Friday, December 23, 2011

പാട്ടുപെട്ടി


നാലുദിവസത്തെ വലിയപെരുനാള്‍ അവധി മസ്കറ്റില്‍ ആഘോഷിച്ചതിന്‍റെ ആലസ്യത്തില്‍ സൂറിലെ ഏകാന്ത ജീവിതത്തിലേക്ക്‌ കായലരികത്ത് വലയെറിയുമ്പം  വളകിലുക്കിയ സുന്ദരിയുമായുള്ള മടക്കയാത്രയിലാണ് ഞാന്‍. യാത്രയുടെ സുഖത്തിലെക്ക് പേജറിന്‍റെ കിലുകിലുക്കം തുളഞ്ഞുകയറി. കമ്പനിയില്‍ നിന്നാണ്. അത്യാവശ്യമായി തിരിച്ചു വിളിക്കാന്‍, എന്ത് പാരയാണാവോ ... ഇബ്ര എത്താനിനിയും പത്ത് കിലോമീറ്റര്‍ വേണം നോക്കാം എന്ന് വിചാരിച്ച് വീണ്ടും പാട്ടിലേക്ക് മടങ്ങി ടെലിഫോണ്‍ ബൂത്തില്‍ നാണയമിട്ട് വിളിച്ചപ്പോള്‍ മാനേജര്‍ ജോസിന്‍റെ ശബ്ദം ആവശ്യപ്പെട്ടത് സൂറിലെക്കുള്ള യാത്ര റാസല്‍ ഹദ്ദിലേക്ക് തിരിച്ചു വിടാനാണ് . രാവിലെ അവിടെയുണ്ടാവണം. സാമായിരുന്നല്ലോ അവിടെ, എന്തുപറ്റി?.. ചോദ്യങ്ങള്‍ക്ക്‌ പ്രസക്തിയില്ല, സാമിനെ ബന്ധപ്പെടാനുംമാര്‍ഗ്ഗമില്ല. അല്‍ കാമലില്‍ നിന്ന് വലത്തേക്ക് തിരിച്ചു, ആദ്യമാണ് ഈ വഴി. മണലില്‍ ഓളപ്പരപ്പുകള്‍ തീര്‍ത്ത മണല്‍പ്പാത, ടയറിന്‍റെ ചാട്ടത്തിനൊത്ത്‌ വിറയ്ക്കുന്ന സ്റ്റിയറിങ്ങ്, ചുവന്നു തുടങ്ങിയ അന്തിവെയില്‍ പടിഞ്ഞാറും ശാന്തമായ അറബിക്കടല്‍ കിഴക്കും കണ്ടുതുടങ്ങി. പിന്നിടെപ്പോഴോ ഇടത്തേക്ക് തിരിയേണ്ട വഴി കാണാതാവുകയും അതറിയാതെ മുന്നിലുള്ള ഏക പാതയിലുടെ ഏറെ ദൂരം പോവുകയും ചെയ്തു. വഴിതെറ്റിയെന്നു മനസിലായെങ്കിലും കൂരിരുട്ടും വിജനതയും വഴി ചോദിച്ചറിയാനുള്ള അവസരവുമില്ലാതാ ക്കി. തിരിച്ചുപോകാന്‍ മാര്‍ഗമില്ലാതെ നേരെ ആരെയെങ്കിലും കാണുന്നി ടം വരെ അല്ലങ്കില്‍ വഴിയുടെ അറ്റം വരെ..അധികം വേണ്ടിവന്നില്ല, അങ്ങുദൂരെ നക്ഷത്രത്തിളക്കങ്ങള്‍ കണ്ടുതുടങ്ങി. സമാധാനമായി അതൊരു ഗ്രാമമാണ്. കടലിനോട് ചേര്‍ന്നുള്ള അല്‍അഷ്കര. പേരു കേട്ടപ്പോള്‍ മനസിലായി അവിടെയും കമ്പനിയുടെ താവളമുണ്ട്. വേറെ അധികം കമ്പനികള്‍ ഇല്ലാതിരുന്നതിനാല്‍ ആദ്യം വഴിചോദിച്ച ആള്‍ തന്നെ രാജുവിന്‍റെ സ്ഥലവും കാട്ടിത്തന്നു. നേരത്തെ കണ്ടിരുന്നില്ലങ്കിലും സഹജാവബോധത്തിന്‍റെ ആതിഥ്യം അവിസ്മരനീയമായിത്തീര്ത്തു രാജുവും സംഘവും. ചപ്പാത്തിക്കൊപ്പം തന്ന സ്പെഷ്യല്‍ ഒന്നാന്തരം മസാലയിട്ടു വറുത്തെടുത്ത ചിക്കന്‍ ചില്ലിയാണന്നു നിസംശയം ഞാന്‍ പറഞ്ഞു. രാവിലെ റാസല്‍ ഹദ്ദിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ചെവിയില്‍ പറഞ്ഞു ഇന്നലെ കൂട്ടിയത്‌ ചൂരയാണെന്ന്. മലയാളി നാവുകള്‍ക്ക് അധികം രുചിക്കാത്ത ഇനമാണു ചൂര എന്ന്‌ നാം വിളിക്കുന്ന ജപ്പാന്‍കാരുടെ ഇഷ്ടവിഭവമായ ഈ ടൂണ. എന്തായാലും ആ പുതിയ സൌഹൃദം എനിക്കേറെ അനുഭവങ്ങള്‍ നല്‍കി. നൂറു കിലോമീറ്ററോളം കടല്‍ത്തീരത്തുകൂടി തന്നെയുള്ള യാത്ര അല്‍റുവൈസ് റാസല്‍ജനുസ് മലകള്‍ കടന്നു ഉച്ചയോടെ റാസല്‍ഹദ്ദിലെത്തി. അക്കാലത്ത്‌ അത്യപൂര്‍വമായിരുന്ന മൊബൈല്‍ ഫോണിനായി അവിടെ യുണ്ടായിരുന്ന സാമുമായി അറബിച്ചെക്കന്‍ റഷീദ്‌  നടത്തിയ കൈയാങ്കളിയാണ് എന്നെ പകരക്കാരനായി സൂറില്‍ നിന്ന്‍ അവിടേക്ക്‌ എത്തിച്ചത് എന്നു മനസ്സിലായി. അവരുതമ്മില്‍ മുന്‍പും  ഇക്കാര്യത്തില്‍ അലമ്പു കൂടിയതായി സാം പറഞ്ഞിരുന്നു .ഞാന്‍ ആദ്യമേ കണ്ടതും അവനെത്തന്നെയായിരുന്നു. വളരെ മാന്യനായാണ് എന്നോടു പെരുമാറിയത്‌.. കിട്ടിയ ചവിട്ടിന്‍റെ  ഗുണമാണെന്നാണ് ഇതെപ്പറ്റി സാം പിന്നീട് പറഞ്ഞത്‌..))(...... രസകരമായ രംഗങ്ങളാണ് പിന്നിട് ഉണ്ടായത്‌... അടുത്തദിവസം രാവിലെ സാമിന്‍റെ വിളി വന്നു. അത്യാവശ്യമായി സൂറില്‍ എത്തണം. ഞാന്‍ താമസിച്ച വീട്ടില്‍ കള്ളന്‍ കയറിയിരിക്കുന്നു. ഒരു സാധനവും കാണാനില്ല!.. ഞാന്‍ പറഞ്ഞു, സാരമില്ല അധികം വിലപിടിച്ച സാധനങ്ങളൊന്നുമില്ലായിരുന്നല്ലോ. ഏതായാലും അവിടം വരെ പോയേ പറ്റൂ. അമ്പതു കിലോമീറ്റര്‍ ചെന്നാല്‍ ഏക എന്ന കടവിലെത്താം. അവിടെ കടത്തുണ്ട്. സാം അക്കരെ വണ്ടിയുമായി വന്നെടുത്തോളും. അങ്ങനെ വീണ്ടും എന്‍റെ വാസസ്ഥലത്തെത്തി. എന്‍റെതെന്നു പറയാന്‍ ഒന്നുമില്ലായിരുന്നു അവിടെ. ഒരു ഇസ്തിരിപ്പെട്ടി, രണ്ടു മൂന്നു ചെറിയ ടോര്‍ച്ചുകള്‍, ഒരു അലാറം ക്ലോക്ക്, പിന്നെ ലുങ്കി കുറച്ചു വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം വിരുതന്‍ അടിച്ചുമാറ്റി. ഒരാഴ്ച മുന്‍പ്‌ ജോലിക്കുവരാതിരുന്നതിനു പറഞ്ഞുവിട്ട ഒരു നാട്ടുകാരന്‍ ചെക്കനാണിത് ചെയ്തത് എന്നെനിക്കു മനസ്സിലായി. പോലീസില്‍ പരാതിപ്പെടാനും മാത്രമൊന്നുമില്ല. അടുത്തയിടെ ഞാന്‍ വാങ്ങിയ തോഷിബയുടെ ഒരു നല്ല സ്റ്റീരിയോ സെറ്റ്‌ അവിടെത്തന്നെയി രിക്കുന്നു ! എന്നാല്‍ സ്പിക്കറുകള്‍ കാണാനില്ല. കിട്ടിയ ബാക്കിയുമായി ഞാന്‍ മടങ്ങുമ്പോള്‍  ഞങ്ങള്‍ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാനത് വാങ്ങിയ ആദ്യ ദിവസം ആ ചെക്കന്‍ വീട്ടില്‍ വന്നിരുന്നു. ഏറെ കൌതുകത്തോടെ പുതിയ സെറ്റ്‌ കാണുകയും പാട്ടുകേള്‍ക്കുകയും ചെയ്തതാണവന്‍.. ഇതിനു നിന്‍റെ  ഭാഷയില്‍ എന്താണ് പേര് എന്ന് ചോദിച്ചപ്പോള്‍ പാട്ടുപെട്ടി എന്ന് ഞാന്‍ പറഞ്ഞുകൊടുത്തു. സ്പീക്കറില്‍ തൊട്ട് ആ പേര് അവന്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതിലൂടെയാണല്ലോ പാട്ട് വരുന്നത് അതുകൊണ്ട്‌ പാട്ടുവരാത്ത സാധനം അവനെടുത്തില്ല, അത്രേയുള്ളൂ..!. പാട്ടുപെട്ടിയില്ലാത്ത ആ തോഷിബ സെറ്റ്‌ ഇപ്പൊള്‍ നാട്ടില്‍ എന്‍റെ സൂര്‍ ജീവിത ഓര്‍മ്മകളും പേറി പൊടിപിടിച്ചിരിക്കുന്നു.

No comments: