Monday, June 16, 2008

സേതു നല്‍കുന്ന - അടയാളങ്ങള്‍

'രാവും പകലും മാറി മാറി വീഴേണ്ട ജീവിതത്തിൽ വേണ്ടാത്ത സംശയങ്ങൾ ഒഴിവാക്കുകയാവും ഭേദം'.

ഓരോ സൃഷ്ടിയും സമൂഹത്തിലേക്ക്‌ ഒരു സന്ദേശത്തിന്റെ കൈചൂണ്ടി കൂടിയാവണം. ഒരമ്മ മകൾക്കു നൽ കുന്ന സാരോപദേശത്തിലുപരി സാംസ്കാരികതയുടെ വിവിധ തലങ്ങളെത്തന്നെ ഉഴുതു മറിക്കാൻ പര്യാപ്തമാകാവുന്ന രംഗങ്ങൾക്ക്‌ തടയിടാൻ പാകത്തിൽ ഇത്തരമൊരുപദേശത്തിന്‌ ശക്തമാകാൻ കഴിയുമെങ്കിൽ അവിടെ ഒരു രചയിതാവിന്‌ കൃതാർത്ഥത അനുഭവിക്കാം. ഒരു വ്യക്തിക്ക്‌ - അത്‌ കഥാകൃത്തായാലും സാധാരണക്കാര നായാലും - സ്വന്തം ഭാവനാസൃഷ്ടിയെ നേരിട്ട്‌, താൻ നൽകിയ രൂപ-ഭാവത്തനിമകളോടെ കണ്മു ന്നിൽ കാണാനാവുന്ന ആ അസുലഭ മുഹുർത്തത്തിന്റെ അതിശയകരമായ ഒരാവിഷ്കാരം നടത്തിയിരിക്കുന്നു.

രേവതി - അടയാളങ്ങളിലെ മുഖ്യകഥാപാത്രമായ പ്രിയംവദയുടെ ഭാവനയിൽ ഉടലെടുത്ത നിവേ ദിതയുടെ ജീവനുള്ള അവതാരം. ലാളിത്യമാർന്ന ഭാഷയുടെ അനർഗ്ഗള മായ പ്രവാഹത്തിന്‌ സർഗ്ഗധനനായ ഒരു രചയിതാവിന്‌ യാതൊന്നും തടസ്സമാവില്ല എന്നതിന്‌ ശ്രീ സേതു വിന്റെ 'അടയാളങ്ങൾ' സാക്ഷ്യം.

മാതൃത്വത്തിന്റെ സകല വൈഷ മ്യങ്ങളും കണ്ടു വളർന്ന തന്റെ ബാല്യം നൽകിയ അനുഭവമാണ്‌ രേവതിക്ക്‌ പത്തമ്മ ചമഞ്ഞാലും ഒരച്ഛനാവൻ പറ്റില്ല എന്ന സത്യം. സർവ്വം സഹയായ ഭൂമിദേവിയുടെ ക്ഷമയോടെ സകല ദു:ഖങ്ങളും ഉള്ളിൽ നീറ്റിയ ഒരമ്മയുടെ മകൾ, സ്വന്തം അച്ഛന്റെ കഥ, ഏട്ടന്റെ കഥ, എല്ലാം ഒരു മുനിയാണ്ടിയിൽ കണ്ടെ ത്തിയപ്പോൾ ആരും അറിയപ്പെടാതെ കിടന്ന മറ്റൊരു സമസ്യയിൽ നിന്ന്‌ കഥാബീജത്തെ കണ്ടെടുക്കാനുള്ള യാത്രയായിരുന്നു രേവതിയുടേത്‌.

സ്ത്രീശാക്തികതയുടെ കഥകൾക്ക്‌ ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ അത്തരമൊരു കഥാപാത്ര ത്തെ കേന്ദ്രീകരിച്ച്‌ ഒരു സമൂഹത്തെ മുഴുവനോടെ വിഴുങ്ങാൻ വായ പിളർന്നെത്തുന്ന വമ്പന്മാരുടെ പ്രവർ ത്തനശൈലിയുടെ ആവിഷ്കാരം കൂടി നമുക്കിവിടെ അനുഭവിക്കാം. (അധിനി വേശം എന്നത്‌ സർവ്വസാധാരണമായ പദപ്രയോഗമാകുന്നതിന്‌ എത്രയോ മുൻപു തന്നെ തന്റെ പാണ്ഡവപുര ത്തിൽ, ശാന്തസുന്ദരമായ ഒരു ഗ്രാമീണകാർഷികതയിലേക്ക്‌ കടന്നുകയറ്റം നടത്തിയ വ്യവസായികതയുടെ ചിത്രം വരച്ചു കാട്ടിയിരുന്നു. അന്ന്‌ ആഗോളവല്‍കരണവും അധിനിവേശവും അന്യമായിരുന്നതിനാലാകാം പാണ്ഡവപുര ത്തിൽ അതത്ര ശ്രദ്ധിക്കപ്പെടാതെ പോയത്‌. അതിന്റെ ഒരാവിഷ്ക രണം 'അടയാളങ്ങ'ളിൽ മീനാക്ഷിപ്പാളയത്തിലൂടെ പുനർജ്ജനിക്കുന്നു എന്നും പറയാം.)

സേതു, കുട്ടനാടൻ, സർജൂ ചാത്തന്നൂർ -സ്വകാര്യ സംഭാഷണത്തിൽ

ഒരു പറ്റം സ്വകാര്യവ്യവസായ സ്ഥാപനങ്ങളുടെ മാനവിഭവശേഷി മുഴുവൻ കൈകാര്യം ചെയ്യുവാനുത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രിയംവദാ മേനോൻ, അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഒരു സെമിനാറിൽ അവതരിപ്പിക്കേണ്ട പ്രബന്ധം തയാറാക്കുന്നു. അവതരണത്തിൽ ഒരു പുതിയ സമീപനത്തോടെ താൻ കൈകാര്യം ചെയ്യുന്ന വകുപ്പിനെ എങ്ങനെ അവതരിപ്പിക്കാമെന്നുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഭാവനയായിരുന്നു, എന്നോ പറഞ്ഞുകേട്ട മീനാക്ഷിപ്പാളയവും അവിടെ തുടങ്ങിയ വ്യവസായശാലയും പുതുതായി സ്ഥാനമേറ്റ അതിസമർത്ഥയായ നിവേദിതയും. പ്രകൃതിവിഭവങ്ങൾ കൊണ്ടും ശാലീനത കൊണ്ടും ശാന്തസുന്ദരമായ ജീവിതം നയിച്ചിരുന്ന മീനാക്ഷിപ്പാളയത്തിന്റെ ഗ്രാ‍മീണതയിലേക്ക്‌ കടന്നാ ക്രമണം നടത്തിയ വ്യവസായ സ്ഥപാനം. ഗ്രാ‍മീണതയെ ആകെ ഉഴുതുമറിച്ച്‌, നഗരവൽക്കരണത്തിന്റെ എല്ലാ താണ്ഡവങ്ങളുടേയും നിറവിൽ, പുകക്കുഴലിന്റെയും ഇടവിട്ടു സ്വൈരം കെടുത്തുന്ന സൈറന്റെയും മലിനീകരണങ്ങളിലേക്ക്‌ മീനാക്ഷിപ്പാളയം മുക്കിത്താഴ്ത്തപ്പെട്ടു. വൻകുത്തകകൾ ഗ്രാ‍മങ്ങളെ (ദേശങ്ങളെ) വിഴുങ്ങുമ്പോൾ ചെയ്യുന്ന സാമാന്യ മര്യാദകൾ ഇവിടെയും പാലിക്കപ്പെടുന്നുണ്ട്‌. തദ്ദേശവാസികൾക്ക്‌ പകരം തൊഴിൽ - ഓരോ കുടുംബത്തിന്റെയും അത്താണിയായ പുരുഷൻ ഫാക്ടറിത്തൊഴിലാളിയാകുന്നു. ജീവിത സാഹചര്യങ്ങൾ പുതുക്കപ്പെടുന്നു.


പിന്നീട്‌ സാങ്കൽപ്പികമെന്നോണം ഉടലെടുക്കുന്ന യാഥാർത്ഥ്യങ്ങളെ മിഥ്യയിലേക്കു വലിച്ചിഴക്കപ്പെടുമ്പോൾ രേവതി എന്ന എച്ച്‌ ആർ മാനേജർക്ക്‌ ആദ്യം പൂരിപ്പിക്കേണ്ട സമസ്യയാ യിരുന്നു അടുത്തൂൺപറ്റി പിരിയാൻ തുടങ്ങുന്ന വാർദ്ധക്യങ്ങളുടെ അകാലമരണങ്ങൾ. അത്തരം ഒൻപത്‌ മരണങ്ങൾ കണ്ട ഗ്രാമം ഇനി പിരിയാനുള്ള മുനിയാണ്ടിയിലേക്ക്‌ കണ്ണു നട്ടിരിക്കുന്നിടത്തു തുടങ്ങുന്നു രേവതിയുടെ അന്വേഷണം. കമ്പനിയുടമകൾപോലും അമാനുഷിക ശക്തികളുടെ സാന്നിദ്ധ്യമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഇത്തരം സംഭവങ്ങളെ കൈകാര്യം ചെയ്യാൻ നിയു ക്തയായ രേവതിക്ക്‌ തന്റെ വിശ്വാസ പ്രമാണങ്ങളും വിദ്യാഭ്യാസവും അന്വേഷണത്വരയും ഈ അകാല മരണങ്ങളുടെ നിജസ്ഥിതി കണ്ടുപിടിക്കുന്ന ശ്രമങ്ങളിലേക്ക്‌ വഴിതിരിഞ്ഞപ്പോൾ വെളിച്ചം വീശിയത്‌ ഞെട്ടിപ്പിക്കുന്ന ചില യാഥാർത്ഥ്യ ങ്ങളിലേക്കായിരുന്നു. ഉദ്യോഗത്തിലിരിക്കെ മരണപ്പെട്ടാൽ അനന്തരാവകാശിക്ക്‌ തൊഴിൽ ലഭിക്കുന്നതിനുള്ള അവകാശം ഒരു ജനതയെ മുഴുവൻ നയിക്കുന്നത്‌ പിതൃഹത്യയെന്ന ഏഴു ജന്മം കൊണ്ടും തീർത്താൽ തീരാത്ത മഹാപാപത്തിലേക്കായിരു ന്നു. അടുത്ത ഊഴക്കാരനായ മുനിയാണ്ടി, തന്റെ വിധിയ്ക്കായി തയ്യാറെടുത്തുകഴിഞ്ഞിരുന്നെങ്കിലും ഊണും ഉറക്കവുമൊഴിച്ച്‌ കാവലിരുന്ന മകൾ കാവേരിയുടെ കണ്ണ്‌ എപ്പോഴും സഹോദരൻ രാജായിൽ നിന്ന്‌ സ്വപിതാവിനെ കാത്തുരക്ഷിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒരു പ്രഭാതം പുലർന്നത്‌ മുനിയാണ്ടിയുടെ ജഡം കിണറ്റിൽ പൊങ്ങിക്കിടക്കുന്നത്‌ കണ്ടു കൊണ്ടായിരുന്നു. പിതൃഹത്യയുടെ മഹാപാപത്തിൽ നിന്നും സ്വപുത്രനെ രക്ഷിക്കാൻ മുനിയാണ്ടി ജീവൻ വെടിയുന്നിടത്ത്‌ തന്റെ അന്വേഷണം വഴിമുട്ടിയപ്പോൾ രാജായെ ഉദ്യോഗം ഏറ്റെടുക്കുന്നതിൽ നിന്നും തടയിടാനാവാതെ മീനാക്ഷിപ്പാളയത്തോടു വിടപറയേണ്ടി വരുന്നൂ. കഥയിലേക്കിറങ്ങിയാൽ രംഗവിസ്താരങ്ങളിൽ നിന്നും മോചനം ദുർഘടമാവും.

പാണ്ഡവപുരത്തിൽ കോറിയിട്ട അധിനിവേശത്തിന്റെ മൂന്നാറിയിപ്പുകൾ അടയാളങ്ങളിലെ ത്തുമ്പോളേക്കും പ്ലാച്ചിമട മുതൽ ഇന്റർനെറ്റ്‌ സിറ്റി വരെ സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു മലയാളിസമൂഹത്തിന്‌. ക്രാന്തദർശിത്വത്തിന്റെ പരിവേഷമൊന്നും ഇതിനു നൽകാനില്ല എന്നു വിശ്വസിക്കാമെങ്കിലും ഒരു രചന നിർവഹിക്കുമ്പോൾ പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതകളെ തന്റേതുമാത്രമായ ആഖ്യാനലാളിത്യത്തിലൂടെ സേതു ഇവിടെ പാലിക്കുന്നുണ്ട്‌.

അടയാളങ്ങളിലെ മുഖ്യകഥാപാത്രമായ പ്രിയംവദാമേനോൻ സ്ത്രീ ശാക്തികതയുടെ ഒരു അമൂർത്തകഥാപാത്രമായിവരുമ്പോൾ തന്നെ എത്ര ഔന്നത്യങ്ങളിലായാലും സ്ത്രീ ആത്യന്തികമായി സ്ത്രൈണതയുടെ എല്ലാ ദൗർബല്യങ്ങൾക്കും അടിമയും ഉടമയുമാണന്നുള്ള സത്യം സേതു അടിവരയിടാൻ ശ്രമിക്കുന്നതാണ്‌ ഈ നോവലിന്റെ മറ്റൊരു പ്രത്യേകത. തന്റെ പ്രവർത്തനമികവു കൊണ്ട്‌ ഒരു വ്യവസായ ശൃംഖലയുടെ മുഴുവൻ മാനവവിഭവ വകുപ്പിനെ നിയന്ത്രിക്കുമ്പോൾ അമ്മയും മകളും മാത്രമുള്ള സ്വന്തം അണുകുടുംബത്തിന്റെ അസ്വസ്ഥതകളെ ഒരു പരിധിവരെ പോലും നിയന്ത്രിക്കാൻ സാധിക്കാനാവതെ പരാജയപ്പെടുന്നതു കാണാം. ആധുനികതയുടെ എല്ലാ സുഖസൗകര്യങ്ങളും മകൾക്ക്‌ നൽകുമ്പോഴും ഗോവയിലെ സെമിനാറു കഴിഞ്ഞു വന്ന്‌ അമ്മയ്ക്കുണ്ടായ ഭാവവ്യത്യാസം ചോദ്യം ചെയ്യുന്ന മകൾക്ക്‌ തൃപ്തികരമായ ഉത്തരം കണ്ടെത്താൻ പ്രിയംവദ വിഷമി ക്കുന്നു. അവിടെ ശിഥിലമാകാൻ തുടങ്ങുന്ന ആ ബന്ധം സൂചിപ്പിക്കുന്ന അടയാളങ്ങൾ പ്രിയംവദാമേനോനെ ഡോ. റോയി ചൗധരിയുടെ കാമുകിയായോ, നീതുവിന്റെ അമ്മയായോ രഞ്ജിത്തിന്റെ ഭാര്യയായോ ജീവിക്കാൻ അനുവദിക്കുന്നില്ല. പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ്‌ സ്ത്രീത്വം. അത്‌ പൂർണ്ണമാകണമെങ്കിൽ ഒരാണിന്റെ മനസ്സും ശരീരവും ഒപ്പം ചേരണം. മനുഷ്യജന്മത്തിലെ ഏറ്റവും വലിയ പുണ്യമാണ്‌ ഒരമ്മയാകുക എന്നത്‌. അത്‌ ഏറ്റവും ഇഷ്ട്പ്പെട്ട പുരുഷനിൽനിന്ന്‌ അറിഞ്ഞുതന്നെ കിട്ടുകയും വേണം എന്നു പറയുന്ന പ്രിയംവദയുടെ കഥാപാത്രമായ രേവതി തന്നെയാണ്‌ പത്തമ്മ ചമഞ്ഞാലും ഒരച്ഛനാവാൻ പറ്റില്ല എന്നും പറയുന്നത്‌..

ഒരു നല്ല കഥ സമൂഹത്തിന്റെ പ്രതിനിധിയായിരിക്കും. അവിടെ നടമാടുന്ന അസ്വസ്ഥതകൾ, അതിലൊരു കുടുംബം, ഒരു വ്യക്തി, ഇങ്ങിനെ ഘടകങ്ങളായി വിഭജിക്കപ്പെടാവുന്ന ഒരു സാമൂഹിക ആഖ്യായികയെ വളർത്തിയെടുക്കുകയും അത്‌ പകർന്നു കൊടുക്കുകയും ചെയ്യുമ്പോളാണ്‌ ഒരു കഥാകൃത്തിന് തന്റെ കൃതിയോടു നീതി പുലർത്താനാവുന്നത്‌.

നിലവിലുള്ള കേരളീയ സാംസ്കാരിക സാഹചര്യങ്ങളിൽ മാധ്യമ ശ്രദ്ധകളിലൂടെയും അങ്ങനെ സൃഷ്ടിക്ക പ്പെടുന്ന മഹാബഹളങ്ങളിലൂടെയും ഒരു ഇരിപ്പിടം ഉറപ്പിക്കുവാൻ ശ്രമിക്കുന്ന സാംസ്കാരിക നായക പരിവേഷങ്ങളുടെ ഇടയിൽ നിന്നും ഒരു കാതം മാറി ഒരു നിശ്ശബ്ദ സൗമ്യസാന്നിദ്ധ്യമായി ശ്രീ സേതു അടയാളങ്ങൾ നമ്മെ ഏൽപ്പിക്കുന്നു.

KERALA CLICKS കേരള ക്ലിക്സ് Kerala_Clicks

10 comments:

വല്യമ്മായി said...

അടയാളങ്ങള്‍ വായിച്ചിട്ടില്ല,നല്ല പരിചയപ്പെടുത്തല്‍.

അമ്മ ഏറ്റവും നല്ല അമ്മയാകുകയാണ് വേണ്ടത്,എത്ര ശ്രമിച്ചാലും ആകാന്‍ കഴിയാത്ത അച്ഛനല്ല :)

കുട്ടനാടന്‍ said...

പത്തമ്മ ചമഞ്ഞാലും ഒരച്ഛനാവൻ പറ്റില്ല
എന്നു പറഞ്ഞാൽ അതു തന്നെയല്ലേ?
തനി മലയാളത്തിൽ വന്നില്ല്, പിന്നെ എങ്ങിനെ കണ്ട്?
അഭിപ്രായത്തിന് നന്ദി

കുറുമാന്‍ said...

ഈ പരിചയപെടുത്തല്‍ നന്നായിരിക്കുന്നു മധുചേട്ടാ.

ഇങ്ങനെ വല്ലപ്പോഴൊക്കെയല്ലാതെ സ്തിരമായി എഴുതൂ.

Unknown said...

അടയാളങളുടെ പുതിയ വായന കൊളളാം. സന്തോഷം. പുതിയ ലോകത്തെയും പുതിയ കാലത്തേയും അടയാള പ്പെടുത്താനുളള ശ്രമം അതിലുണ്ടെന്നാണു വിശ്വാസം. അതിണ്ടെ ഒരു തുടര്‍ച പ്ലാന്‍ ചെയ്യുകയാണു.

സേതു

കുട്ടനാടന്‍ said...

സാര്‍,
ഏറെ സന്തോഷമുണ്ട്
അതിലേറെ ആ സന്മനസ്സിന് നന്ദിയും
( നല്ല ഭയവുമുണ്ടായിരുന്നു )

സസ്നേഹം
മധു

രാജ് said...

കുട്ടനാടനെ എവിടെയോ കണ്ടുമറന്നതു പോലെ ;‌-)

കാവാലം ജയകൃഷ്ണന്‍ said...

കൊള്ളാം... നല്ല ഒരു ബ്ലോഗ്. കളിയല്ലാതെ കുറേ കാര്യങ്ങള്‍. വിശിഷ്യാ കുട്ടനാട്ടുകരുടെ ഉള്ളിന്‍റെയുള്ളില്‍ പൂക്കൈതയാറിന്‍റെ കുളിരോളങ്ങളും, വേമ്പനാടിന്‍റെ ഗാംഭീര്യവും, നെല്ലോലകളുടെ ഹരിത സ്പര്‍ശവും പുനര്‍ജനിപ്പിക്കാന്‍ പോന്ന ‘കുട്ടനാടന്‍ സ്റ്റൈല്‍‘.

ആശംസകളോടെ... വേറൊരു കുട്ടനാട്ടുകാരന്‍

ജയകൃഷ്ണന്‍ കാവാലം

സീത said...

എഴുത്തുകാരനേയും അദ്ദേഹത്തിനു ലഭിച്ച പുരസ്ക്കാരങ്ങളെയും കൂടി പരിചയപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.ഈ ശ്രമത്തിനു നന്ദി.

സീത said...

എഴുത്തുകാരനേയും അദ്ദേഹത്തിനു ലഭിച്ച പുരസ്ക്കാരങ്ങളേയും കൂടി പരിചയപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.ശ്രമം കൊള്ളാം.

വല്യമ്മായി said...

അടയാളങ്ങള്‍ വായിച്ചു,ഞാന്‍ ആദ്യ കമന്റില്‍ സൂചിപ്പിച്ച പോലെ അമമയും അച്ചനും കൂടി ഒരുമിച്ച് ആകാമെന്ന് കരുതിയതാണ് പ്രിയംവദയുടെ തെറ്റ്.മാത്രമല്ല അമ്മയെന്നത് ഒരു വ്യക്തിയല്ല ഒരു വിഗ്രഹമാണെന്ന ധാരണ മകളുടെ മനസ്സില്‍ ഉറച്ച് പോയതാണ് അതില്‍ വരുന്ന ഒരു ചെറിയ പോറല്‍ പോലും താങ്ങാനാകാത്തതും.പല റോളുകളിലുള്ള സ്ത്രീയുടെ ജീവിതം എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് കാണിച്ച് തറുന്നുണ്ട് നോവല്‍.

ശ്രീ സേതുവിന്റെ മറ്റൊരു ഡോട്കോം സന്ധ്യയില്‍ എന്ന സമാഹരവും വായിച്ച് കോണ്ടിരിക്കുന്നു.