Monday, March 11, 2013

കൽക്കണ്ടം കായ്ക്കുന്ന മരക്കാടുകൾ


കൽക്കണ്ടം കായ്ക്കുന്ന മരക്കാടുകൾ


തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.  
അവധിക്കാലത്ത് നാട്ടിൽ ചെല്ലുമ്പോഴുള്ള പ്രധാന അജണ്ടകൾ, കോട്ടയം ഡി സി യിലും എൻ ബി എസ്സിലും കറങ്ങി പുസ്തകങ്ങൾ വാങ്ങുക, യോജിച്ചവ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നല്‍കുക എന്നിവയാണ്.  ആദ്യം സ്കൂൾ ഓഫ് ലെറ്റേഴിൽ ചെന്ന് ഡി വിനയചന്ദ്രൻ സാറിനെ കണ്ട് ഒപ്പം കൂട്ടിയാണ് യാത്ര. പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് സാറാണ്‌ നടത്തുക. ഓരോ ചുവടിലും ഒത്തുവരാത്ത കണക്കും പിരിമുറുക്കവുമായി മരുഭൂമിയിൽ ചുറ്റിത്തിരിയുന്നതിനിടയിൽ സാഹിത്യ ത്തിന്റെയും ഭാഷയുടെയും നനവും കാലികതയും നിലനിർത്തിയിരുന്ന ജൈവസാന്നിദ്ധ്യമായിരുന്നു വിനയചന്ദ്രൻ സാർ.  അദ്ദേഹത്തിന്റെ കൂട്ട് നൂറു നൂറു പേരറിയാ ചുഴലികൾ അലറുന്ന മനസ്സെന്ന മരുഭൂമിയിലെ അപൂർവമായ ഒരു മരുപ്പച്ച.

പുസ്തകങ്ങൾ വാങ്ങാൻ ഒപ്പം സുഹൃത്തായ രാജേഷുമുണ്ടാവും. രാജേഷ് അന്ന് ഡി സി യിലെ പബ്ളിക്കേഷന്‍ മാനേജരാണ്. പിന്നീട് സ്വന്തമായി റയിന്‍ബോ ബുക്സ് എന്ന് പ്രസാധകശാല തുടങ്ങി, വലിയ മല്‍സ്യങ്ങളോട് പിടിച്ചു നില്‍ക്കാനുള്ള ശേഷിയില്ലാതെ തകര്‍ന്ന് , രണ്ടു വര്‍ഷം മുന്‍പ് അസുഖബാധിതനായി മണ്മറയുകയും ചെയ്തു. രാജേഷിനെ വിനയചന്ദ്രൻ സാറാണ്‌ പരിചയപ്പെടു ത്തിത്തന്നത്. കോട്ടയത്തേക്കു പോകും മുന്‍പ് നമുക്ക് വീട്ടിൽ പോയി വരാം എന്ന സാറിന്റെ ക്ഷണം സ്വീകരിച്ച് അരമതിലും തിണ്ണയുമൊക്കെയുള്ള ആ രണ്ടുമുറി വീട്ടിലെത്തിയ ഞങ്ങള്‍ക്ക് അദ്ദേഹം തന്റെ പുസ്തകക്കാടുകളിൽ ഒളിപ്പിച്ചുവച്ച പൊതിയെടുത്ത് കൈനിറയെ കല്‍ക്കണ്ടം തന്നാണ്‌ സ്വീകരിച്ചത്. പിന്നീട് എല്ലാ അവധിക്കാലത്തും ഞങ്ങളോടൊപ്പം രണ്ടു ദിവസം നീരേറ്റുപുറത്ത് ചെലവഴിക്കുമായിരുന്നു. ഗോപാലന്‍ നായർ എന്ന ഗോപിസാറായിരുന്നു പ്രചോദനം. തകഴിയുടെ സുഹൃത്തും പണ്ഡിതനുമായിരുന്ന അദ്ദേഹത്തെ കേള്‍ക്കുവാൻ സാറിന്‌ പ്രത്യേക താത്പര്യമുണ്ടായിരുന്നു.
 സമീപഭൂതകാലത്തെ മലയാള സാഹിത്യസംബന്ധിയായ കഥകളും വിവരങ്ങളും അദ്ദേഹം പറഞ്ഞിരിക്കും. വിനയചന്ദ്രൻ സാറിന് താത്പര്യം തോന്നാൻ കാരണം  കഥകളി സംബന്ധമായ വിഷയങ്ങളിൽ ഗോപിസാറിനുണ്ടായിരുന്ന അറിവായിരുന്നു എന്നു തന്നെ പറയാം. സാറിന്റെ സംശയങ്ങളെയും വാദങ്ങളെയും കാര്യകാരണ സഹിതം ഉദാഹരണങ്ങളും ഉദ്ധരണികളുമായി ഗോപിസാർ വിശദീകരിക്കുമ്പോൾ വിനയചന്ദ്രൻ സാറിലെ വിനീതനായ ശിഷ്യഭാവം പുനര്‍ജ്ജനിക്കുന്നത് കാണാമായിരുന്നു. രാവുകൾ മറയുന്നതറിയാതെയെത്തിയ അത്തരമൊരു പുലരിയിൽ  ഈ ഓര്‍മ്മകളെ അക്ഷരരൂപത്തിലാക്കി സൂക്ഷിക്കണം, താങ്കളുടെ മനസ്സിൽ തോന്നുന്നതെന്തായാലും അതൊന്ന് ഇതിൽ കുറിച്ചിടണം എന്നാവശ്യപ്പെട്ട് ഒരു ബുക്ക് നല്‍കി. ഗോപിസാറിൽ നിന്നു കിട്ടിയ വിവരങ്ങളെ കുങ്കുമം വാരികയിൽ അന്ന് സാർ എഴുതിയിരുന്ന പ്രതിവാര പംക്തിയിലൂടെ പലപ്പോഴും പ്രകാശിപ്പിച്ചിരുന്നു. ഇന്ന് രണ്ടുപേരും ഓര്‍മ്മകളുടേതായ ലോകത്തിലേക്ക് പിന്‍ വാങ്ങിയിരിക്കുന്നു.
ഏകാന്തതയുടെ ശൂന്യതയെ തന്റേതായ അത്മീയതകൊണ്ട് നിറച്ചാണ് ബഷീർ നമൂടെ കാലത്തിന്റെ മതാന്ധതയ്ക്ക് മരുന്നായത്. വിനയചന്ദ്രൻ സാറിന്റെ ആത്മീയമായ ചായ്‌വ് വ്യക്തിപരമായ ഏകാന്തതയ്ക്കപ്പുറം തികഞ്ഞ കാൽപ്പനികതയുമായി ചാർച്ചയുള്ളതാണ്. ക്ഷേത്രങ്ങളിൽ കവി ഭൂതകാലങ്ങളെ തേടുകയായിരുന്നു. അത് പ്രഭാവാതിശയത്തിന്റെ യായിരുന്നുവെന്ന ധാരനയൊന്നും കൂടാതെ തന്നെ. ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിനടുത്തുള്ള വ്യാസപുരം ക്ഷേത്രത്തിലും വിനയചന്ദ്രന്‍സാർ ഇടയ്ക്കിടയ്ക്ക് സന്ദർശിക്കും. വേദവ്യാസന്‌ മറ്റൊരിടത്തും ആരാധനാലയമില്ല എന്ന് സാറു പറഞ്ഞാണ്‌ അറിഞ്ഞത്. ഒരിക്കൽ മക്കളേയും കൂട്ടി പനച്ചിക്കാവ് ദേവീക്ഷേത്രത്തിൽ പോയി അവരെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച് ' സരസ്വതീ നഭസ്തുഭ്യം വരദേ കാമരൂപിണീ ' എന്നു തുടങ്ങുന്ന ശ്ലോകം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു.
ഒമാനിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കള്‍ചചറൽ സെന്ററിന്റെ സാഹിത്യപുരസ്കാരം വിനയചന്ദ്രന്‍സാറിനു ലഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റെന്തോ സംസാരിച്ചിരുന്ന കൂട്ടത്തിൽ പെട്ടന്നു വന്ന ഒരോര്‍മ്മയായി സാർ ആ പുരസ്കാരത്തുകയുടെ ഡ്രാഫ്റ്റ് കാട്ടിക്കൊണ്ടു പറഞ്ഞു ഇതു ബാങ്കിൽ കൊടുത്തപ്പോൾ തീയതി കഴിഞ്ഞു എന്നു പറഞ്ഞ് മടക്കിത്തന്നു, എന്താ ചെയ്യാന്‍ പറ്റുക എന്ന് ! അടുത്തൂൺ പിരിഞ്ഞതിനുശേഷം വര്‍ഷങ്ങളായിട്ടും അദ്ദേഹം തന്റെ ആനുകൂല്യങ്ങൾ  പറ്റിയിരുന്നില്ല അത്രേ. ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെക്കുറിച്ച് കലവറയില്ലാതെ വാചാലനാകുന്ന സാറിന് അതിന്റെ ഭാഗമായുള്ള വിധേയത്വങ്ങൾ അപരിചിതമായതാവാം കാരണം.  കാക്കക്കൂട്ടത്തിന്റെ മുഷ്കിനോടാണ് സർക്കാർ ഉദ്യോഗസ്ഥരുടെ അടിത്തറയില്ലാത്ത ഢംഭിനെ സാറ് താരതമ്യം ചെയ്തത്. അടുത്തകാലത്ത് ശിഷ്യരിൽ ആരോ മുൻ കൈയെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ ശരിയാക്കിക്കൊടുത്തതായി കേട്ടിരുന്നു.

ഒമാനിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവന്നിരുന്ന മലയാളം പ്രശ്നോത്തരിക്ക് ഒരു പുതുജീവനേകാനുള്ള സംഘാടകരുടെ താല്പര്യമായിരുന്നു  പ്രൊ. ഡി വിനയചന്ദ്രന്‍ സാറിനെ കൊണ്ടുവരിക എന്നത്. അതിനായി അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ അടുത്തയാഴ്ച സാർ മസ്കറ്റിലേക്കുവരണം എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഒമാനിലെത്തിയതിനുശേഷം ആവശ്യം അറിയിച്ചപ്പോൾ ഏതെങ്കിലും സാഹിത്യ ചര്‍ച്ചക്കായിരിക്കും എന്നാണ്‌ കരുതിയത് എന്നു പറഞ്ഞു. മലയാളവുമായി അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന വിദേശത്തെ മലയാളിക്കുട്ടികൾക്ക് ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും അടുത്തറിയാൻ കിട്ടുന്ന ഒരു സന്ദർഭം കൂടിയാണ് വാർഷികപ്രശ്നോത്തരികൾ എന്നറിഞ്ഞപ്പോൾ സാർ ഉൽസാഹിയായി. പിന്നീട് കുട്ടികൾക്കിടയിൽ അവരിലൊരാളായി നിറഞ്ഞു നിൽക്കുന്ന ഒരാളായിട്ടാണ് കവിയെ കാണുന്നത്. ആരവങ്ങളെ ' ആക്കൊമ്പത്തമ്മാനം ഈക്കൊമ്പത്തമ്മാനം' എന്ന നാടന്‍ ശീലിലൂടെ ഇളം മനസ്സുകൾ അമ്മാനമാടി. ഒമാനിലെ എല്ലാ ഇന്ത്യന്‍ സ്കൂളില്‍നിന്നുമുള്ള പ്രാതിനിധ്യമുണ്ടായിരുന്ന നിറഞ്ഞ സദസ്സിന് പുതിയ അനുഭവമായിരുന്നു അത്. ആവർത്തനവിരസമായ ചോദ്യങ്ങളും മുദ്രാഗീതങ്ങളും കൊണ്ട് മനം മടുത്ത മനസ്സുകൾ ‘അമ്മയും അറിവും  നമ്മുടെ മലയാളമാവുന്നതെങ്ങനെയെന്ന്’  തിരിച്ചറിഞ്ഞു. ഇലകൾ കൊഴിയുന്ന പഴുതിൽ മനം നിറഞ്ഞ്  അവർ ചാഞ്ചാടി. എന്റെ ചോദ്യങ്ങൾ മനസ്സിലുണ്ട് കടലാസ്സിലാക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞാണ് അത്തവണത്തെ മലയാളം പ്രശ്നോത്തരി അദ്ദേഹം അവിസ്മരണീയമാക്കിയത്.
കാടുകളും മലകളും പോലെതന്നെ സാറിന്‌ ആവേശകരമായിരുന്നു മരുഭൂമിയാത്രകളും. ഒമാനിലെ മരുത്താവളമായ വഹൈബാസാന്‍ഡ്സിൽ ചിലവഴിച്ച രാത്രി അവിസ്മരണീയമായിരുന്നു. സുഹൃത്തായ ഗഫൂറുമൊന്നിച്ച് മഞ്ഞിൽ തണുത്ത ആ മരുമണലിൽ മലര്‍ന്നുകിടന്ന് ആകാശത്തെ നോക്കുകയും നക്ഷത്രവ്യൂഹങ്ങളെ പേരുപറഞ്ഞുതന്ന് പരിചയപ്പെടുത്തുകയും നിലയും രാശികളും വിശദീകരിച്ചുതരികയും ചെയ്തപ്പോൾ കവി പ്രകൃതി നിരീക്ഷകനായിരിക്കുന്നതിന്റെ വരപ്രസാദം പകരുകയായിരുന്നു. വിദേശികളും സ്വദേശികളുമായി അവിടെയുണ്ടായിരുന്ന എല്ലാവരുടേയും ശ്രദ്ധയും അറബികളും കാപ്പിരികളും വെള്ളക്കാരുമടങ്ങിയ ആ കൂട്ടായ്മയുടെ മൊത്തം ആദരം പിടിച്ചുപറ്റുകയും അവരുടെ ആഗ്രഹമനുസരിച്ച് അവരോടൊപ്പം അവിടെയൊരുക്കിയ അഗ്നികുണ്ഡത്തിന്‌ ചുറ്റും തനിമലയാള  നാടന്‍ പാട്ടുകളുമായി ചുവടുകൾ വയ്ക്കുകയും ചെയ്തപ്പോൾ ഒരു ലോകസമൂഹത്തിലേക്ക് നമ്മൂടെ നാടന്‍ ശീലുകളെ എങ്ങനെ ലളിതമായി കാട്ടിക്കൊടുക്കാം എന്ന വിശ്വാസം കൂടിയായിരുന്നു അദ്ദേഹം കാട്ടിത്തന്നത്. ഹൃദയസംവാദമെന്നത് ഏട്ടിലെ പശുവല്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. കവികൾ എപ്പോഴും വിശ്വപൗരന്മാരാണ്.
കടമ്മനിട്ടയുടെ വിയോഗം സാറിനെ ഏറെ വേദനിപ്പിച്ചിരുന്നു. അടക്കം കാണാനുള്ള മനക്കരുത്തില്ലാതെ അദ്ദേഹം അവിടെ നിന്നും മടങ്ങുകയായിരുന്നു. സഞ്ചയനത്തിന്‌ എന്നോടൊപ്പം വരാമെന്നുപറഞ്ഞതുകൊണ്ട് ഞങ്ങൾ ഒന്നിച്ചാണ്‌ പോയത്. ശാന്തച്ചേച്ചിയുടേയും ഗീതാകൃഷ്ണന്റേയും മാത്രമായിരുന്നില്ലല്ലോ ആ വിയോഗം. ഡിസംബർ 24 -ന്‌ വീട്ടിലെ സ്വകാര്യ ചടങ്ങിന്‌ തിരുവനന്തപുരത്തുനിന്നും യാത്ര ചെയ്ത് വിനയചന്ദ്രന്‍ സാർ എത്തിയപ്പോൾ കാഴ്ചയിൽ തന്നെ അദ്ദേഹത്തിന്റെ ശാരീരിക ക്ഷീണം പ്രകടമായിരുന്നു. മടങ്ങാന്‍ നേരം എനിക്കു കൊണ്ടുപോകാൻ പായസം വേണം എന്ന് ചോദിച്ചു വാങ്ങിയപ്പോൾ ആദ്യത്തെ കൂടിക്കാഴ്ചയിൽ കനിഞ്ഞു  തന്ന കല്‍ക്കണ്ടത്തിന്റെ മധുരക്കടം തിരിച്ചുവാങ്ങലായിരുന്നോ അതെന്ന് എന്ന് സംശയിച്ചു പോകുന്നു. ഓരം പറ്റിയ ഒരു യാത്ര പൂർത്തിയാവുന്നു. സംഭാഷണത്തിനിടയ്ക്ക്  'ശുദ്ധകവിജന്മം' എന്നാണ് നരേന്ദ്രപ്രസാദ് സാർ വിനയചന്ദ്രൻ സാറിനെക്കുറിച്ചൊരിക്കൽ പറഞ്ഞത്. അതു മടങ്ങി.  ഏതു സന്ദർഭത്തിലും മറിച്ചു നോക്കാമായിരുന്ന ഒരു പുസ്തകം.

ഏത് അനുസ്മരണവും എഴുതാതെ മാറ്റി വയ്ക്കുന്ന ആത്മകഥയുടെ ബാക്കിയാണ്. എത്ര ചെറിയ ഖൺഡമായാലും അത് തെരുപ്പിടിപ്പിച്ച ഒരനുഭവത്തെയും സ്വാധീനത്തെയും കുറിച്ച് വാക്കുകളില്ലാതെ സംസാരിക്കുന്നുണ്ട്. മിച്ചം ജീവിതത്തിൽ നമുക്ക് കരുതലും തണലും നൽകിയ ഒറ്റമരക്കാടുകൾ എത്രമാത്രം നിഴൽ വീശി എത്രമാത്രം നമ്മുടെ പൊള്ളലുകളെ ആറ്റുന്നു എന്നത് പങ്കുവയ്ക്കാനാവാത്ത സ്വകാര്യാനുഭവമാണ്. ‘അത് കൽപ്പാന്തത്തിലെ പ്രളയാബ്ധി പോലെ ഉള്ളിൽ തന്നെ മുഴങ്ങട്ടെ’ എന്നു വയ്ക്കുകയേ നിവൃത്തിയുള്ളൂ.
ചാവടിയന്തിരമായി എഴുതുന്ന കവിതകളെല്ലാം കോട്ടുവായയാണെന്ന് പറഞ്ഞ് നിറഞ്ഞ് ചിരിച്ച ഒരു ചിരി, അപ്പോഴും വന്ന് വേദനിപ്പിക്കുണ്ട്.