ്ട കഥ. കേസരി ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലുള്ള പ്രബോധനമായിരുന്നു പിന്നീട് പ്രചോദനം. സ്കൂൾ ഫൈനലിനു ശേഷം രണ്ടു വർഷത്തെ പ്ളീഡർഷിപ്പിനു ചേർന്നു മജിസ്ട്രേട്ടു കോടതിയിൽ പ്രാക്ടീസിനുള്ള യോഗ്യത നേടി. തിരുവനന്തപുരത്തു താമസിച്ച ഈ കാലയളവിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായി അടുത്തിട പഴകുവാനു ള്ള അവസരമുണ്ടായി. കെ. ശിവശങ്കരപ്പിള്ള എന്ന പേർ ആനുകാലിക ങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളപ്പൊക്കത്തിൽ, ഒരു സാധാരണ തൂക്കിക്കൊല, സ്ഥലം മാറ്റം, മുതലായവ ആദ്യ കാല കൃതികളാണ്. ത്യാഗത്തിന്റെ പ്രതിഫലം എന്ന ആദ്യ നോവൽ 1933-ൽ പുറത്തുവന്നു. ഈ വി കൃഷ്ണപിള്ള യുടെ അവതാരികയോടു കൂടി പതിതപങ്കജം, തുടർന്ന് ആദ്യ കഥാ സമാഹാരം ‘ പുതുമലർ’ -1935ൽ.
ഒരു ദിവസം അച്ഛൻ വീട്ടിലേക്കു വിളിച്ചുവരുത്തി ‘ ഡാ, നാരായണപിള്ളയുടെ അനന്തിരവൾ ഒരു പെണ്ണുണ്ട്, അവളും നീയുമായുള്ള സംബന്ധം നിശ്ചയിച്ചു എന്നു പറഞ്ഞു. അമ്മയും പറഞ്ഞു നല്ല പെണ്ണാണ്, കാത്ത ജീവിത സഖിയായി.
രാജകീയ പ്രണയങ്ങളും കുബേര പ്രേമങ്ങളും തകർത്താടിയിരുന്ന മലയാള കഥാലോകത്തിലേക്ക് തോ ട്ടിച്ചിയുടേയും തോട്ടിയുടേയും പവിത്രപ്രേമത്തെ കൈപിടിച്ചു കൊണ്ടുവരാനുള്ള പ്രചോദനം
ആലപ്പുഴയിലെ വക്കീൽ ഗുമസ്തപ്പണിയാണ് നൽകിയത്. ചന്ദ്രികാചർച്ചിതമായ രാത്രിയിൽ പ്രേമ സംഗമങ്ങൾ നടത്തിയിരുന്ന മന്ത്രികുമാരനും രാജകുമാരിക്കും പകരം നൈറ്റ് സോയിൽ ഡിപ്പോയിൽ വച്ചുള്ള ഒരു തോട്ടി-തോട്ടിച്ചി പ്രണയം, തോട്ടിയായ ചുടലമുത്തു വള്ളിയെ ആശ്‌ളേഷിക്കുന്നത് അങ്ങനെയാണ് അനുവാചക ഹൃദയങ്ങളിലേക്ക് തരംഗമായെത്തിയത്. നിത്യ വ്യവഹാരങ്ങളിൽ സാക്ഷിയാകേണ്ടി വന്ന അനേകം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 1947-ൽ തോട്ടിയുടെ മകൻ നോവലായിറങ്ങിയത്.
ഉഴവുപാട്ടും തേക്കുപാട്ടും കളപറിപ്പാട്ടും കൊയ്ത്തുമെതിപ്പാട്ടുകളും താരാട്ടുപാടി വളർത്തിയ കുട്ടനാടൻ ബാല്യങ്ങളുടേയും പത്തിനൊന്നു പതം കൊണ്ടുമാത്രം ആണ്ടുകാലം അരവയർ പിഴയ്ക്കേണ്ടു ന്നഅടിയാള കുടുംബങ്ങളുടേയും അടിയാളത്തിയുടെ ഒട്ടിയ വയറിൽ മേലാള-തമ്പ്രാക്കളുടെ വിളയാട്ടങ്ങളുടേയും കഥയുമായി രണ്ടിടങ്ങഴി പുറത്തിറങ്ങുമ്പോൾ അതൊരു സാമൂഹിക പരിവർത്തനത്തിനുള്ള കാഹളം കൂടിയായിരുന്നു. കൃഷി ഭൂമി കർഷകന് എന്ന അ വബോധം ആദ്യം ഉയർത്തിയതും പത്തിനൊന്നു പതം ലഭിച്ചിരുന്നിടത്ത് എട്ടിനൊന്നുപതവും നാലിനൊന്നു തീർപ്പും എന്ന ആ വശ്യവും ഉന്നയിക്കാനുള്ള ആത്മധൈര്യവും അടിയാളർക്ക് പകരാൻ 1948-ൽ ഇറങ്ങിയ രണ്ടിടങ്ങഴിയും പ്രേരണയായി. പ്രഭാതം മുതൽ പ്രദോഷം വരെ പാടശേഖരങ്ങളിൽ ചോര നീരാക്കുന്ന പുലയന്റേയും പറയന്റേയും ആകുലതകൾക്കും അല്പസന്തോഷങ്ങൾക്കുമൊപ്പം കാർഷിക രംഗത്ത് അനിവാര്യമായിരുന്ന വിപ്‌ളവത്തിന്റെ വിത്തും അങ്ങിനെ വിതക്കപ്പെടുകയായിരുന്നു.
തലയോട്, തെണ്ടിവർഗ്ഗം, അവന്റെ സ്മരണകൾ എന്നീകഥകൾക്കു ശേഷമാണ് ചെമ്മീൻ - ന്റെ ചാകര വരവ്. അമ്പലപ്പുഴ വിദ്യാർത്ഥിയായിരുന്ന കാലം സഹപാഠികളുടെ അരയക്കുടിയിൽ നിന്നും ലഭിച്ച അടിസ്ഥാന അറിവുകളുടെ ഓര്‍മ്മക്കീറുകളും വക്കീലായപ്പോൾ കൈകാര്യം ചെയ്യേണ്ടിവന്ന അരയന്മാരുടെ കേസുകെട്ടുകളും കടലമ്മ എന്ന അപാര ശാക്തിക ബിംബവും നല്കിയ ഉർജ്ജത്തിൽ നിന്നാണ് ചെമ്മീൻ രൂപം കൊണ്ടത്. കടലമ്മ ഒരു ദേവതയായി അരയന്റെ മനസ്സിൽ കുടികൊള്ളുന്നു. അവന്റെ നിത്യസത്യങ്ങളും ജീവതവ്യഥകളുമെല്ലാം അവിടെയാണ് സമർപ്പിക്കപ്പെടുന്നത്. അലൌകികമായ പരിവേഷത്തോടെ ആ അമ്മ എല്ലാ അരയക്കുടികളേയും സംരക്ഷിച്ചുപോരുന്നു. ആ വിശ്വാസം തന്നെയാണ് തോണിയിൽ പുറംകടലിൽ പോണ അരയന്റെ ജീവൻ കുടിയിലുള്ള അരയത്തിയുടെ വിശുദ്ധിയിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത് എന്നത്. കറുത്തമ്മയും പളനിയും പരീക്കുട്ടിയും ചെമ്പങ്കുഞ്ഞും നമുക്കു കാട്ടിത്തരുന്നതും മറ്റൊന്നല്ല. 1956-ൽ ചെമ്മീൻ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം കരസ്തമാക്കി. ലോകഭാഷകളിലേക്കു മൊഴിമാറ്റം നടത്താൻ യുനെസ്-കോ ചെമ്മീൻ തെരഞ്ഞെടുത്തു. പതിനാലു ലോകഭാഷകളിലും എല്ലാ ഇന്ത്യൻ ഭാഷകളിലും ചെമ്മീൻ വിവർത്തനം ചെയ്യപ്പെട്ടു. രാമു കാര്യാട്ട് സം വിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമ രാഷ്ടപതിയുടെ സ്വർണ്ണമെഡൽ നേടി.
ഏറെ കാലിക പ്രസക്തിയുള്ള കഥയുമായാണ് തുടർന്ന് ഏണിപ്പടികൾ എത്തിയത് തൊഴിലിലെ അഭിവൃദ്ധിയുടെ പടവുകൾ താണ്ടിക്കയറാൻ എന്തു കൂത്സിതതന്ത്രവും പ്രയോഗിക്കാൻ മടിക്കാത്ത സർക്കാർ ജീവനക്കാരൻ ഇന്ന് സർവസാധാരണ കാഴ്ചയാണ്. എല്ലാ മൂല്യങ്ങളും അരിഞ്ഞുതള്ളി തന്റെ ലക്ഷ്യത്തിലെത്താൻ കച്ചകെട്ടിയിറങ്ങിയ സർക്കാർ ഗുമസ്തൻ ഔദ്യോഗികമായി പരമോന്നതിയിലെത്തിയിട്ടും ഏണിപ്പടികളിലെ കേശവപിള്ളയ്ക്കു വീണ്ടും മുന്നിൽ ശൂന്യതമാത്രമാണ് അവശേഷിച്ചത്.
കയർ എന്ന ഇതിഹാസം - മനുഷ്യനും മണ്ണുമായുള്ള അഗാധ ബന്ധത്തിന്റെയും എല്ലാ മാറ്റങ്ങളേയും അറിഞ്ഞുൾക്കൊള്ളുന്ന കാലത്തിന്റേയും സമന്വയമാണ് ഇതിവൃത്തം. രണ്ടര നൂറ്റാണ്ടു കാലം, ആറ് തലമുറകൾ, നായകനും നായികയും സമൂഹവും മണ്ണുമാണ്. മോഹവും മോഹഭംഗങ്ങളും ആനന്ദവും ദുഖവും ആശയും നിരാശയും, കുടിയേറ്റവും അധിനിവേശവും ജന്മി മുതലാളിത്തത്തിന്റെ ഭീകരവാഴ്ചയും തൊഴിലാളിവർഗ്ഗം അനുഭവിച്ച അടിച്ചമർത്തലുകളും ഉയർത്തെഴുനേല്പുകളും കൂടിക്കുഴഞ്ഞ ആറില്പരം തലമുറകളെക്കണ്ട ഒരു ദേശ ത്തിന്റെ കാലിക പരിണാമങ്ങളുടെ ആഖ്യായികയാണ് ഈ ഇതിഹാസ സമാനമായ രചന. ഭൂമി അളന്നുതിരിച്ചു തിട്ടപ്പെടുത്തുന്ന ക് ളാസ്സിഫയർ എന്ന ക്ളാസിപ്പേരുടെ വരവറിയിച്ചുകൊണ്ടു തുടങ്ങുന്ന കയർ, നാഗംപിള്ളയും ഔതയും പെണ്ണു ങ്ങളുടെ സൌന്ദര്യപ്പിണക്കങ്ങൾ വരുത്തുന്ന വിനയും ആദ്യ സ്കൂളിന്റെ വരവും തമിഴ് ബ്രാഹ്മണരുടെ അധിനിവേശവും( പിന്നീട് മങ്കൊമ്പ് സ്വാമിയെന്നറിയപ്പടുന്ന ജന്മിയുടെ മുൻ‌ഗാമികൾ) വിപ്ളവകാരിയായ വെടിപ്പുരക്കൽ കുഞ്ഞൻ നായരും, ഖാദി, തപാൽ, രാഷ്ട്രീയം, കോൺഗ്രസ്സ്, വൈക്കം സത്യാഗ്രഹം, പുന്നപ്ര വയലാറും സ്വാതന്ത്ര്യ ലബ്ധിയും, മന്നത്തു പത്മനാഭനും എൻ എസ്സ് എസ്സും വരെയെത്തുമ്പോഴേക്കും ആരും ഒന്നുമാകുന്നി ല്ലന്നും എങ്ങുമെത്തുന്നില്ലന്നും എല്ലാം കാലഗതിയിൽ വിലയം പ്രാപിക്കുന്ന അനുഭവ ചരിത്രമാവുമ്പോഴേക്കും പൂക്കൈതയാറിലൂടെ ഒരുപാടു ജലം കുട്ടനാടിനെ കഴുകി വേമ്പനാട്ടുകായലിലൂടെ അലയാഴിയുടെ അഘാതതയിലേക്ക് ഒഴുകിപ്പോയിരുന്നു.
സോവിയറ്റ് ലാൻഡ് അവാർഡ്, വയലാർ അവാർഡ്, 1985-ൽ ജ്ഞാനപീഠം.... ഒരു മലയാളി എഴുത്തുകാരന് തന്റെ കാലത്തു നിലവിലുള്ള പരമാവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങാൻ തക്ക ഭാഗ്യജന്മത്തിന്റെ തമ്പുരാൻ കാലയവനികക്കുള്ളിലിരുന്ന് ഇനിയും ബാക്കിവച്ചുപോയ തുടർക്കഥ സൃഷ്ടിക്കുകയാവാം.





http://flickr.com/groups/kearala_clicks/discuss/72157605925891321/

Monday, June 16, 2008

സേതു നല്‍കുന്ന - അടയാളങ്ങള്‍

'രാവും പകലും മാറി മാറി വീഴേണ്ട ജീവിതത്തിൽ വേണ്ടാത്ത സംശയങ്ങൾ ഒഴിവാക്കുകയാവും ഭേദം'.

ഓരോ സൃഷ്ടിയും സമൂഹത്തിലേക്ക്‌ ഒരു സന്ദേശത്തിന്റെ കൈചൂണ്ടി കൂടിയാവണം. ഒരമ്മ മകൾക്കു നൽ കുന്ന സാരോപദേശത്തിലുപരി സാംസ്കാരികതയുടെ വിവിധ തലങ്ങളെത്തന്നെ ഉഴുതു മറിക്കാൻ പര്യാപ്തമാകാവുന്ന രംഗങ്ങൾക്ക്‌ തടയിടാൻ പാകത്തിൽ ഇത്തരമൊരുപദേശത്തിന്‌ ശക്തമാകാൻ കഴിയുമെങ്കിൽ അവിടെ ഒരു രചയിതാവിന്‌ കൃതാർത്ഥത അനുഭവിക്കാം. ഒരു വ്യക്തിക്ക്‌ - അത്‌ കഥാകൃത്തായാലും സാധാരണക്കാര നായാലും - സ്വന്തം ഭാവനാസൃഷ്ടിയെ നേരിട്ട്‌, താൻ നൽകിയ രൂപ-ഭാവത്തനിമകളോടെ കണ്മു ന്നിൽ കാണാനാവുന്ന ആ അസുലഭ മുഹുർത്തത്തിന്റെ അതിശയകരമായ ഒരാവിഷ്കാരം നടത്തിയിരിക്കുന്നു.

രേവതി - അടയാളങ്ങളിലെ മുഖ്യകഥാപാത്രമായ പ്രിയംവദയുടെ ഭാവനയിൽ ഉടലെടുത്ത നിവേ ദിതയുടെ ജീവനുള്ള അവതാരം. ലാളിത്യമാർന്ന ഭാഷയുടെ അനർഗ്ഗള മായ പ്രവാഹത്തിന്‌ സർഗ്ഗധനനായ ഒരു രചയിതാവിന്‌ യാതൊന്നും തടസ്സമാവില്ല എന്നതിന്‌ ശ്രീ സേതു വിന്റെ 'അടയാളങ്ങൾ' സാക്ഷ്യം.

മാതൃത്വത്തിന്റെ സകല വൈഷ മ്യങ്ങളും കണ്ടു വളർന്ന തന്റെ ബാല്യം നൽകിയ അനുഭവമാണ്‌ രേവതിക്ക്‌ പത്തമ്മ ചമഞ്ഞാലും ഒരച്ഛനാവൻ പറ്റില്ല എന്ന സത്യം. സർവ്വം സഹയായ ഭൂമിദേവിയുടെ ക്ഷമയോടെ സകല ദു:ഖങ്ങളും ഉള്ളിൽ നീറ്റിയ ഒരമ്മയുടെ മകൾ, സ്വന്തം അച്ഛന്റെ കഥ, ഏട്ടന്റെ കഥ, എല്ലാം ഒരു മുനിയാണ്ടിയിൽ കണ്ടെ ത്തിയപ്പോൾ ആരും അറിയപ്പെടാതെ കിടന്ന മറ്റൊരു സമസ്യയിൽ നിന്ന്‌ കഥാബീജത്തെ കണ്ടെടുക്കാനുള്ള യാത്രയായിരുന്നു രേവതിയുടേത്‌.

സ്ത്രീശാക്തികതയുടെ കഥകൾക്ക്‌ ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ അത്തരമൊരു കഥാപാത്ര ത്തെ കേന്ദ്രീകരിച്ച്‌ ഒരു സമൂഹത്തെ മുഴുവനോടെ വിഴുങ്ങാൻ വായ പിളർന്നെത്തുന്ന വമ്പന്മാരുടെ പ്രവർ ത്തനശൈലിയുടെ ആവിഷ്കാരം കൂടി നമുക്കിവിടെ അനുഭവിക്കാം. (അധിനി വേശം എന്നത്‌ സർവ്വസാധാരണമായ പദപ്രയോഗമാകുന്നതിന്‌ എത്രയോ മുൻപു തന്നെ തന്റെ പാണ്ഡവപുര ത്തിൽ, ശാന്തസുന്ദരമായ ഒരു ഗ്രാമീണകാർഷികതയിലേക്ക്‌ കടന്നുകയറ്റം നടത്തിയ വ്യവസായികതയുടെ ചിത്രം വരച്ചു കാട്ടിയിരുന്നു. അന്ന്‌ ആഗോളവല്‍കരണവും അധിനിവേശവും അന്യമായിരുന്നതിനാലാകാം പാണ്ഡവപുര ത്തിൽ അതത്ര ശ്രദ്ധിക്കപ്പെടാതെ പോയത്‌. അതിന്റെ ഒരാവിഷ്ക രണം 'അടയാളങ്ങ'ളിൽ മീനാക്ഷിപ്പാളയത്തിലൂടെ പുനർജ്ജനിക്കുന്നു എന്നും പറയാം.)

സേതു, കുട്ടനാടൻ, സർജൂ ചാത്തന്നൂർ -സ്വകാര്യ സംഭാഷണത്തിൽ

ഒരു പറ്റം സ്വകാര്യവ്യവസായ സ്ഥാപനങ്ങളുടെ മാനവിഭവശേഷി മുഴുവൻ കൈകാര്യം ചെയ്യുവാനുത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രിയംവദാ മേനോൻ, അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഒരു സെമിനാറിൽ അവതരിപ്പിക്കേണ്ട പ്രബന്ധം തയാറാക്കുന്നു. അവതരണത്തിൽ ഒരു പുതിയ സമീപനത്തോടെ താൻ കൈകാര്യം ചെയ്യുന്ന വകുപ്പിനെ എങ്ങനെ അവതരിപ്പിക്കാമെന്നുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഭാവനയായിരുന്നു, എന്നോ പറഞ്ഞുകേട്ട മീനാക്ഷിപ്പാളയവും അവിടെ തുടങ്ങിയ വ്യവസായശാലയും പുതുതായി സ്ഥാനമേറ്റ അതിസമർത്ഥയായ നിവേദിതയും. പ്രകൃതിവിഭവങ്ങൾ കൊണ്ടും ശാലീനത കൊണ്ടും ശാന്തസുന്ദരമായ ജീവിതം നയിച്ചിരുന്ന മീനാക്ഷിപ്പാളയത്തിന്റെ ഗ്രാ‍മീണതയിലേക്ക്‌ കടന്നാ ക്രമണം നടത്തിയ വ്യവസായ സ്ഥപാനം. ഗ്രാ‍മീണതയെ ആകെ ഉഴുതുമറിച്ച്‌, നഗരവൽക്കരണത്തിന്റെ എല്ലാ താണ്ഡവങ്ങളുടേയും നിറവിൽ, പുകക്കുഴലിന്റെയും ഇടവിട്ടു സ്വൈരം കെടുത്തുന്ന സൈറന്റെയും മലിനീകരണങ്ങളിലേക്ക്‌ മീനാക്ഷിപ്പാളയം മുക്കിത്താഴ്ത്തപ്പെട്ടു. വൻകുത്തകകൾ ഗ്രാ‍മങ്ങളെ (ദേശങ്ങളെ) വിഴുങ്ങുമ്പോൾ ചെയ്യുന്ന സാമാന്യ മര്യാദകൾ ഇവിടെയും പാലിക്കപ്പെടുന്നുണ്ട്‌. തദ്ദേശവാസികൾക്ക്‌ പകരം തൊഴിൽ - ഓരോ കുടുംബത്തിന്റെയും അത്താണിയായ പുരുഷൻ ഫാക്ടറിത്തൊഴിലാളിയാകുന്നു. ജീവിത സാഹചര്യങ്ങൾ പുതുക്കപ്പെടുന്നു.


പിന്നീട്‌ സാങ്കൽപ്പികമെന്നോണം ഉടലെടുക്കുന്ന യാഥാർത്ഥ്യങ്ങളെ മിഥ്യയിലേക്കു വലിച്ചിഴക്കപ്പെടുമ്പോൾ രേവതി എന്ന എച്ച്‌ ആർ മാനേജർക്ക്‌ ആദ്യം പൂരിപ്പിക്കേണ്ട സമസ്യയാ യിരുന്നു അടുത്തൂൺപറ്റി പിരിയാൻ തുടങ്ങുന്ന വാർദ്ധക്യങ്ങളുടെ അകാലമരണങ്ങൾ. അത്തരം ഒൻപത്‌ മരണങ്ങൾ കണ്ട ഗ്രാമം ഇനി പിരിയാനുള്ള മുനിയാണ്ടിയിലേക്ക്‌ കണ്ണു നട്ടിരിക്കുന്നിടത്തു തുടങ്ങുന്നു രേവതിയുടെ അന്വേഷണം. കമ്പനിയുടമകൾപോലും അമാനുഷിക ശക്തികളുടെ സാന്നിദ്ധ്യമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാൻ നിയു ക്തയായ രേവതിക്ക്‌ തന്റെ വിശ്വാസ പ്രമാണങ്ങളും വിദ്യാഭ്യാസവും അന്വേഷണത്വരയും ഈ അകാല മരണങ്ങളുടെ നിജസ്ഥിതി കണ്ടുപിടിക്കുന്ന ശ്രമങ്ങളിലേക്ക്‌ വഴിതിരിഞ്ഞപ്പോൾ വെളിച്ചം വീശിയത്‌ ഞെട്ടിപ്പിക്കുന്ന ചില യാഥാർത്ഥ്യ ങ്ങളിലേക്കായിരുന്നു. ഉദ്യോഗത്തിലിരിക്കെ മരണപ്പെട്ടാൽ അനന്തരാവകാശിക്ക്‌ തൊഴിൽ ലഭിക്കുന്നതിനുള്ള അവകാശം ഒരു ജനതയെ മുഴുവൻ നയിക്കുന്നത്‌ പിതൃഹത്യയെന്ന ഏഴു ജന്മം കൊണ്ടും തീർത്താൽ തീരാത്ത മഹാപാപത്തിലേക്കായിരു ന്നു. അടുത്ത ഊഴക്കാരനായ മുനിയാണ്ടി, തന്റെ വിധിയ്ക്കായി തയ്യാറെടുത്തുകഴിഞ്ഞിരുന്നെങ്കിലും ഊണും ഉറക്കവുമൊഴിച്ച്‌ കാവലിരുന്ന മകൾ കാവേരിയുടെ കണ്ണ്‌ എപ്പോഴും സഹോദരൻ രാജായിൽ നിന്ന്‌ സ്വപിതാവിനെ കാത്തുരക്ഷിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒരു പ്രഭാതം പുലർന്നത്‌ മുനിയാണ്ടിയുടെ ജഡം കിണറ്റിൽ പൊങ്ങിക്കിടക്കുന്നത്‌ കണ്ടു കൊണ്ടായിരുന്നു. പിതൃഹത്യയുടെ മഹാപാപത്തിൽ നിന്നും സ്വപുത്രനെ രക്ഷിക്കാൻ മുനിയാണ്ടി ജീവൻ വെടിയുന്നിടത്ത്‌ തന്റെ അന്വേഷണം വഴിമുട്ടിയപ്പോൾ രാജായെ ഉദ്യോഗം ഏറ്റെടുക്കുന്നതിൽ നിന്നും തടയിടാനാവാതെ മീനാക്ഷിപ്പാളയത്തോടു വിടപറയേണ്ടി വരുന്നൂ. കഥയിലേക്കിറങ്ങിയാൽ രംഗവിസ്താരങ്ങളിൽ നിന്നും മോചനം ദുർഘടമാവും.

പാണ്ഡവപുരത്തിൽ കോറിയിട്ട അധിനിവേശത്തിന്റെ മൂന്നാറിയിപ്പുകൾ അടയാളങ്ങളിലെ ത്തുമ്പോളേക്കും പ്ലാച്ചിമട മുതൽ ഇന്റർനെറ്റ്‌ സിറ്റി വരെ സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു മലയാളിസമൂഹത്തിന്‌. ക്രാന്തദർശിത്വത്തിന്റെ പരിവേഷമൊന്നും ഇതിനു നൽകാനില്ല എന്നു വിശ്വസിക്കാമെങ്കിലും ഒരു രചന നിർവഹിക്കുമ്പോൾ പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതകളെ തന്റേതുമാത്രമായ ആഖ്യാനലാളിത്യത്തിലൂടെ സേതു ഇവിടെ പാലിക്കുന്നുണ്ട്‌.

അടയാളങ്ങളിലെ മുഖ്യകഥാപാത്രമായ പ്രിയംവദാമേനോൻ സ്ത്രീ ശാക്തികതയുടെ ഒരു അമൂർത്തകഥാപാത്രമായിവരുമ്പോൾ തന്നെ എത്ര ഔന്നത്യങ്ങളിലായാലും സ്ത്രീ ആത്യന്തികമായി സ്ത്രൈണതയുടെ എല്ലാ ദൗർബല്യങ്ങൾക്കും അടിമയും ഉടമയുമാണന്നുള്ള സത്യം സേതു അടിവരയിടാൻ ശ്രമിക്കുന്നതാണ്‌ ഈ നോവലിന്റെ മറ്റൊരു പ്രത്യേകത. തന്റെ പ്രവർത്തനമികവു കൊണ്ട്‌ ഒരു വ്യവസായ ശൃംഖലയുടെ മുഴുവൻ മാനവവിഭവ വകുപ്പിനെ നിയന്ത്രിക്കുമ്പോൾ അമ്മയും മകളും മാത്രമുള്ള സ്വന്തം അണുകുടുംബത്തിന്റെ അസ്വസ്ഥതകളെ ഒരു പരിധിവരെ പോലും നിയന്ത്രിക്കാൻ സാധിക്കാനാവതെ പരാജയപ്പെടുന്നതു കാണാം. ആധുനികതയുടെ എല്ലാ സുഖസൗകര്യങ്ങളും മകൾക്ക്‌ നൽകുമ്പോഴും ഗോവയിലെ സെമിനാറു കഴിഞ്ഞു വന്ന്‌ അമ്മയ്ക്കുണ്ടായ ഭാവവ്യത്യാസം ചോദ്യം ചെയ്യുന്ന മകൾക്ക്‌ തൃപ്തികരമായ ഉത്തരം കണ്ടെത്താൻ പ്രിയംവദ വിഷമി ക്കുന്നു. അവിടെ ശിഥിലമാകാൻ തുടങ്ങുന്ന ആ ബന്ധം സൂചിപ്പിക്കുന്ന അടയാളങ്ങൾ പ്രിയംവദാമേനോനെ ഡോ. റോയി ചൗധരിയുടെ കാമുകിയായോ, നീതുവിന്റെ അമ്മയായോ രഞ്ജിത്തിന്റെ ഭാര്യയായോ ജീവിക്കാൻ അനുവദിക്കുന്നില്ല. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ്‌ സ്ത്രീത്വം. അത്‌ പൂർണ്ണമാകണമെങ്കിൽ ഒരാണിന്റെ മനസ്സും ശരീരവും ഒപ്പം ചേരണം. മനുഷ്യജന്മത്തിലെ ഏറ്റവും വലിയ പുണ്യമാണ്‌ ഒരമ്മയാകുക എന്നത്‌. അത്‌ ഏറ്റവും ഇഷ്ട്പ്പെട്ട പുരുഷനിൽനിന്ന്‌ അറിഞ്ഞുതന്നെ കിട്ടുകയും വേണം എന്നു പറയുന്ന പ്രിയംവദയുടെ കഥാപാത്രമായ രേവതി തന്നെയാണ്‌ പത്തമ്മ ചമഞ്ഞാലും ഒരച്ഛനാവാൻ പറ്റില്ല എന്നും പറയുന്നത്‌..

ഒരു നല്ല കഥ സമൂഹത്തിന്റെ പ്രതിനിധിയായിരിക്കും. അവിടെ നടമാടുന്ന അസ്വസ്ഥതകൾ, അതിലൊരു കുടുംബം, ഒരു വ്യക്തി, ഇങ്ങിനെ ഘടകങ്ങളായി വിഭജിക്കപ്പെടാവുന്ന ഒരു സാമൂഹിക ആഖ്യായികയെ വളർത്തിയെടുക്കുകയും അത്‌ പകർന്നു കൊടുക്കുകയും ചെയ്യുമ്പോളാണ്‌ ഒരു കഥാകൃത്തിന് തന്റെ കൃതിയോടു നീതി പുലർത്താനാവുന്നത്‌.

നിലവിലുള്ള കേരളീയ സാംസ്കാരിക സാഹചര്യങ്ങളിൽ മാധ്യമ ശ്രദ്ധകളിലൂടെയും അങ്ങനെ സൃഷ്ടിക്ക പ്പെടുന്ന മഹാബഹളങ്ങളിലൂടെയും ഒരു ഇരിപ്പിടം ഉറപ്പിക്കുവാൻ ശ്രമിക്കുന്ന സാംസ്കാരിക നായക പരിവേഷങ്ങളുടെ ഇടയിൽ നിന്നും ഒരു കാതം മാറി ഒരു നിശ്ശബ്ദ സൗമ്യസാന്നിദ്ധ്യമായി ശ്രീ സേതു അടയാളങ്ങൾ നമ്മെ ഏൽപ്പിക്കുന്നു.

KERALA CLICKS കേരള ക്ലിക്സ് Kerala_Clicks