Friday, December 23, 2011

പാട്ടുപെട്ടി


നാലുദിവസത്തെ വലിയപെരുനാള്‍ അവധി മസ്കറ്റില്‍ ആഘോഷിച്ചതിന്‍റെ ആലസ്യത്തില്‍ സൂറിലെ ഏകാന്ത ജീവിതത്തിലേക്ക്‌ കായലരികത്ത് വലയെറിയുമ്പം  വളകിലുക്കിയ സുന്ദരിയുമായുള്ള മടക്കയാത്രയിലാണ് ഞാന്‍. യാത്രയുടെ സുഖത്തിലെക്ക് പേജറിന്‍റെ കിലുകിലുക്കം തുളഞ്ഞുകയറി. കമ്പനിയില്‍ നിന്നാണ്. അത്യാവശ്യമായി തിരിച്ചു വിളിക്കാന്‍, എന്ത് പാരയാണാവോ ... ഇബ്ര എത്താനിനിയും പത്ത് കിലോമീറ്റര്‍ വേണം നോക്കാം എന്ന് വിചാരിച്ച് വീണ്ടും പാട്ടിലേക്ക് മടങ്ങി ടെലിഫോണ്‍ ബൂത്തില്‍ നാണയമിട്ട് വിളിച്ചപ്പോള്‍ മാനേജര്‍ ജോസിന്‍റെ ശബ്ദം ആവശ്യപ്പെട്ടത് സൂറിലെക്കുള്ള യാത്ര റാസല്‍ ഹദ്ദിലേക്ക് തിരിച്ചു വിടാനാണ് . രാവിലെ അവിടെയുണ്ടാവണം. സാമായിരുന്നല്ലോ അവിടെ, എന്തുപറ്റി?.. ചോദ്യങ്ങള്‍ക്ക്‌ പ്രസക്തിയില്ല, സാമിനെ ബന്ധപ്പെടാനുംമാര്‍ഗ്ഗമില്ല. അല്‍ കാമലില്‍ നിന്ന് വലത്തേക്ക് തിരിച്ചു, ആദ്യമാണ് ഈ വഴി. മണലില്‍ ഓളപ്പരപ്പുകള്‍ തീര്‍ത്ത മണല്‍പ്പാത, ടയറിന്‍റെ ചാട്ടത്തിനൊത്ത്‌ വിറയ്ക്കുന്ന സ്റ്റിയറിങ്ങ്, ചുവന്നു തുടങ്ങിയ അന്തിവെയില്‍ പടിഞ്ഞാറും ശാന്തമായ അറബിക്കടല്‍ കിഴക്കും കണ്ടുതുടങ്ങി. പിന്നിടെപ്പോഴോ ഇടത്തേക്ക് തിരിയേണ്ട വഴി കാണാതാവുകയും അതറിയാതെ മുന്നിലുള്ള ഏക പാതയിലുടെ ഏറെ ദൂരം പോവുകയും ചെയ്തു. വഴിതെറ്റിയെന്നു മനസിലായെങ്കിലും കൂരിരുട്ടും വിജനതയും വഴി ചോദിച്ചറിയാനുള്ള അവസരവുമില്ലാതാ ക്കി. തിരിച്ചുപോകാന്‍ മാര്‍ഗമില്ലാതെ നേരെ ആരെയെങ്കിലും കാണുന്നി ടം വരെ അല്ലങ്കില്‍ വഴിയുടെ അറ്റം വരെ..അധികം വേണ്ടിവന്നില്ല, അങ്ങുദൂരെ നക്ഷത്രത്തിളക്കങ്ങള്‍ കണ്ടുതുടങ്ങി. സമാധാനമായി അതൊരു ഗ്രാമമാണ്. കടലിനോട് ചേര്‍ന്നുള്ള അല്‍അഷ്കര. പേരു കേട്ടപ്പോള്‍ മനസിലായി അവിടെയും കമ്പനിയുടെ താവളമുണ്ട്. വേറെ അധികം കമ്പനികള്‍ ഇല്ലാതിരുന്നതിനാല്‍ ആദ്യം വഴിചോദിച്ച ആള്‍ തന്നെ രാജുവിന്‍റെ സ്ഥലവും കാട്ടിത്തന്നു. നേരത്തെ കണ്ടിരുന്നില്ലങ്കിലും സഹജാവബോധത്തിന്‍റെ ആതിഥ്യം അവിസ്മരനീയമായിത്തീര്ത്തു രാജുവും സംഘവും. ചപ്പാത്തിക്കൊപ്പം തന്ന സ്പെഷ്യല്‍ ഒന്നാന്തരം മസാലയിട്ടു വറുത്തെടുത്ത ചിക്കന്‍ ചില്ലിയാണന്നു നിസംശയം ഞാന്‍ പറഞ്ഞു. രാവിലെ റാസല്‍ ഹദ്ദിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ചെവിയില്‍ പറഞ്ഞു ഇന്നലെ കൂട്ടിയത്‌ ചൂരയാണെന്ന്. മലയാളി നാവുകള്‍ക്ക് അധികം രുചിക്കാത്ത ഇനമാണു ചൂര എന്ന്‌ നാം വിളിക്കുന്ന ജപ്പാന്‍കാരുടെ ഇഷ്ടവിഭവമായ ഈ ടൂണ. എന്തായാലും ആ പുതിയ സൌഹൃദം എനിക്കേറെ അനുഭവങ്ങള്‍ നല്‍കി. നൂറു കിലോമീറ്ററോളം കടല്‍ത്തീരത്തുകൂടി തന്നെയുള്ള യാത്ര അല്‍റുവൈസ് റാസല്‍ജനുസ് മലകള്‍ കടന്നു ഉച്ചയോടെ റാസല്‍ഹദ്ദിലെത്തി. അക്കാലത്ത്‌ അത്യപൂര്‍വമായിരുന്ന മൊബൈല്‍ ഫോണിനായി അവിടെ യുണ്ടായിരുന്ന സാമുമായി അറബിച്ചെക്കന്‍ റഷീദ്‌  നടത്തിയ കൈയാങ്കളിയാണ് എന്നെ പകരക്കാരനായി സൂറില്‍ നിന്ന്‍ അവിടേക്ക്‌ എത്തിച്ചത് എന്നു മനസ്സിലായി. അവരുതമ്മില്‍ മുന്‍പും  ഇക്കാര്യത്തില്‍ അലമ്പു കൂടിയതായി സാം പറഞ്ഞിരുന്നു .ഞാന്‍ ആദ്യമേ കണ്ടതും അവനെത്തന്നെയായിരുന്നു. വളരെ മാന്യനായാണ് എന്നോടു പെരുമാറിയത്‌.. കിട്ടിയ ചവിട്ടിന്‍റെ  ഗുണമാണെന്നാണ് ഇതെപ്പറ്റി സാം പിന്നീട് പറഞ്ഞത്‌..))(...... രസകരമായ രംഗങ്ങളാണ് പിന്നിട് ഉണ്ടായത്‌... അടുത്തദിവസം രാവിലെ സാമിന്‍റെ വിളി വന്നു. അത്യാവശ്യമായി സൂറില്‍ എത്തണം. ഞാന്‍ താമസിച്ച വീട്ടില്‍ കള്ളന്‍ കയറിയിരിക്കുന്നു. ഒരു സാധനവും കാണാനില്ല!.. ഞാന്‍ പറഞ്ഞു, സാരമില്ല അധികം വിലപിടിച്ച സാധനങ്ങളൊന്നുമില്ലായിരുന്നല്ലോ. ഏതായാലും അവിടം വരെ പോയേ പറ്റൂ. അമ്പതു കിലോമീറ്റര്‍ ചെന്നാല്‍ ഏക എന്ന കടവിലെത്താം. അവിടെ കടത്തുണ്ട്. സാം അക്കരെ വണ്ടിയുമായി വന്നെടുത്തോളും. അങ്ങനെ വീണ്ടും എന്‍റെ വാസസ്ഥലത്തെത്തി. എന്‍റെതെന്നു പറയാന്‍ ഒന്നുമില്ലായിരുന്നു അവിടെ. ഒരു ഇസ്തിരിപ്പെട്ടി, രണ്ടു മൂന്നു ചെറിയ ടോര്‍ച്ചുകള്‍, ഒരു അലാറം ക്ലോക്ക്, പിന്നെ ലുങ്കി കുറച്ചു വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം വിരുതന്‍ അടിച്ചുമാറ്റി. ഒരാഴ്ച മുന്‍പ്‌ ജോലിക്കുവരാതിരുന്നതിനു പറഞ്ഞുവിട്ട ഒരു നാട്ടുകാരന്‍ ചെക്കനാണിത് ചെയ്തത് എന്നെനിക്കു മനസ്സിലായി. പോലീസില്‍ പരാതിപ്പെടാനും മാത്രമൊന്നുമില്ല. അടുത്തയിടെ ഞാന്‍ വാങ്ങിയ തോഷിബയുടെ ഒരു നല്ല സ്റ്റീരിയോ സെറ്റ്‌ അവിടെത്തന്നെയി രിക്കുന്നു ! എന്നാല്‍ സ്പിക്കറുകള്‍ കാണാനില്ല. കിട്ടിയ ബാക്കിയുമായി ഞാന്‍ മടങ്ങുമ്പോള്‍  ഞങ്ങള്‍ക്ക്‌ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം ഞാനത് വാങ്ങിയ ആദ്യ ദിവസം ആ ചെക്കന്‍ വീട്ടില്‍ വന്നിരുന്നു. ഏറെ കൌതുകത്തോടെ പുതിയ സെറ്റ്‌ കാണുകയും പാട്ടുകേള്‍ക്കുകയും ചെയ്തതാണവന്‍.. ഇതിനു നിന്‍റെ  ഭാഷയില്‍ എന്താണ് പേര് എന്ന് ചോദിച്ചപ്പോള്‍ പാട്ടുപെട്ടി എന്ന് ഞാന്‍ പറഞ്ഞുകൊടുത്തു. സ്പീക്കറില്‍ തൊട്ട് ആ പേര് അവന്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതിലൂടെയാണല്ലോ പാട്ട് വരുന്നത് അതുകൊണ്ട്‌ പാട്ടുവരാത്ത സാധനം അവനെടുത്തില്ല, അത്രേയുള്ളൂ..!. പാട്ടുപെട്ടിയില്ലാത്ത ആ തോഷിബ സെറ്റ്‌ ഇപ്പൊള്‍ നാട്ടില്‍ എന്‍റെ സൂര്‍ ജീവിത ഓര്‍മ്മകളും പേറി പൊടിപിടിച്ചിരിക്കുന്നു.

Friday, November 18, 2011

ഈ മനോഹര തീരത്ത്‌

ഈ മനോഹര തീരത്ത്‌

ഫാന്‍റം കഥയിലെ സുവര്‍ണ്ണ മണല്‍ത്തീരം - കീലാവി - അതിവിടെയാണ്  ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ നിന്നും അഞ്ഞൂറോളം കിലോമീറ്റര്‍ അകലെയായുള്ള റാസ്-അല്‍-ഹദ് എന്ന മുനമ്പ്‌ . ഈന്തപ്പനത്തോപ്പുകളുടെ നാടായ ബാനി-ബു-ഹസന്‍ , ബു-അലി ഗ്രാമങ്ങളിലൂടെ കായലോളപ്പരപ്പുകളെ ഓര്‍മ്മ പ്പെടുത്തുന്ന മണല്‍പ്പാതകള്‍ പിന്നിട്ട്  കൂറ്റന്‍ പാറക്കെട്ടുകള്‍ കാവല്‍ നില്‍ക്കുന്ന ശാന്തസുന്ദരമായ ഗ്രാമം. പാറക്കെട്ടുകളുടെ മറുവശം അറബിക്കടലിനഭിമുഖമായി നില്‍ക്കുന്നു .എണ്‍പതുകളുടെ അന്ത്യപാദങ്ങളില്‍ ഔദ്യോഗികമായി കിട്ടിയ രണ്ടു മാസക്കാല വാസം നല്‍കിയ മറക്കാനാവാത്ത ഒരുപിടി ഓര്‍മ്മകളിലൂടെ ...

ഗള്‍ഫിലെ ജീവിത ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ തനി ഗ്രാമീണത നിറഞ്ഞ ഈ നിഷ്കളങ്ക ഗ്രാമത്തില്‍ അന്ന് കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും അനധികൃതരായിരുന്നു എന്നതാണ് വാസ്തവം. ഇരുപതില്‍പ്പരം മലയാളികള്‍, മുപ്പതോളം ബംഗ്ളാദേശി കള്‍ , പിന്നെ നാട്ടുകാരായ ഗ്രാമീണരും. മല്‍സ്യ ബന്ധനമാണ് മുഖ്യതൊഴില്‍ . അരനൂറ്റാണ്ട് മുന്‍പ്‌  ബ്രിട്ടീഷുകാര്‍   ഉപേക്ഷിച്ചു പോയ നാവികത്താവളത്തിന്‍റെ അവശിഷ്ടമായ വിമാനത്താവളത്തില്‍  രണ്ടു കിലോമീറ്റര്‍ നീളമുള്ള‌‍ റണ്‍വേ, ഒരു സര്‍ക്കാര്‍ ആശുപത്രി, ഒരു സ്കൂള്‍ എന്നിവയാണ്  അവിടെയുള്ള സ്ഥാപനങ്ങള്‍ , പിന്നെ മല്‍സ്യ ബന്ധന ബോട്ടുകള്‍ വന്നടുക്കുന്ന നീണ്ട മണല്ത്തീരം 
ഭാഷാ-ദേശീയ ഭേദമില്ലാത്ത സഹവര്‍ത്തിത്വത്തിന്റെ ഉത്തമോദാഹരണമായിരുന്നു അവിടെ ആള്‍ക്കാരുടെ ജീവിതം. എല്ലാവര്ക്കും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ദാവൂദ്‌ എന്നാ ഡേവിഡ്‌ . ഡേവിഡ്‌ പോലും വിളി കേള്‍ക്കണമെങ്കില്‍ ദാവൂ ദേ..ന്നു വിളിക്കണം.
ഏക ക്ഷുരകന്‍ അശോകന്‍ , ഒരു മുറിയില്‍ ഭക്ഷണമൊരുക്കി മെസ്സ് നടത്തുന്ന മണി ,വീപ്പകളില്‍ നിറച്ച   പെട്രോള്‍ കൈ പമ്പുകൊണ്ടു കറക്കി നല്‍കുന്ന രാജന്‍ . നഗരത്തിലുള്ളവര്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്നത് ഏറെ അതിശയാത്തോടെ സംസാരിക്കും രാജന്‍ . ഇവിടെയുള്ള വിദേശികള്‍ നിയമ പാലകരുടെ പരിശോധനകളെ അതിജീവിക്കുന്നതാണ് ഏറെ രസകരം. അല്‍ കാമിലിന്‍റെ നഗര പരിധി കഴിഞ്ഞാല്‍ ഓളപ്പരപ്പുകള്‍ പോലെ കിടക്കുന്ന മണല്‍ വീഥികള്‍ മാത്രമാണ് റാസ് അല്‍ ഹദ്ദിലേക്കുള്ള കരമാര്‍ഗ്ഗ പാത. നിയമപാലകരുടെ വലിയ വാഹനങ്ങളെ അതിവേഗത്തില്‍ കടന്നു വരുന്ന സ്വദേശികള്‍ തന്നെ പരിശോധകരുടെ വരവിന്‍റെ മുന്നറിയിപ്പ്‌  നല്‍കും. ഉടന്‍ തന്നെ ഭക്ഷണവും തയാറാക്കി സമയം പോക്കാനുള്ള ചീട്ട്  തുടങ്ങിയ   അകമ്പടി സാധനങ്ങളുമായി ചെറു സംഘങ്ങളായി കടലിനഭിമുഖമായുള്ള വലിയ പാറക്കെട്ടിന്റെ മുകളിലുള്ള പ്രത്യേക സുരക്ഷിത സ്ഥാനത്തേക്ക്‌  മാറും.  പരിശോധകര്‍ മടങ്ങി എന്നുറപ്പ് വരുത്തുന്നതു വരെ അവിടെ തങ്ങും.മലമുകളിലെ അറകളില്‍ കയറിപ്പറ്റാന്‍ കഴിയാത്ത പലരെയും അവിടുത്തുകാര്‍ വീടുകള്‍ക്കുള്ളില്‍ അഭയം കൊടുക്കാറുണ്ട്. മൂക്കൊലിപ്പിച്ചു നടക്കുന്ന ചിന്നന്മാര്‍ക്ക് മുട്ടായിക്കാശു കൊടുത്ത്‌  അവരെ കണ്ടുപിടിക്കാനും പരിശോധകര്‍ മിടുക്കരാണ് . അന്നൊക്കെ വളരെ വിരളമായേ ഇത്തരം പരിശോധനകള്‍ നടക്കാറുള്ളൂ എന്നതിനാല്‍ അവിടെയുള്ള പല വിദേശികള്‍ക്കും വാഹനങ്ങള്‍ക്കും മതിയായ രേഖകളുണ്ടായിരുന്നില്ല. 
ദാവൂദായിരുന്നു എന്റെയും അന്ന ദാതാവ് . മല്‍സ്യ ബന്ധന സ്ഥലത്തുനിന്നും ഞങ്ങള്‍ക്ക്‌ സൌജന്യമായി കിട്ടുന്ന ലോബ്‌സ്ടര്‍ ആയിരുന്നു ഞങ്ങളുടെ മുഖ്യ വിഭവം. നല്ല വിലയുള്ള ഈ  കടല്‍ കൊഞ്ച്  പാചകം ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ രണ്ടുപെര്‍ക്കും പരിചയം കമ്മി  . ഒരു ദിവസം രാവിലെ കിട്ടിയ അഞ്ചാറെണ്ണം  തോടുകളഞ്ഞു കൊട്ടാളമുണ്ടാക്കി വച്ചു ദാവൂദ്‌ . കുളികഴിഞ്ഞു വന്നു നോക്കുമ്പോള്‍  മുഴുവന്‍ തിന്നുതീര്‍ ത്ത്‌ ചിറി നക്കി രസിക്കുന്ന പൂച്ചയെയാണ് കണ്ടത്‌ . അതുണ്ടാക്കിയ കഷ്ടപ്പാടും അപ്പോഴത്തെ വിശപ്പും തന്ന ദേഷ്യം തീര്‍ക്കാന്‍ ആ മാര്‍ജ്ജാര ശിരോമണി നിന്നുതന്നില്ല.
ഏറെ അനുഭവദായകമാണ്  വിശാലമായ സുവര്‍ണ്ണമണല്‍ത്തീരമുള്ള കടലില്‍ കുളി . കഥകളില്‍ കേട്ടിട്ടുള്ള ഫാന്‍റത്തിന്‍റെ കീലാവിയിലെ സുവര്‍ണ്ണ  കടല്‍ത്തീരം ഇതു തന്നെയാവാം എന്നു തോ ന്നിപ്പോവും. ഓരോ വരിയിലും ഓരോ നിറമുള്ള മണല്‍ത്തരികള്‍ കൊണ്ട് കളമെഴുതിയ  പോലെ. ഒപ്പം  ശാന്തമായ കടലും  . സൂര്യോദയവും അസ്തമയവും ഒരേ സ്ഥലത്തുനിന്നും ആസ്വദിക്കാവുന്ന ലോകത്തിലെ അപൂര്‍വ സ്ഥലങ്ങളിലോന്നാണിവിടം. നിത്യേന ഇവിടെയുള്ള കുളി അനുഭൂതികളുടെ പുതിയ ലോകത്തിലേക്ക് നമ്മെ നയിക്കും. അതിതാപ കാലാവസ്ഥയുള്ള ഇത്തരം ദേശത്ത്  അത്യുഷ്ണത്തില്‍ നിന്നുമുള്ള രക്ഷ കൂടിയാണ് കടലില്‍ കുളി.
എന്നാല്‍ ഇതൊന്നുമല്ല റാസല്‍ ഹദ്ദിനെ ശ്രദ്ധേയമാക്കുന്നത്. അത്യപൂര്‍വങ്ങളായ ഗ്രീന്‍ ടര്‍ട്ടില്‍ വിഭാഗത്തില്‍ പെടുന്ന ആമകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. ഇന്ന് ഇവിടം ലോക ടൂറിസം ഭൂപടത്തിലെ ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. ആമകള്‍ മുട്ടയിടുന്നത് ഏറെ കൌതുക കരമായ കാഴ്ചയാണ്. ഏറ്റവും ശാന്തമായി,ഏകാഗ്രമായി അവ ആ കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ ഒരു ശ അബ്ദം പോലുമുണ്ടാക്കി അവയെ അല്സൊരപ്പെടുത്തരൂതെന്ന് അവിടുത്തുകാര്‍ ഉപദേശിക്കും. ശ്രദ്ധിച്ച് നോക്കിയാല്‍ അവയുടെ കണ്ണുകളില്‍ നിന്ന് ധാരധാരയായ നീര്‍ പ്രവാഹം കാണാം. ഈറ്റുനോവിന്റെ സഹനം.
കല്‍ഫാന്‍ എന്ന തദ്ദേശി ആമ മുട്ടയിടുന്ന കുഴി കൃത്യമായി കണ്ടുപിടിക്കുന്നതില്‍ വിദഗ്ധനായി രുന്നു   ഒരേ പോലെ മൂന്നു കുഴികളുണ്ടാക്കി അതില്‍ ഏതെങ്കിലും ഒന്നിന്റെ ഒരു കോണില്‍ മാത്രമായിരിക്കും മുട്ടകള്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. കോഴിമുട്ടയെക്കാള്‍ വലിപ്പം കുറവുള്ള തോലുറക്കാത്ത മുട്ടകള്‍ . രണ്ടടിയോളം താഴ്ചയുള്ള കുഴികളില്‍ നൂറു മുതല്‍ ഇരുനൂറു വരെ മുട്ടകളുണ്ടാവും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെല്ലാം തന്നെ നിയതിയുടെ നിയോഗം പോലെ ഒരേ ദിശലക്ഷ്യമാക്കി കടലിലെക്കിറങ്ങുന്നത് താറാവ്‌ കുഞ്ഞുങ്ങളെ പാടത്തെക്കിറക്കുന്ന താരവുകാര്‍ന്റെ നിര്‍വൃതിയോടെ  നോക്കി നിന്നിട്ടുണ്ട്.അവ വിരിഞ്ഞു ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ കടല്ത്തീരമാകെ വ്യാപിച്ച് കടലില്‍ വിലയം പ്രാപിക്കുന്നതും അത്യപൂര്‍വമായ കാഴ്ചയാണ്. ഇന്ന് മദ്ധ്യ പൂര്‍വദേശത്തെ വളരെ പ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമാണിവിടം. ആമകളുടെ സ്വൈരതയ്ക്ക് ഭംഗം വരാത്ത വണ്ണം  സന്ദര്‍ശനസമയവും അവയുടെ വിഹാര സ്ഥാനങ്ങളില്‍  നിന്നും ക്യത്യമായ  അകലവും സര്‍ക്കാര്‍  പാലിക്കുന്നുണ്ട് . സഞ്ചാര മാര്‍ഗം കണ്ടുപിടിക്കുന്നതിനായി അധികൃതര്‍ ആമകള്‍ക്ക്‌ ടാഗ് കെട്ടി പരീക്ഷിച്ചിട്ടുണ്ട് . പലതിനേയും ഒന്നുരണ്ടാഴ്ചകള്‍ക്കകം ഓസ്ട്രേലിയയില്‍ തിരിച്ച്ചരിഞ്ഞതായി പറഞ്ഞുകേട്ടിട്ടുണ്ട് . എന്തായാലും പ്രകൃതിയുടെ ഈ പ്രതിഭാസം ഏറെ അത്ഭുതം തന്നെയാണ്
 ഗുഡ്‌ മോര്‍ണിംഗ് പറഞ്ഞു രാവിലെ ഇംഗ്ളീഷു പറയാനെത്തുന്ന എഴുപത്തഞ്ചുകാരന്‍ മുഹമ്മദ്‌  അലി അരനൂറ്റാണ്ട് മുന്‍പ്‌ ബ്രിട്ടിഷ് വിമാനത്താവളത്തിന്റെ ഗേറ്റ്  കാവല്‍ക്കാരനായി ജോലിയില്‍ പ്രവേശിച്ചതു മുതലുള്ള ചരിത്രം എനിക്ക് കാണാപ്പാഠമായിരിക്കുന്നു.  ആ സൗഹൃദം എനിക്ക് ചുറ്റിക, സ്ക്രൂഡ്രൈവര്‍ തുടങ്ങി വിവിധ പണിയായുധങ്ങളുടെതുള്‍പ്പടെ പല    അറബി വാക്കുകളും  മനസ്സിലാക്കിത്തന്നു.
റാസല്‍ ഹദിലെ മലകള്‍ക്ക്‌ ഇടയിയിലേക്ക് കയറിക്കിടക്കുന്ന കടലിദുക്കുകളിലൂടെ എന്നെ ബോട്ടുയാത്രക്ക് കൊണ്ടുപോയിരുന്ന മജീദ്‌ ഒമാനിലെ സുല്‍താന്‍ ഖാബൂസ്‌ സര്‍വകലാശാല യിലെ ആ നാട്ടില്‍ നിന്നുള്ള ഏക വിദ്യാര്‍ഥിയായിരുന്നു.

താക്കോല്‍ വിസ്മയം..!

ആ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു എന്‍റെ വണ്ടിയുടെ താക്കോല്‍ വിസ്മയം.  അതോരത്ഭുതമായിരുന്നു . മെഴ്സിഡസ് പിക്കപ്പായിരുന്നു ഞാന്‍ ഉപയോഗിച്ചിരുന്നത് .മല്‍സ്യ ബന്ധന തൊഴിലാളികളില്‍ നിന്നും ടൂണാ,നെന്മീന്‍ മല്‍സ്യങ്ങള്‍ ശേഖരിച്ച് വിദേശങ്ങളിലേക്ക് കയറി അയക്കുന്ന സ്ഥാപനത്തിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത് . വാങ്ങിയ മല്‍സ്യങ്ങള്‍ 20 ടണ്‍ കൊള്ളുന്ന ശീതീകരണ വണ്ടിയില്‍ ശേഖരിച്ച് മസ്കടിലെക്ക് അയക്കുന്ന ഉത്തര വാദിത്വമായിരുന്നു എന്റേത് . അന്നു വന്ന വണ്ടി നിറയാനായി അടുത്ത ദിവസം കൂടി കിടക്കേണ്ടി  വന്നു. ഫ്രീസര്‍ പ്രവര്ത്തിപ്പിച്ച  ശേഷം ട്രക്ക് പൂട്ടി താക്കോല്‍ എന്റെ വണ്ടിയില്‍ വച്ചു . താക്കൊലിനോറൊപ്പം ഒരു വളയമായിരുന്നു  കീ ചെയിന്‍. സൌകര്യത്തിനുവേണ്ടി  ഞാനത്‌ എന്‍റെ വണ്ടിയുടെ എയര്‍ കണ്ടീഷനരിന്റെ കാറ്റ് വരുന്ന ഗ്രില്ലില്‍ വച്ചു. ഓളം വെട്ടുന്ന മണല്‍ വഴിയിലൂടെയുള്ള യാത്രയുടെ കുലുക്കത്തില്‍ ആ താക്കോല്‍ അഴികള്‍ക്കിടയിലൂടെ ഉള്ളിലേക്ക് വീണുപോയി. പകരം താക്കോല്‍ മസ്കടിലുള്ള ഓഫീസിലാണ് , അശ്രദ്ധ എന്‍റെതായതിനാല്‍ അവിടെ പറയാനും മേല, അറിയിച്ചാല്‍ തന്നെ വാരാന്ത അവധിയായതിനാല്‍ അടുത്ത രണ്ടു ദിവസത്തേക്ക് ഒന്നും ചെയാനാവുമായിരുന്നില്ല . ഫ്രീസറില്‍ ഉള്ള 20 ടണ്ണോളം മല്‍സ്യം ചീഞ്ഞുപോകുന്നതോടൊപ്പം അതിന്റെ വില ഞാന്‍ വഹിക്കെണ്ടിയും വരും. ഒരു വര്‍ക്ക്‌  ഷോപ്പ് പോലുമില്ലാത്ത്ത ആ കുഗ്രാമത്തില്‍ എന്തുചെയ്യണ മെന്നറിയാതെ ഞാന്‍ കുഴങ്ങി. ഏസി യുടെ പൈപ്പിലൂടെ കംപ്രസ്സരില്‍ വരെ എത്താവുന്ന താക്കോല്‍ വെളിയിലെടുക്കണമെങ്കില്‍ എന്‍ജിന്‍ ഇളക്കി ഏ സി പൈപ്പ്‌ പൊട്ടിക്കണം. മെഴ്ദീസ് കമ്പനിയിലേ അത് ചെയ്യുവാന്‍ സാധിക്കൂ. അല്ലാതെ അതിനോന്നുമുള്ള സംവിധാനങ്ങളോ സാമഗ്രികളോ പണിയറിയാവുന്നവരോ  റാസല്‍ ഹദിലോ അടുത്തുള്ള സൂറിലോ ലഭ്യമല്ല. സമീപ ദേശത്തെങ്ങാനും  ഒരു വര്‍ക്ക്ഷോപ്പ്‌ കണ്ടുപിടികാനുള്ള തിരച്ചിലില്‍ എനിക്ക് ഒരു കടല്‍ ജല ശുദ്ധീകരണശാല കുറച്ചകലെയുള്ള ഒരു ഗ്രാമപ്രദേശത്തുള്ളതായി അറിവുകിട്ടി. ഒട്ടും സമയം കളയാതെ അങ്ങോട്ട്‌ വച്ചു പിടിച്ചു. ഒറ്റപ്പെട്ട ഒരു സ്ഥാലത്ത് എന്തിന്റെയൊക്കെയോ ഒരു വര്‍ക്ക്ഷോപ്പ്‌ ആണത്. നേരെ പണിപ്പുരയിലെ ത്തി. ഒരു പാകിസ്ഥാനി ഹെല്‍പ്പര്‍ മാത്രമാനവിടുണ്ടായിരുന്നത്. പണിസാമാഗ്രികളെപ്പറ്റി പ്പോലും ആവശ്യത്തിനു വിവരമില്ലാതിരുന്ന ആ മാന്യദേഹം എന്റെ പ്രതിസന്ധി പക്ഷെ മനസ്സിലാക്കി. എന്നാല്‍ എന്ത് ചെയ്യണമെന്ന് ഒരുപിടിയുമില്ലാതിരുന്നു.ഞങ്ങള്‍ വിവിധ സാധ്യതകളെപ്പറ്റി കൂലംകക്ഷമായി ചര്‍ച്ച ചെയ്തു.ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ അവിടെ അഴിച്ച്ചിട്ടിരിക്കുന്ന ഒരു സ്പീക്കര്‍ എന്റെ ശ്രദ്ധയില്‍ പെട്ട്.അതിനുള്ളിലെ ഒരു ചെറിയ വളഞ്ഞ ഇരുമ്പുപാളി ഞാനെടുത്തു. അത് കാന്തമാണന്ന് അയാള്‍ പറഞ്ഞു. എന്റെഉള്ളില്‍ ലഡു പൊട്ടി! ഞാനതെടുത്ത് എന്റെ വണ്ടിയിലെക്കൊടി.  എ സിയുടെ ഗ്രില്ലിലൂടെ ഉള്ളിലേക്ക് അത് കടക്കുമോ എന്ന് നോക്കി. കറക്റ്റ്‌..പാകം ! ഒരു നൂല്‍ കമ്പിയില്‍ അത് ശരിക്ക് കെട്ടിത്തരുവാന്‍ പാകിസ്ഥാനിയോടു പറഞ്ഞു. അവനത് നന്നായി ചെയ്തു തന്നു. വളരെ ശ്രദ്ധയോടെ ആ കാന്തത്തിന്റെ കഷണം ഞാന്‍ ഗ്രില്ലി ലൂടെ ഉള്ളിലേക്ക്‌  ഇറക്കി. കുറെ താഴ്ന്നു ചെന്നപ്പോള്‍ എന്തിലോ തട്ടുന്നപോലെ ..ഏറെ ശ്രദ്ധയോടെ നൂല്‍ കമ്പി മുകളിലേക്ക് വലിച്ചു. എന്‍റെ അതി ശയമോ സന്തോഷമോ പറഞ്ഞരിയിക്കാവതായിരുന്നില്ല ! താക്കോല്‍ വലയം കാന്തത്തില്‍ ഒട്ടിയിരിക്കുന്നു. ആദ്യം ചെയ്തത് ആ വളയവും എസി യുടെ ഗ്രില്ലും തമ്മില്‍ നൂല്‍ കമ്പികൊണ്ട് ബന്ധിച്ചു നിര്‍ത്തുകയായിരുന്നു. അഴികല്‍ക്കിരുപുരവുമായെങ്കിലും അതെന്റെ കൈയെത്തുദൂരത്തെത്ത്തിയ ആശ്വാസം പറഞ്ഞരിയിക്കാവതല്ലായിരുന്നു. ഒരു ചവണയും കുറച്ചു കമ്പി കഷണങ്ങളുമുപയോഗിച്ച്ച് അവനെ ഞാനിപ്പുറത്താക്കി...!കമ്പനിക്കാരറി ഞ്ഞുമില്ല, എസി പൈപ്പ്‌ പോളിച്ച്ചുമില്ല ..ഏതു ശക്തിയാണ് എന്നെ അവിടെ എത്തിച്ച്ചതെന്നോ ആ കാന്തം എന്‍റെ ശ്രദ്ധയെ പിടിച്ചു നിര്ത്തിയതെന്നോ ഇനിയും വിശ ദീകരണ മില്ലാത്ത സമസ്യയായി അവശേഷിക്ക ട്ടെ.






സന്ദര്സകര്‍ക്ക് പാസ്‌

ഇംഗ്ലീഷ്‌ പറയുന്ന അഹമ്മദ്‌ ഹസന്‍
സര്‍വകലാശാല വിദ്യാര്‍ത്ഥി 
വണ്ടിയുടെ താക്കോല്‍ തിരിച്ചെടുത്തത്
വഴിതെറ്റി അല്‍ അഷ്കരയില്‍  ചെന്നത്