Friday, June 13, 2008

ചമ്പക്കുളം മൂലം വള്ളംകളി - കേരളത്തിലെ ജലമാമാങ്കങ്ങളുടെ കേളികൊട്ട് - ജൂൺ 19ന്

മലയാളക്കരയുടെ വേറിട്ടുനിൽക്കുന്ന ആഘോഷമാണ് വള്ളംകളി. ലോകത്തിൽ തന്നെ ഒരു ടീമില്‍ ഇത്രയേറെ അംഗങ്ങൾ പങ്കെടുക്കുന്ന മറ്റൊരു കായിക മത്സരമില്ല തന്നെ. കൈത്തഴക്കവും മെയ്ക്കരുത്തും ഒരുപോലെ സംയോജിപ്പിച്ചുള്ള ശക്തിപരീക്ഷണത്തിന്റ മത്സരമാണിത്. തൊണ്ണൂറോളം തുഴച്ചിൽക്കാരും പത്ത് നിലയാളും നാലോ അഞ്ചോ അമരക്കാരും ചേർന്ന തുഴച്ചിൽ സംഘത്തിന്റെ സർവ്വകരുത്തും ആവാഹിച്ചു കുതിക്കുന്ന ഇരുപതോളം ചൂണ്ടൻ വള്ളങ്ങളുടെ നാടാണ് കേരളം. മിഥുന മാസത്തിലെ മൂലം നാളിൽ ആരംഭിക്കുന്ന ചമ്പക്കുളം വള്ളംകളിയോടെയാണ് കേരളത്തിലെ വള്ളംകളികാലത്തിന് തുടക്കമാകുന്നത്
ചമ്പക്കുളം മൂലം വള്ളംകളി
better view in large size


എന്നാൽ മറ്റു മത്സരങ്ങളെപ്പോലെ ആഘോഷത്തിന്റെ മാത്രമായുള്ള മത്സരമല്ല ചമ്പക്കുളത്തേത്, മറിച്ച് ഒരു ആചാരത്തിന്റേയും ചരിത്രത്തിന്റെയും പിന്തുടർച്ചയുള്ള പാരമ്പര്യം വിളിച്ചോതുന്നതും കൂടിയാണ് ജലരാജാക്കന്മാരുടെ ഈ അങ്കം.
ഇപ്പോഴത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾ ചേർന്ന ഭാഗം പതിനേഴാം നൂറ്റാണ്ടുവരെ ചെമ്പകശ്ശേരി രാജ്യം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തലസ്ഥാനം അമ്പലപ്പുഴ. ഭരിച്ചിരുന്നത് ‘ദേവനാരായണൻ’ എന്ന സ്ഥാനപ്പേരുള്ള ചെമ്പകശ്ശേരി രാജാവ്.

കോട്ടയം കുടമാളൂർ ചെമ്പകശേരി ഇല്ലത്തെ ബ്രാഹ്മണ ബാലൻ കർമ്മം കൊണ്ട് ക്ഷത്രിയനായി അമ്പലപ്പുഴ രാജ്യം ഭരിച്ചു. ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള കൊട്ടാരമായിരുന്നു രാജധാനി. മുപ്പതിനായിരത്തോളം കുടുംബങ്ങളുണ്ടായിരുന്ന ചെമ്പകശ്ശേരി രാജ്യത്തിന്റെ സേനാ നായകന്മാരായി ചമ്പക്കുളം വെള്ളൂർ കേരളൻ വാസുദേവൻ എന്ന സ്ഥാനപ്പേരുള്ള വെള്ളൂർ കുറുപ്പ്, നെടുമുടി മാത്തൂർ പണിക്കർ എന്നിവരായിരുന്നു.

അമ്പലപ്പുഴ മഹാക്ഷേത്രം പണികഴിപ്പിച്ച് വിഗ്രഹം പ്രതിഷ്ടിക്കാനായി തമ്പുരാന്റെ തന്ത്രിയായിരുന്ന കുടമാളൂർ കുറ്റിയക്കോൽ നമ്പൂതിരി വിഗ്രഹം കൊണ്ടുവന്നപ്പോൾ പൂജാരിയായിരുന്ന അമ്പലപ്പുഴ പുതുമന നമ്പൂതിരി, വിഗ്രഹത്തിൽ തവളയുണ്ടന്നും പ്രതിഷ്ടിക്കാൻ യോഗ്യമല്ലന്നും പറഞ്ഞു. അന്നു മുതൽ പുതുമനയ്ക്ക് തന്ത്രം കൊടുപ്പിച്ച് തന്ത്രിയായി അവരോധിച്ചു. ചങ്ങനാശ്ശേരിക്കു വടക്കുള്ള കുറിച്ചി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹം ലക്ഷണയുക്തമാണന്ന് തിരിച്ചറിഞ്ഞ തമ്പുരാന്റെ ആൾക്കാർ ചെന്നു ചോദിച്ചപ്പോൾ മനസില്ലാ മനസ്സോടെ വിഗ്രങ്ങൾ നൽകി. അതല്ല ബലപ്രയോഗത്തിലൂടെയോ മോഷ്ടിച്ചോ എടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. (എന്നാൽ അങ്ങിനെ കൊണ്ടുവന്നതാണങ്കിൽ പ്രതിഷ്ടയ്ക്ക് യോഗ്യമായിരിക്കില്ലന്നും അതുകൊണ്ട് അർദ്ധമനസ്സോടെ കുറിച്ചിക്കാർ നൽകിയതാണ് ശരി എന്ന് ഈ വിഷയത്തിൽ ഗവേഷണം നടത്തിയ അശ്വതി തിരുനാൾ സാവിത്രീഭായിത്തമ്പുരാട്ടിയുടെ കുറിപ്പിലുണ്ട്.)
കൊമ്പു-കുഴൽ വാദ്യങ്ങൾ മുഴക്കി ജയഭേരിയോടു കൂടി കുറിച്ചിയിൽ നിന്നും ലഭിച്ച ശ്രീകൃഷ്ന വിഗ്രഹം വള്ളത്തിൽ എടുത്തു വച്ച് വഞ്ചിപ്പാട്ടിന്റേയും വാദ്യഘോഷങ്ങളുടേയും അകമ്പറ്റിയോടെ അമ്പലപ്പുഴക്കു തിരിച്ചു. രാത്രിയായതിനാൽ ചമ്പക്കുളത്തു വന്നപ്പോൾ നദിയുടെ തെക്കുഭാഗത്തുള്ള മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ എടുത്തു വച്ചു. പിറ്റേന്ന് അതിരാവിലെ നാനാ ജാതിമതസ്ഥരുടെ അകമ്പോടുകൂടി അമ്പലപ്പുഴ ക്ഷേത്രത്തിലേക്കു തിരിച്ച ജലഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയത് ചമ്പക്കുളത്തെ പ്രമുഖ കാത്തോലിക്കാ കുടുംബമായ മാപ്പിളശേരി തറവാട്ടുകാരായിരുന്നു. തങ്ങളുടെ ഹൈന്ദവ പാരമ്പര്യത്തിന്റെ പിന്തുടർച്ചയായുള്ള ആചാരാനുഷ്ടാനങ്ങൾ ഇന്നും അഭിമാനത്തോടുകൂടി പരിപാലിച്ചു വരുന്ന സാത്വിക കുടുംബക്കാരാണ് മാപ്പിളശേരിക്കാർ. ഇടിത്തീയിൽ നിന്നു ലഭിച്ച തീനാളം ഇന്നും മാപ്പിളശേരി തറവാട്ടിലെ നിലവറയിൽ കിടാവിളക്കായി കാത്തു സൂക്ഷിക്കുന്നുണ്ട്. ചമ്പക്കുളം വള്ളംകളിയിൽ ഈ കുടുംബത്തിനും കല്ലൂര്‍കാട് ഫെറോനാ ദേവാലയത്തിനും ഏറെ പ്രാധാന്യമാണുള്ളത്.
ചമ്പക്കുളം പള്ളി
ചമ്പക്കുളം കല്ലൂര്‍കാട് ഫെറോനാ ദേവാലയം

ചമ്പക്കുളം കല്ലൂര്‍കാട് ഫെറോനാ ദേവാലയം


ഏറെയും തടികൊണ്ടുള്ള പണികളാ‍ണ് ഈ ദേവാലയത്തിന്റെ പ്രതേകത. ഇതിനാവശ്യമായ സ്ഥലവും തടിയും ചെമ്പകശേരി രാജാവു നല്‍കിയതാണ് എന്നു പറയപ്പെടുന്നു. ആ സഹകരണത്തിന്റെ പിന്‍‌തുടര്‍ച്ചയവണം ഇന്നും എല്ലാവര്‍ഷവും ചമ്പക്കുളം ജലോത്സവത്തിന് ആരംഭം കുറിക്കുന്നത് കല്ലൂര്‍ക്കാട് പള്ളിയില്‍ നിന്നും കൊണ്ടുവരുന്ന കൊടിയുമുയര്‍ത്തി, വെടിയും ( കതിന) യും മുഴങ്ങുന്നതോടെയാണ്. ഇതൊക്കെ മലയാള നാട്ടില്‍ എന്നും സംരക്ഷിക്കപ്പെടേണ്ട - മതമൈത്രി എന്ന ഒറ്റവാക്കിനേക്കാളുപരി - മഹത്തായ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ തന്നെയാണ്.

vallamkali


better view in large size

അമ്പലപ്പുഴ ക്ഷേത്രക്കടവിൽ എത്തിയ വിഗ്രഹം കടിയക്കോൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുതുമന നമ്പൂതിരി ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചു. മിഥുന മാസത്തിലെ മൂലം നക്ഷത്രത്തിൽ നടന്ന ഈ പ്രതിഷ്ടാകർമ്മത്തിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും അതേ ദിവസം ചമ്പക്കുളത്തു നടന്നു വരുന്ന വള്ളംകളി.
ക്രമേണ ഈ വള്ളം കളിക്ക് മത്സര സ്വഭാവം കൈവന്നു. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ഓടി,ചുരുളൻ തുടങ്ങിയ വിവിധതരം മത്സര വള്ളങ്ങളാനുള്ളത്. അഴകും വലിപ്പവും വേഗതയും ആളെണ്ണവും കൊണ്ട് മുമ്പന്തിയിൽ നില്ക്കുന്നത് ചുണ്ടൻ വള്ളങ്ങളാണ്. വിജയിയാകുന്ന വള്ളത്തിന് രാജാവിന്റെ ഓർമ്മക്കായി നൽകുന്ന രാജപ്രമുഖൻ ട്രോഫി ലഭിക്കും. വള്ളംകളി പ്രേമികളുടെ ആവേശങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട് തുടർന്നു വരുന്ന പുന്നമടക്കായലിലെ നെഹ്രുട്രോഫി, തിരുവോണനാളിലെ നീരേറ്റുപുറം വള്ളംകളി, മാന്നാർ മഹാത്മാ, മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പായിപ്പാട് വള്ളംകളി, കുമരകം, എറണാകുളത്തെ ഇന്ദിരാഗാന്ധി ബോട്ട് റേസ്, ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളംകളി തുടങ്ങി അനവധി ജലമാമാങ്കങ്ങൾക്കുള്ള കേളികൊട്ടാണ് ജൂൺ 19ന് ചമ്പക്കുളത്തു നടക്കുന്നത്

KERALA CLICKS | കേരള ക്ലിക്സ് Kerala_Clicks