Saturday, July 5, 2008

കുട്ടനാടന്‍: ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ

ജീവിതം കഥ കെട്ടിയ വല്യമ്പ്രാൻ:


‘ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെറുമൊരു സാധാരണ കർഷകൻ - എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകൾ തന്നെ അതു വിളിച്ചു പറയും മലയാളത്തിലെ തലമുറകളുടെ കഥപറയുന്ന കയറിനെ അടിസ്ഥാനമാക്കി ലഭിച്ച ജ്ഞാനപീഠ പുരസ്കാരം ഓക്ടേവിയാ പാസിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് കുട്ടനാടിന്റെ ഇതിഹാസകാരൻ - അടിയാളരുടെ ജീവിതം കഥ കെട്ടിയ ആ വല്യമ്പ്രാൻ - പറഞ്ഞതാണിത്.
പമ്പയും പോഷകനദികളും ചേർന്ന് കുട്ടനാട്ടിലെത്തുമ്പോൾ അത് പൂക്കൈതയാവുന്നു. (പൂക്കൈതയാറി ന്റെ അഗാധതയിൽ കാലുകളിറക്കി ഇന്നവിടെ പാലം വന്നുകഴിഞ്ഞൂ). തുള്ളൽകഥകളിലൂടെ മലയാളത്തിന് കുഞ്ചൻ നമ്പ്യാർ ഒരു യുഗം സൃഷ്ടിച്ച തകഴി ധർമ്മശാസ്താ ക്ഷേത്രവും തുള്ളലും പടയണിയും കഥകളിയും ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. (പഴയ കുഞ്ചൻ മഠത്തിന്റെ സ്ഥാനത്ത് ഇന്ന് ട്യൂട്ടോറിയൽ കോളേജാണ്, നമ്പ്യാർ അമ്പലപ്പുഴയിലേക്കും ചേക്കേറിയിരുന്നു.) കാർഷികവൃത്തിയുടെ സാഹസികതയിൽ ഞാറ്റടിപ്പാട്ടുകളുടെ ഈണവും താളവും പശ്ചത്തലമൊരുക്കുന്ന കുട്ടനാടൻ കാർഷികതയിലേക്ക് കൊയ്യാപ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റേയും പാർവതിയുടേയും മകനായി 1912ഏപ്രിൽ 17ന് ശിവശങ്കരൻ ജനിച്ചു. വെറും നാലു വർഷം മാത്രം മലയാളഭാഷ പഠിച്ച കൊച്ചു ശിവശങ്കരന് മലയാള വ്യാകരണം ഗ്രീക്കു പോലെയും ലാറ്റിൻ പോലെയും തന്നെ അന്യമായിരുന്നു. കഥ പറയാൻ വ്യാകരണം വേണ്ട, അതൊക്കെ ഭാഷാ പണ്ഡിതർക്കുള്ളതാണന്നുള്ള തന്റെ വിശ്വാസം അവസാനം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു.ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ സഹപാഠിയായ ഒരു പെൺകുട്ടിയോടു തോന്നിയ ആരാധാനയാണ് ആദ്യരചന..! എന്നാൽ ആ കുട്ടിയിൽ നിന്ന് അതിനു ലഭിച്ച അഭിനന്ദനമാണ് ഏറെ പ്രചോദനമായത്. തുടർന്ന് കഥയെഴുത്ത് തകൃതിയിലായി. എൻ എസ്സ് എസ്സിന്റെ മുഖപത്രമായ സർവീസിൽ വന്ന ‘സാധുപെണ്ണ്’' ആണ് ആദ്യം അച്ചടിമഷി പുരണ്ട കഥ. കേസരി ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിലുള്ള പ്രബോധനമായിരുന്നു പിന്നീട് പ്രചോദനം. സ്കൂൾ ഫൈനലിനു ശേഷം രണ്ടു വർഷത്തെ പ്ളീഡർഷിപ്പിനു ചേർന്നു മജിസ്ട്രേട്ടു കോടതിയിൽ പ്രാക്ടീസിനുള്ള യോഗ്യത നേടി. തിരുവനന്തപുരത്തു താമസിച്ച ഈ കാലയളവിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായി അടുത്തിട പഴകുവാനു ള്ള അവസരമുണ്ടായി. കെ. ശിവശങ്കരപ്പിള്ള എന്ന പേർ ആനുകാലിക ങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളപ്പൊക്കത്തിൽ, ഒരു സാധാരണ തൂക്കിക്കൊല, സ്ഥലം മാറ്റം, മുതലായവ ആദ്യ കാല കൃതികളാണ്. ത്യാഗത്തിന്റെ പ്രതിഫലം എന്ന ആദ്യ നോവൽ 1933-ൽ പുറത്തുവന്നു. ഈ വി കൃഷ്ണപിള്ള യുടെ അവതാരികയോടു കൂടി പതിതപങ്കജം, തുടർന്ന് ആദ്യ കഥാ സമാഹാരം ‘ പുതുമലർ’ -1935ൽ.
ഒരു ദിവസം അച്ഛൻ വീട്ടിലേക്കു വിളിച്ചുവരുത്തി ‘ ഡാ, നാരായണപിള്ളയുടെ അനന്തിരവൾ ഒരു പെണ്ണുണ്ട്, അവളും നീയുമായുള്ള സംബന്ധം നിശ്ചയിച്ചു എന്നു പറഞ്ഞു. അമ്മയും പറഞ്ഞു നല്ല പെണ്ണാണ്, കാത്ത ജീവിത സഖിയായി.
രാജകീയ പ്രണയങ്ങളും കുബേര പ്രേമങ്ങളും തകർത്താടിയിരുന്ന മലയാള കഥാലോകത്തിലേക്ക് തോ ട്ടിച്ചിയുടേയും തോട്ടിയുടേയും പവിത്രപ്രേമത്തെ കൈപിടിച്ചു കൊണ്ടുവരാനുള്ള പ്രചോദനം
ആലപ്പുഴയിലെ വക്കീൽ ഗുമസ്തപ്പണിയാണ് നൽകിയത്. ചന്ദ്രികാചർച്ചിതമായ രാത്രിയിൽ പ്രേമ സംഗമങ്ങൾ നടത്തിയിരുന്ന മന്ത്രികുമാരനും രാജകുമാരിക്കും പകരം നൈറ്റ് സോയിൽ ഡിപ്പോയിൽ വച്ചുള്ള ഒരു തോട്ടി-തോട്ടിച്ചി പ്രണയം, തോട്ടിയായ ചുടലമുത്തു വള്ളിയെ ആശ്‌ളേഷിക്കുന്നത് അങ്ങനെയാണ് അനുവാചക ഹൃദയങ്ങളിലേക്ക് തരംഗമായെത്തിയത്. നിത്യ വ്യവഹാരങ്ങളിൽ സാക്ഷിയാകേണ്ടി വന്ന അനേകം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 1947-ൽ തോട്ടിയുടെ മകൻ നോവലായിറങ്ങിയത്.
ഉഴവുപാട്ടും തേക്കുപാട്ടും കളപറിപ്പാട്ടും കൊയ്ത്തുമെതിപ്പാട്ടുകളും താരാട്ടുപാടി വളർത്തിയ കുട്ടനാടൻ ബാല്യങ്ങളുടേയും പത്തിനൊന്നു പതം കൊണ്ടുമാത്രം ആണ്ടുകാലം അരവയർ പിഴയ്ക്കേണ്ടു ന്നഅടിയാള കുടുംബങ്ങളുടേയും അടിയാളത്തിയുടെ ഒട്ടിയ വയറിൽ മേലാള-തമ്പ്രാക്കളുടെ വിളയാട്ടങ്ങളുടേയും കഥയുമായി രണ്ടിടങ്ങഴി പുറത്തിറങ്ങുമ്പോൾ അതൊരു സാമൂഹിക പരിവർത്തനത്തിനുള്ള കാഹളം കൂടിയായിരുന്നു. കൃഷി ഭൂമി കർഷകന് എന്ന അ വബോധം ആദ്യം ഉയർത്തിയതും പത്തിനൊന്നു പതം ലഭിച്ചിരുന്നിടത്ത് എട്ടിനൊന്നുപതവും നാലിനൊന്നു തീർപ്പും എന്ന ആ വശ്യവും ഉന്നയിക്കാനുള്ള ആത്മധൈര്യവും അടിയാളർക്ക് പകരാൻ 1948-ൽ ഇറങ്ങിയ രണ്ടിടങ്ങഴിയും പ്രേരണയായി. പ്രഭാതം മുതൽ പ്രദോഷം വരെ പാടശേഖരങ്ങളിൽ ചോര നീരാക്കുന്ന പുലയന്റേയും പറയന്റേയും ആകുലതകൾക്കും അല്പസന്തോഷങ്ങൾക്കുമൊപ്പം കാർഷിക രംഗത്ത് അനിവാര്യമായിരുന്ന വിപ്‌ളവത്തിന്റെ വിത്തും അങ്ങിനെ വിതക്കപ്പെടുകയായിരുന്നു.
തലയോട്, തെണ്ടിവർഗ്ഗം, അവന്റെ സ്മരണകൾ എന്നീകഥകൾക്കു ശേഷമാണ് ചെമ്മീൻ - ന്റെ ചാകര വരവ്. അമ്പലപ്പുഴ വിദ്യാർത്ഥിയായിരുന്ന കാലം സഹപാഠികളുടെ അരയക്കുടിയിൽ നിന്നും ലഭിച്ച അടിസ്ഥാന അറിവുകളുടെ ഓര്‍മ്മക്കീറുകളും വക്കീലായപ്പോൾ കൈകാര്യം ചെയ്യേണ്ടിവന്ന അരയന്മാരുടെ കേസുകെട്ടുകളും കടലമ്മ എന്ന അപാര ശാക്തിക ബിംബവും നല്കിയ ഉർജ്ജത്തിൽ നിന്നാണ് ചെമ്മീൻ രൂപം കൊണ്ടത്. കടലമ്മ ഒരു ദേവതയായി അരയന്റെ മനസ്സിൽ കുടികൊള്ളുന്നു. അവന്റെ നിത്യസത്യങ്ങളും ജീവതവ്യഥകളുമെല്ലാം അവിടെയാണ് സമർപ്പിക്കപ്പെടുന്നത്. അലൌകികമായ പരിവേഷത്തോടെ ആ അമ്മ എല്ലാ അരയക്കുടികളേയും സംരക്ഷിച്ചുപോരുന്നു. ആ വിശ്വാസം തന്നെയാണ് തോണിയിൽ പുറംകടലിൽ പോണ അരയന്റെ ജീവൻ കുടിയിലുള്ള അരയത്തിയുടെ വിശുദ്ധിയിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത് എന്നത്. കറുത്തമ്മയും പളനിയും പരീക്കുട്ടിയും ചെമ്പങ്കുഞ്ഞും നമുക്കു കാട്ടിത്തരുന്നതും മറ്റൊന്നല്ല. 1956-ൽ ചെമ്മീൻ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം കരസ്തമാക്കി. ലോകഭാഷകളിലേക്കു മൊഴിമാറ്റം നടത്താൻ യുനെസ്-കോ ചെമ്മീൻ തെരഞ്ഞെടുത്തു. പതിനാലു ലോകഭാഷകളിലും എല്ലാ ഇന്ത്യൻ ഭാഷകളിലും ചെമ്മീൻ വിവർത്തനം ചെയ്യപ്പെട്ടു. രാമു കാര്യാട്ട് സം വിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമ രാഷ്ടപതിയുടെ സ്വർണ്ണമെഡൽ നേടി.
ഏറെ കാലിക പ്രസക്തിയുള്ള കഥയുമായാണ് തുടർന്ന് ഏണിപ്പടികൾ എത്തിയത് തൊഴിലിലെ അഭിവൃദ്ധിയുടെ പടവുകൾ താണ്ടിക്കയറാൻ എന്തു കൂത്സിതതന്ത്രവും പ്രയോഗിക്കാൻ മടിക്കാത്ത സർക്കാർ ജീവനക്കാരൻ ഇന്ന് സർവസാധാരണ കാഴ്ചയാണ്. എല്ലാ മൂല്യങ്ങളും അരിഞ്ഞുതള്ളി തന്റെ ലക്ഷ്യത്തിലെത്താൻ കച്ചകെട്ടിയിറങ്ങിയ സർക്കാർ ഗുമസ്തൻ ഔദ്യോഗികമായി പരമോന്നതിയിലെത്തിയിട്ടും ഏണിപ്പടികളിലെ കേശവപിള്ളയ്ക്കു വീണ്ടും മുന്നിൽ ശൂന്യതമാത്രമാണ് അവശേഷിച്ചത്.
കയർ എന്ന ഇതിഹാസം - മനുഷ്യനും മണ്ണുമായുള്ള അഗാധ ബന്ധത്തിന്റെയും എല്ലാ മാറ്റങ്ങളേയും അറിഞ്ഞുൾക്കൊള്ളുന്ന കാലത്തിന്റേയും സമന്വയമാണ് ഇതിവൃത്തം. രണ്ടര നൂറ്റാണ്ടു കാലം, ആറ് തലമുറകൾ, നായകനും നായികയും സമൂഹവും മണ്ണുമാണ്. മോഹവും മോഹഭംഗങ്ങളും ആനന്ദവും ദുഖവും ആശയും നിരാശയും, കുടിയേറ്റവും അധിനിവേശവും ജന്മി മുതലാളിത്തത്തിന്റെ ഭീകരവാഴ്ചയും തൊഴിലാളിവർഗ്ഗം അനുഭവിച്ച അടിച്ചമർത്തലുകളും ഉയർത്തെഴുനേല്പുകളും കൂടിക്കുഴഞ്ഞ ആറില്പരം തലമുറകളെക്കണ്ട ഒരു ദേശ ത്തിന്റെ കാലിക പരിണാമങ്ങളുടെ ആഖ്യായികയാണ് ഈ ഇതിഹാസ സമാനമായ രചന. ഭൂമി അളന്നുതിരിച്ചു തിട്ടപ്പെടുത്തുന്ന ക് ളാസ്സിഫയർ എന്ന ക്ളാസിപ്പേരുടെ വരവറിയിച്ചുകൊണ്ടു തുടങ്ങുന്ന കയർ, നാഗംപിള്ളയും ഔതയും പെണ്ണു ങ്ങളുടെ സൌന്ദര്യപ്പിണക്കങ്ങൾ വരുത്തുന്ന വിനയും ആദ്യ സ്കൂളിന്റെ വരവും തമിഴ് ബ്രാഹ്മണരുടെ അധിനിവേശവും( പിന്നീട് മങ്കൊമ്പ് സ്വാമിയെന്നറിയപ്പടുന്ന ജന്മിയുടെ മുൻ‌ഗാമികൾ) വിപ്ളവകാരിയായ വെടിപ്പുരക്കൽ കുഞ്ഞൻ നായരും, ഖാദി, തപാൽ, രാഷ്ട്രീയം, കോൺഗ്രസ്സ്, വൈക്കം സത്യാഗ്രഹം, പുന്നപ്ര വയലാറും സ്വാതന്ത്ര്യ ലബ്ധിയും, മന്നത്തു പത്മനാഭനും എൻ എസ്സ് എസ്സും വരെയെത്തുമ്പോഴേക്കും ആരും ഒന്നുമാകുന്നി ല്ലന്നും എങ്ങുമെത്തുന്നില്ലന്നും എല്ലാം കാലഗതിയിൽ വിലയം പ്രാപിക്കുന്ന അനുഭവ ചരിത്രമാവുമ്പോഴേക്കും പൂക്കൈതയാറിലൂടെ ഒരുപാടു ജലം കുട്ടനാടിനെ കഴുകി വേമ്പനാട്ടുകായലിലൂടെ അലയാഴിയുടെ അഘാതതയിലേക്ക് ഒഴുകിപ്പോയിരുന്നു.
സോവിയറ്റ് ലാൻഡ് അവാർഡ്, വയലാർ അവാർഡ്, 1985-ൽ ജ്ഞാനപീഠം.... ഒരു മലയാളി എഴുത്തുകാരന് തന്റെ കാലത്തു നിലവിലുള്ള പരമാവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങാൻ തക്ക ഭാഗ്യജന്മത്തിന്റെ തമ്പുരാൻ കാലയവനികക്കുള്ളിലിരുന്ന് ഇനിയും ബാക്കിവച്ചുപോയ തുടർക്കഥ സൃഷ്ടിക്കുകയാവാം.





http://flickr.com/groups/kearala_clicks/discuss/72157605925891321/